Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനിക്കു പിന്നാലെ കോളറ: മുംബൈയിൽ മഴക്കാല ‘രോഗപ്പെയ്ത്ത്’

FEVER ഫയൽ ചിത്രം.

മുംബൈ ∙ മഴക്കാല രോഗങ്ങൾ വർധിക്കുന്നതു നഗരവാസികളെയും ആരോഗ്യരംഗത്തുള്ളവരെയും ആശങ്കയിലാക്കുന്നു. എലിപ്പനി മരണം ഒൻപത് ആയി ഉയർന്നതിനു പുറമെ, കഴിഞ്ഞ ദിവസം ആറുപേർക്കു കോളറ ബാധിച്ചതായും കണ്ടെത്തി. മലേറിയ, ഡെങ്കിപ്പനി, അതിസാരം, ഹെപ്പറ്റൈറ്റിസ് എന്നീ മഴക്കാല രോഗങ്ങൾ ബാധിച്ചവരും ഏറെയാണു നഗരത്തിൽ. എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം കഴിഞ്ഞവർഷത്തേക്കാൾ ഉയർന്നു. കഴിഞ്ഞവർഷം ഏഴുപേരാണു മരിച്ചത്; 239 പേർക്ക് എലിപ്പനി ബാധിച്ചു. ഈ വർഷം രോഗബാധിതർ 102 ആണ്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണു കോളറ പിടിപെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഒരാൾക്കു മാത്രമാണു കോളറ ബാധിച്ചതെങ്കിൽ ഈ വർഷം ഇതുവരെ ഒൻപതുപേരെ ബാധിച്ചു. രോഗിയുമായി സഹകരിക്കുന്നവർ പരമാവധി സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്നു പടരാൻ സാധ്യതയുള്ള രോഗമാണിത്. അതിനാൽ ബിഎംസി അതീവ ജാഗ്രത പുലർത്തുന്നു. പുതിയതായി കോളറ ബാധയുണ്ടായതു നാഗ്പാ‍ഡ, മുളുണ്ട്, കുർള എന്നീ ഭാഗങ്ങളിലാണ്. നേരത്തെ ധാനബന്ദർ, ബൈക്കുള ജയിൽ, ഹാഥിബാഗ് എന്നീ സ്ഥലങ്ങളിലായി മൂന്നുപേർക്കു കോളറ ബാധിച്ചിരുന്നു.

ജൂലൈ ആദ്യ ആഴ്ച ബിഹാറിൽനിന്നു വടക്കുകിഴക്കൻ മുംബൈയിലെ മുളുണ്ടിലുളള സഹോദരന്റെ അടുത്തുവന്ന ഇരുപത്തിനാലുകാരന് അടുത്തദിവസം തന്നെ കലശലായ വയറിളക്കം അനുഭവപ്പെടുകയായിരുന്നു. ബിഹാറിൽനിന്നുതന്നെ രോഗം ബാധിച്ചിരിക്കാമെന്നാണു ബിഎംസി ഹെൽത്ത് ഓഫിസർ വെളിപ്പെടുത്തിയത്. സയൺ ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ചു. മേഖലയിൽ മറ്റാർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോയെന്നറിയാൻ 2000 പേരെ ബിഎംസി പരിശോധിച്ചു.

ബൈക്കുള ജെജെ ആശുപത്രിക്കു പിന്നിൽ നാഗ്പാഡ നിവാസികളായ ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും പുറത്തുനിന്ന് ആഹാരം കഴിച്ചശേഷം വയറിളക്കം പിടിപെട്ടു. എന്നാൽ മുപ്പത്തിരണ്ടുകാരിക്കു മാത്രമാണു കോളറ സ്ഥിരീകരിച്ചത്. കോളറയെ ചെറുക്കാൻ വ്യക്തിഗത ശുചിത്വം പാലിക്കുന്നതിനു പുറമേ, അശുദ്ധജലം കുടിക്കാതിരിക്കുകയും പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുകയും വേണമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടുമാസങ്ങൾക്കുള്ളിൽ 81 പേർക്കു ഡെങ്കിപ്പനിയും 990 പേർക്ക് മലേറിയയും ബാധിച്ചു. അതിസാരം ബാധിച്ചത് 1868 പേർക്കാണ്. ഹെപ്പറ്റൈറ്റിസ് 198 പേർക്കു പിടിപെട്ടിരുന്നു.

ചെറുപ്പക്കാർ സൂക്ഷിക്കുക

എലിപ്പനി ഏറെയും ബാധിക്കുന്നത് 15നും 29നും ഇടയ്ക്കു പ്രായമുള്ളവരെയാണെന്നു ബിഎംസി ആരോഗ്യവിഭാഗം അറിയിച്ചു. എലിപ്പനിയെ ചെറുക്കാൻ, കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ നടക്കുന്നതും മഴവെള്ളം ഒഴുകിയെത്തുന്ന കുളങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നു ബിഎംസി എക്സിക്യൂട്ടീവ് ഹെൽത് ഓഫിസർ ഡോ. പദ്മജ കേസ്കർ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും കാലിലും മറ്റും മുറിവുള്ളവർ. ഏതു രോഗമായാലും സ്വയം ചികിൽസ ഒഴിവാക്കണം. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ വിദഗ്ധ ചികിൽസ തേടണമെന്നും അവർ ഓർമിപ്പിച്ചു.