Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസം: വേണ്ടത് സാമ്പത്തിക പിന്തുണയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

Rain Havoc - Malappuram

തിരുവനന്തപുരം∙ പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സാമ്പത്തിക പിന്തുണയാണ് ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും വീടുകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ശേഖരിച്ചോ സ്വന്തം നിലയിലോ എത്തിക്കാന്‍ ആഗ്രഹിക്കുന്ന ധാരാളം സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സര്‍ക്കാരിനെ സമീപിക്കുന്നുണ്ട്. കേരളത്തിനു പുറത്തുനിന്നും ഇതുപോലുള്ള സഹായ വാഗ്ദാനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ എന്താണ് അത്യാവശ്യമെന്നു കൃത്യമായി മനസ്സിലാക്കി സാധനങ്ങള്‍ സമാഹരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കഷ്ടപ്പെട്ടു ശേഖരിക്കുന്നതും വിലകൊടുത്തു വാങ്ങുന്നതുമായ പലതും പ്രയോജനപ്പെടാതെ പോകും. അതിനാല്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കി അറിയിക്കാന്‍ ജില്ലാ കലക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ക്യാംപുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായതെല്ലാം ഇതിനകം ചെയ്തു വരുന്നുണ്ട്. ഈ കുടുംബങ്ങള്‍ തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുളള വീട്ടുപകരണങ്ങളും ശയ്യോപകരണങ്ങളും അടുക്കളയിലേക്കുള്ള പാത്രങ്ങളുമാണ് അവശ്യം വേണ്ടത്.

ക്യാംപുകളില്‍ എത്തിച്ചേരാത്ത വീടുകള്‍ തകര്‍ന്നവര്‍ക്കും സമാന ആവശ്യങ്ങള്‍ തന്നെയാണുള്ളത്. ഇത്തരം സാധനങ്ങള്‍ അയക്കുന്നതായിരിക്കും ഉചിതം. സാധനങ്ങള്‍ അയക്കുന്നവര്‍ അതതു ജില്ലാ കലക്ടറേറ്റിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററില്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. ജില്ലയ്ക്കു പുറത്തുനിന്നു സഹായം അയയ്ക്കാന്‍ താൽപര്യമുള്ളവര്‍ ഏതു ജില്ലയിലേക്കാണോ അയക്കേണ്ടത് ആ ജില്ലയിലെ എസ്ടിഡി കോഡ് ചേര്‍ത്ത് ഈ നമ്പറില്‍ വിളിക്കണം.

വീടുകളും റോഡുകളും പുനര്‍നിര്‍മിക്കാനും കൃഷി നഷ്ടപ്പെട്ടവരെ സഹായിക്കാനും സാമ്പത്തികമായ പിന്തുണയാണ് ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യം. അതിനാല്‍ ദുരിതബാധിതരെ സഹായിക്കാന്‍ സന്നദ്ധതയുള്ള എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അഭ്യർഥിച്ചു.

related stories