Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ പെട്രോൾ വാഹനത്തിനു നീല, ഡീസലിന് ഓറഞ്ച് കളർകോ‍ഡ് വരുന്നു

delhi-transport-pollution ഡൽഹിയിലെ ഗതാഗതത്തിരക്ക്. – ഫയൽചിത്രം

ന്യൂഡൽഹി ∙ ഉപയോഗിക്കുന്ന ഇന്ധനം മാനദണ്ഡമാക്കി ഡൽഹിയിലെ വാഹനങ്ങൾക്ക് കളർ കോഡ് സ്റ്റിക്കറുകൾ ഉപയോഗിക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി. സെപ്റ്റംബർ 30 മുതൽ പദ്ധതി നടപ്പാക്കാൻ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് അനുമതി നൽകി. 

പെട്രോൾ, സിഎൻജി, ഡീസൽ എന്നീ വാഹനങ്ങൾ തിരിച്ചറിയാനാണ് രണ്ടു നിറങ്ങളിലെ കളർ സ്റ്റിക്കറുകൾ ഏർപ്പെടുത്തുക. ഇതുപ്രകാരം പെട്രോൾ, സിഎൻജി വാഹനങ്ങളിൽ ഇളംനീല കളറിലുള്ള സ്റ്റിക്കറും ഡീസൽ വാഹനങ്ങൾക്ക് ഓറഞ്ച് നിറത്തിലെ സ്റ്റിക്കറും പതിക്കും. 

വായു മലിനീകരണം ഏറിയ ദിനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം അടിസ്ഥാനമാക്കി വാഹനങ്ങൾ നിരത്തിലെത്താതെ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ നടപ്പാക്കിവരുന്ന മാതൃകയുടെ ചുവടുപിടിച്ചാണിത്. ഡ‍ൽഹിയിൽ മലിനീകരണതോത് ഏറിയ ദിവസങ്ങളിൽ വാഹന നമ്പറുകളിലെ ഒറ്റ–ഇരട്ട അക്കങ്ങൾ അടിസ്ഥാനമാക്കി അവ നിരത്തിൽ നിന്ന് ഒഴിവാക്കുകയാണ് നിലവിൽ ചെയ്യുന്നത്. ഇതിനേക്കാൾ ശാസ്ത്രീയമായി മലിനീകരണ നിയന്ത്രണ നടപടികൾ നടപ്പാക്കാൻ കളർകോഡിങ്ങിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

ഹോളോഗ്രാം അടിസ്ഥാനമാക്കുന്ന കളർ സ്റ്റിക്കറാകും വാഹനങ്ങളിൽ പതിക്കുകയെന്ന് ജസ്റ്റിസ് എം.ബി. ലോക്കൂർ, എസ്. അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിനു മുന്നിൽ ഗതാഗത മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എ.എൻ.എസ്.നദ്കർണി ധരിപ്പിച്ചു. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് പച്ച നമ്പർ പ്ലേറ്റുകൾ നടപ്പാക്കുന്നതു പരിഗണിക്കാൻ വാദത്തിനിടെ ഗതാഗത മന്ത്രാലയത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അടുത്തു തന്നെ തീരുമാനമെടുക്കുമെന്ന് മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പറഞ്ഞു.