Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാമുകൾ തുറക്കുമെന്നത് വ്യാജ പ്രചാരണം, ആശങ്കപ്പെടേണ്ട: പത്തനംതിട്ട കലക്ടർ

aranmula-airport-bound-area ആറന്മുളയിൽ വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തു കുടിൽകെട്ടി താമസിക്കുന്നവരുടെ വീടുകൾ മുഴുവൻ വെള്ളത്തിൽ ആയപ്പോൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ

പത്തനംതിട്ട ∙ കനത്ത മഴയും പ്രളയവും സാരമായി ബാധിച്ച പത്തനംതിട്ട ജില്ലയിൽ ആറ് താലൂക്കുകളിലെ 289 ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത് 35,853 പേർ. കോഴഞ്ചേരി താലൂക്കില്‍ 42 ക്യാംപുകളിലായി 6000 പേരും മല്ലപ്പള്ളിയില്‍ 23 ക്യാംപുകളിലായി 993 പേരും കോന്നിയില്‍ 34 ക്യാംപുകളില്‍ 3742 പേരും അടൂരില്‍ 17 ക്യാംപുകളില്‍ 2300 പേരും റാന്നിയില്‍ 32 ക്യാംപുകളില്‍ 3818 പേരും തിരുവല്ലയില്‍ 141 ക്യാംപുകളില്‍ 19,000 പേരുമാണുള്ളത്.

ക്യാംപുകളിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. രണ്ടു ദിവസത്തിനിടെ 6050 പേരെ എന്‍ഡിആര്‍എഫിന്റെയും നാവികസേനയുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

Read more: Kerala Floods

അതിനിടെ, അണക്കെട്ടുകൾ തുറക്കുമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാജസന്ദേശങ്ങള്‍ പരക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. എല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ പരമാവധി താഴ്ത്തിയിരിക്കുകയാണ്. നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ 120 സെന്റിമീറ്ററില്‍നിന്നു 90 സെന്റിമീറ്ററായും പമ്പ ഡാമിന്റെ ആറു ഷട്ടറുകളില്‍ നാലെണ്ണം 60 സെന്റിമീറ്ററില്‍ നിന്ന് 30 സെന്റിമീറ്ററിലേക്കും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 50 സെന്റിമീറ്ററിലേക്കും താഴ്ത്തിയിട്ടുള്ളതിനാല്‍ നദികളിലെ ജലനിരപ്പ് ഇനിയും ഉയരുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നദികളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറയുമെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നു ജലം ഇറങ്ങുന്നതിന് അനുസരിച്ച് താഴ്ന്ന പ്രദേശമായ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടാകാം. ഇതു മുന്നില്‍ കണ്ട് കൂടുതല്‍ ബോട്ടുകളെയും രക്ഷാപ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്.

related stories