Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ മുഖ്യാതിഥി: സർക്കാരിനെതിരെ ചലച്ചിത്ര അക്കാദമിയിൽ പടപ്പുറപ്പാട്

മനോജ് കടമ്പാട്
Mohanlal മോഹൻലാൽ

തിരുവനന്തപുരം ∙ സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണച്ചടങ്ങിൽ നടൻ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി ചലച്ചിത്ര അക്കാദമിയിലും ഭിന്നത രൂക്ഷം. മോഹൻലാലിന്റെ സാന്നിധ്യം എതിർക്കുന്ന അക്കാദമി ഭാരവാഹികൾ സിനിമ വകുപ്പിന്റെ ചമുതലയുള്ള മന്ത്രി എ.കെ.ബാലനെയും വെല്ലുവിളിക്കുന്നു. അദ്ദേഹമാണു മോഹൻലാലിനെ ക്ഷണിച്ചു പ്രശ്നം വഷളാക്കിയതെന്നാണ് ഇവരുടെ കുറ്റപ്പെടുത്തൽ. അതിനാലാണു മോഹൻലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയത്. ഹർജിയിൽ സിനിമയ്ക്കുള്ളിലും പുറത്തുമുള്ള 107 പേ‍ർ ഒപ്പിട്ടിട്ടുണ്ട്.

അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ, ജനറൽ കൗൺസിൽ അംഗങ്ങളായ വി.കെ.ജോസഫ്, സജിത മഠത്തിൽ, സി.എസ്.വെങ്കിടേശ്വരൻ, ജി.പി.രാമചന്ദ്രൻ, ദീദി ദാമോദരൻ, മധു ജനാർദനൻ എന്നിവർ പിണറായിക്കു നൽകിയ ഹർജിയിൽ ഒപ്പിട്ടുണ്ട്. കൗൺസിലിലെ മറ്റ് അംഗങ്ങളായ റസൂൽ പൂക്കുട്ടി, മഞ്ജു വാരിയർ, നീലൻ, സണ്ണി ജോസഫ്, പ്രദീപ് ചൊക്ലി എന്നിവർ ഇവരോടു യോജിക്കുന്നില്ല. പിണറായി വിജയനോടും എ.കെ. ബാലനോടും ഏറെ അടുപ്പമുള്ള വി.കെ.ജോസഫ് ഉൾപ്പെടെയുള്ളവർ സർക്കാർ തീരുമാനത്തിനെതിരെ തിരിഞ്ഞതു സിപിഎമ്മിലും ചർച്ചയായിട്ടുണ്ട്. അക്കാദമിയാണു പുരസ്കാരവിതരണച്ചടങ്ങു സംഘടിപ്പിക്കുന്നത്. അതിന്റെ സാരഥികൾ സർക്കാർ തീരുമാനത്തിനെതിരെ തിരിയുമ്പോൾ ഉത്തരവാദപ്പെട്ടവർക്കു മറുപടിയില്ല.

ഹർജി തയാറാക്കിയവർ അക്കാദമി ഭാരവാഹികളുടെ സഹായത്തോടെ പിന്തുണയ്ക്കുവേണ്ടി നടി മഞ്ജു വാരിയരെ സമീപിച്ചുവെങ്കിലും അവർ നിരസിച്ചുവെന്നാണു വിവരം. പുരസ്കാര ജേതാക്കളാണു വിശിഷ്ടവ്യക്തികളെന്നും മുഖ്യാതിഥിയെ കൊണ്ടുവരേണ്ടതില്ലെന്നുമാണു ഹർജിക്കാരുടെ വാദം. എന്നാൽ മോഹൻലാലിന്റെ സാന്നിധ്യത്തോടു വിയോജിപ്പുണ്ടെന്നു പുരസ്കാര ജേതാക്കളിൽ പ്രധാനപ്പെട്ടവരാരും പറഞ്ഞിട്ടില്ല. കൊച്ചിയിൽ നടിയെ അപമാനിച്ച സംഭവത്തോടെയാണു ചലച്ചിത്ര അക്കാദമിയിൽ ഏറ്റുമുട്ടലിനു തുടക്കമായത്. വനിത ഭാരവാഹികൾ നടിക്കൊപ്പം നിലപാടു സ്വീകരിച്ചപ്പോൾ അതിനെ അക്കാദമി ചെയർമാൻ കമൽ ഉൾപ്പെടെയുള്ളവർ പിന്തുണച്ചിരുന്നു. അമ്മ പ്രസിഡന്റായി മോഹൻലാലിനെ തിരഞ്ഞെടുത്തതുമുതലാണ് അക്കാദമിയിലെ ഭിന്നത രൂക്ഷമായത്.

സംഭവം നടന്നശേഷമുള്ള അമ്മയുടെ യോഗത്തിൽ നടൻ ദിലീപിനുവേണ്ടി സംസാരിച്ച ഇടതുജനപ്രതിനിധികളായ ഇന്നസെന്റ്, കെ.ബി.ഗണേഷ് കുമാർ, എം.മുകേഷ് എന്നിവർക്കെതിരെ അക്കാദമിയിലെ മോഹൻലാൽ വിരുദ്ധർ പ്രതിഷേധിക്കുന്നില്ല. അടുത്തിടെ അമ്മ പ്രസിഡന്റായ മോഹൻലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനോട് അക്കാദമി ചെയർമാൻ കൂടിയായ സംവിധായകൻ കമലിന് വിയോജിപ്പുണ്ട്. ആഭ്യന്തരയുദ്ധം അക്കാദമിയുടെ പ്രവർത്തനത്തെയും കാര്യമായി ബാധിക്കുന്നു. മേളകളിലും മറ്റും ഭാരവാഹികൾ മാധ്യമങ്ങൾക്കു മുന്നിൽ ഒറ്റക്കെട്ടാണെന്ന് ‘അഭിനയിക്കുക’യാണെന്ന് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നു.

related stories