Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശ്നം അതിരൂക്ഷം; ലഫ്. ഗവർണറുടെ വീടിനു സമീപം മാലിന്യം നിക്ഷേപിക്കണമെന്ന് സുപ്രീംകോടതി

PTI1_12_2018_000144B

ന്യൂഡൽഹി∙ മാലിന്യസംസ്കരണ വിഷയത്തിൽ അധികൃതരുടെ നിലപാടിനു സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. അതിരൂക്ഷമായ മാലിന്യപ്രശ്നമാണു ഡൽഹി നേരിടുന്നതെന്നു വ്യക്തമാക്കിയ സുപ്രീംകോടതി, നിലവിലെ സ്ഥിതി തുടർന്നാൽ ആളുകൾ ജീവനോടെ കാണുമോയെന്നും ചോദിച്ചു. സോണിയ വിഹാർ മേഖലയിൽ മാലിന്യനിക്ഷേപം നടത്തുന്നതിനെതിരെ പ്രദേശവാസികൾ നൽകിയ ഹർജി പരിഗണിക്കവേയാണു സുപ്രീം കോടതിയുടെ പരാമർശം. ദക്ഷിണ ഡൽഹി മുൻസിപ്പൽ കോർപറേഷൻ പരിധിയിൽ ഒരു ദിവസം 3600 ടൺ മാലിന്യമുണ്ടാകുന്നതിൽ 1800 ടൺ മാലിന്യം സോണിയ വിഹാർ മേഖലയിലാണ് നിക്ഷേപിക്കുന്നത്.

ജനങ്ങളെ ദുരിതത്തിലാക്കുന്നതിനു പകരം ലഫ്റ്റനന്റ് ഗവർണറുടെ വീടു സ്ഥിതി ചെയ്യുന്ന രാജ് നിവാസ് മാർഗിൽ മാലിന്യം നിക്ഷേപിക്കുകയാണു ചെയ്യേണ്ടതെന്നും കോടതി നിരീക്ഷിച്ചു. വീടുകളിൽ തന്നെ മാലിന്യം സംസ്കരിക്കേണ്ടത് ആവശ്യമാണെന്നും നഗരത്തിലുടനീളം ഇതു സംബന്ധിച്ചു ബോധവൽക്കരണ പരിപാടികൾ ആരംഭിക്കാനാകുമോയെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

ഖരമാലിന്യം പ്രത്യേകിച്ചും വീടുകളിൽനിന്നുള്ള മാലിന്യം സംസ്കരിക്കുന്നതിനു ബലപ്രദമായ സംവിധാനങ്ങൾ നിർദേശിക്കാൻ കോടതി ആവശ്യപ്പെട്ടു. ഡിഫൻസ് കോളനി, ഗ്രീൻ പാർക്, മഹാറാണി ബാഗ് തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യ സംസ്കരണത്തിനായി നടപ്പാക്കിവരുന്ന പൈലറ്റ് പ്രോജക്ടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും ജസ്റ്റിസുമാരായ മഥൻ ബി. ലൊക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. മാലിന്യം സംസ്കരണവുമായി ബന്ധപ്പെട്ടു നേരിടുന്ന പ്രശ്നങ്ങളുടെ വിശദാംശങ്ങൾ ഓഗസ്റ്റ് 14നു മുൻപ് സമർപ്പിക്കണമെന്നും വിഷയം ഓഗസ്റ്റ് 17ന് വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.

related stories