Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെ പിന്തുണച്ച് ആരാധകർ; കൊലവിളിയെന്ന് എഐവൈഎഫ്

lal-fans മോഹൻലാൽ ഫാൻസിന്റെ പ്രകടനത്തിൽനിന്ന്. ചിത്രം: ഫെയ്സ്ബുക്

കൊച്ചി∙ ‘അമ്മ’ വിവാദം കൊഴുക്കുന്നതിനിടെ പ്രസിഡന്റ് മോഹന്‍ലാലിനെ അനുകൂലിച്ച്‌ ഫാന്‍സ് അസോസിയേഷന്റെ പ്രകടനം. കൊച്ചിയിലും തിരുവനന്തപുരത്തുമാണു ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചു മോഹന്‍ലാലിനെതിരെയും രാഷ്ട്രീയ, യുവജന സംഘടനകളും മറ്റും രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണു ഫാന്‍സ് അസോസിയേഷന്റെ പ്രകടനം.

മോഹൻലാലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള പോസ്റ്ററും ഫ്ലെക്സുകളുമായാണു എറണാകുളം സവിത തിയേറ്ററിനു സമീപത്തുനിന്നു പ്രകടനം തുടങ്ങിയത്. മമ്മൂട്ടി ഫാന്‍സുകാരും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നെന്നു ലാൽ ഫാൻസ് അവകാശപ്പെട്ടു. മോഹന്‍ലാലിനെ ക്രൂശിക്കുന്നുവെന്ന് ആരോപിച്ച്‌ ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരത്തും പ്രകടനം നടത്തി. നിരവധി പേരാണു പ്രകടനങ്ങളിൽ പങ്കെടുത്തത്. ഇന്നസന്റ് രാജിവെച്ച ശേഷം മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണു ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായത്.

ലാലിന്റെ കൊച്ചിയിലെ വസതിയിലേക്കു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസും എഐവൈഎഫും കഴിഞ്ഞദിവസം ലാലിന്റെ കോലം കത്തിച്ചിരുന്നു. ഇതിന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കൊലവിളി നടത്തുകയാണെന്ന് എഐവൈഎഫ് പറഞ്ഞു. നേതാക്കള്‍ക്കെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കുകയും സമൂഹമാധ്യമത്തിലൂടെ അപമാനിക്കുകയും ചെയ്യുന്നു. ഫാന്‍സ് അസോസിയേഷന്‍ എന്ന പേരിലുള്ള ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്ക് താരങ്ങളുടെ മൗനാനുവാദവും പിന്തുണയുമുണ്ടെന്നു കരുതേണ്ടിയിരിക്കുന്നുവെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു.

related stories