Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പമ്പാ തീരത്ത് ഇനി കോൺക്രീറ്റ് കെട്ടിടങ്ങളില്ല; സൈന്യം രണ്ട് പാലങ്ങൾ നിർമിക്കും

pampa-triveni-flood പമ്പയെ മുക്കിയ പ്രളയം (ഫയൽ ചിത്രം)

പത്തനംതിട്ട∙ പമ്പയിൽ രണ്ട് പാലങ്ങൾ സൈന്യം നിർമിക്കും. ഒന്ന് ബെയ്‌ലി പാലവും മറ്റൊന്ന് നടപ്പാലവുമാണു നിർമിക്കുന്നത്. പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. ആംബുലൻസും ചെറിയ വാഹനങ്ങളും പോകാനാണ് ഒരു പാലം. ഈ പാലത്തിന് 12 മീറ്റർ വീതിയുണ്ടാകും. സെപ്റ്റംബർ 15നു മുൻപായി നിർമിക്കുകയാണു ലക്ഷ്യം. അതേസമയം, പമ്പാതീരത്ത് ഇനി കോൺക്രീറ്റ് കെട്ടടങ്ങൾ പണിയാൻ അനുവദിക്കില്ലെന്നും തീരുമാനമെടുത്തു. വാഹനങ്ങൾക്കു നിലയ്ക്കൽ വരെ മാത്രമേ പ്രവേശനമുണ്ടാകൂ. പമ്പ വരെ ഇനി കെഎസ്ആർടിസിയുടെ ബസുകളെ മാത്രമേ അനുവദിക്കൂ.

പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സൈനിക ആസ്ഥാനവുമായും കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായും ചർച്ച നടത്താൻ ദേവസ്വം ബോർഡ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ ചുമതലപ്പെടുത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേജർ ആശിഷ് ഉപാധ്യായുമായി ചർച്ച നടത്തിയിരുന്നു.

ഭക്തരെ കടത്തിവിടുന്നതിനായി മണ്ണു നീക്കി പാലം പണി ആരംഭിക്കും. താൽക്കാലിക ശുചിമുറികൾ പമ്പയിൽ പണിയാനും തീരുമാനമായിട്ടുണ്ട്. കെഎസ്ആർടിസി സ്റ്റേഷനിൽനിന്ന് പമ്പയിലേക്കു വരുന്ന പാത വൺവേയാക്കാൻ വനംവകുപ്പുമായി ആലോചിച്ചു തീരുമാനിക്കും.

related stories