Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിനു പ്രത്യേക റെയില്‍വേ സോണ്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

INDIA RAIL

കോട്ടയം∙ കേരളത്തിനു പ്രത്യേക റെയില്‍വേ സോണ്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് റെയില്‍വേ സോണ്‍ രൂപീകരണം സംബന്ധിച്ചു ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചുവെന്നും ഇതു പ്രായോഗികമല്ലെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയില്‍ റെയില്‍വേ സഹമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 

ഏറെ പഴക്കമുള്ള റെയില്‍വേ സോണ്‍ എന്ന കേരളത്തിന്റെ ആവശ്യത്തോടു മുൻപും കേന്ദ്രം നിഷേധാത്മകമായ നിലപാടാണു സ്വീകരിച്ചിരുന്നത്. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള ഭാഗങ്ങള്‍ മധുര ഡിവിഷനിലേക്കു മാറ്റുന്നതു സംബന്ധിച്ച് ആലോചനയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള 160 കിലോമീറ്റര്‍ പാത മധുര ഡിവിഷനിലേക്കു മാറ്റാന്‍ നീക്കം നടന്നിരുന്നു.

കൂടുതല്‍ റെയില്‍വേ സോണുകള്‍ അനുവദിക്കാന്‍ റെയില്‍വേയ്ക്കു പദ്ധതിയില്ല. സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍ പരിഗണിച്ചല്ല റെയില്‍വേ സോണുകള്‍ രൂപീകരിക്കുന്നത്. സോണ്‍ ഇല്ലാത്തതിന്റെ പേരില്‍ കേരളത്തില്‍ റെയില്‍ വികസനം ഇഴയുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് സതേണ്‍ റെയില്‍വേ സോണിന്റെ കീഴില്‍ കേരളത്തിലെ റെയില്‍ വികസനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന മറുപടിയാണു നല്‍കിയത്. 

കേരളത്തിന്റെ റെയില്‍വേ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ ചേര്‍ത്ത് എറണാകുളം ആസ്ഥാനമാക്കി പുതിയ സോണ്‍ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി അന്നത്തെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചത്.  

രാഷ്ട്രീയ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണു പലപ്പോഴും പുതിയ സോണുകള്‍ക്കും ഡിവിഷനുകള്‍ക്കുമായി ആവശ്യം ഉയരാറുള്ളതെന്നും ഇതു പ്രാവര്‍ത്തികമാക്കുക എളുപ്പമല്ലെന്നുമാണ് റെയില്‍വേയുടെ നിലപാട്. ഏതാണ്ട് 205 കോടി രൂപയാണ് ഒരു പുതിയ സോണ്‍ രൂപീകരണത്തിന് വരുന്ന ചെലവ്. ഡിവിഷന്‍ രൂപീകരണത്തിന് ഏതാണ്ട് 29 കോടി രൂപയും. പുതിയ തസ്തികകളുടെ രൂപീകരണം, സ്ഥാനക്കയറ്റം, നിയമനം, ഇതുമായി ബന്ധപ്പെട്ട മറ്റു ചെലവുകള്‍ എന്നിവ കൂടാതെയാണ് ഈ കണക്ക്. 2009-13 കാലത്തു ലഭിച്ച അപേക്ഷകള്‍ പരിശോധിക്കാന്‍ റെയില്‍വേ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. അപേക്ഷകളൊന്നും നീതീകരിക്കാനാകുന്നതല്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. പുതിയ സോണുകള്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും നിലവിലുള്ള സോണുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നുമാണ് വിദഗ്ധ ഉപദേശം. 

related stories