Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവാസ്കർക്ക് മർദനം: എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാൻ തെളിവു പോരെന്ന്

gavaskar-sudesh-kumar പരുക്കേറ്റ ഗവാസ്കർ, എഡിജിപി സുദേഷ് കുമാർ.

തിരുവനന്തപുരം ∙ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ഡ്രൈവറെ മര്‍ദിച്ച കേസില്‍ അന്വേഷണം വൈകിപ്പിക്കാനുള്ള പൊലീസിന്റെ തന്ത്രം തുടരുന്നു. അറസ്റ്റിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു കാട്ടി ഇടക്കാല അന്വേഷണ ഫയല്‍ ഹൈക്കോടതിയില്‍ നല്‍കി. തെളിവു ശേഖരണത്തിന് കൂടുതല്‍ സമയം വേണമെന്നും കോടതിയില്‍ ആവശ്യപ്പെടും. പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ എഡിജിപിയുടെ മകൾ മര്‍ദിച്ചെന്ന പരാതി ഉയര്‍ന്നിട്ട് 16 ദിവസം കഴിഞ്ഞു. എന്നാല്‍ അറസ്റ്റടക്കമുള്ള യാതൊരു നടപടിയിലേക്കും ക്രൈംബ്രാഞ്ച് സംഘം കടന്നിട്ടില്ല.

തനിക്കെതിരായി എഡിജിപിയുടെ മകൾ നൽകിയ പരാതിയിലെടുത്ത കേസ് പിന്‍വലിക്കണമെന്ന ഗവാസ്കറുടെ ഹര്‍ജി നാലിനു ഹൈക്കോടതി പരിഗണിക്കും. ഇതിനു മുന്നോടിയായി അന്വേഷണസംഘം ഇതുവരെയുള്ള അന്വേഷണപുരോഗതി വ്യക്തമാക്കി കേസ് ഫയല്‍ കോടതിയിലേക്കു കൈമാറി. എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാന്‍ മാത്രമുള്ള തെളിവുകളായിട്ടില്ലെന്നാണ് ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദനം സ്ഥിരീകരിക്കുന്ന സാഹചര്യത്തെളിവുകളും മൊഴികളും ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെടുന്നു.

ഇതോടൊപ്പം, എഡിജിപിയുടെ മകളുടെ പരാതി വ്യാജമാണെന്നു സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടും അത് സ്ഥിരീകരിക്കാനും ക്രൈംബ്രാഞ്ച് തയാറായിട്ടില്ല. ഈ പരാതിയിലും കൂടുതല്‍ തെളിവ് ശേഖരിക്കണമെന്നാണ് ആവശ്യം. എഡിജിപിയുടെ മകളെ രക്ഷിക്കാനുള്ള  ഉന്നതതല സമ്മര്‍ദം മൂലം അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമാണിതെന്ന ആക്ഷേപം ശക്തമാണ്. കേസ് പരിഗണിക്കുമ്പോഴുള്ള കോടതിയുടെ നിലപാട് അറിഞ്ഞിട്ട് തുടര്‍ അന്വേഷണത്തിലും അറസ്റ്റിലും തീരുമാനമെടുക്കാനാണ് അന്വേഷണ സംഘത്തിന്റെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്.