Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷങ്ങൾ മാറ്റിവച്ച് മെഡിക്കൽ ക്യാംപ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നുള്ള സംഘം യാത്ര തിരിച്ചു

tvm-medical-college-medical-camp തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു തിരുവോണ ദിവസം ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങളിലെ മെഡിക്കല്‍ ക്യാംപുകളിലേക്കു പോകുന്ന ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും സംഘം.

തിരുവനന്തപുരം∙ തിരുവോണ ദിവസത്തെ ആഘോഷങ്ങള്‍ മാറ്റിവച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 40 അംഗ മെഡിക്കല്‍ സംഘം ദുരന്ത ബാധിത പ്രദേശത്തെ മെഡിക്കല്‍ ക്യാംപുകളിലേക്കു തിരിച്ചു. ത്വക്ക് രോഗ വിഭാഗത്തിലെ ഡോ. സ്മിതയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും സംഘം ആലപ്പുഴയിലേക്കും മെഡിസിന്‍ വിഭാഗത്തിലെ ഡോ. ഫൈസല്‍ ഖാസിമിന്റെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ട ജില്ലയിലെ ക്യാംപുകളിലേക്കുമാണു പോയത്.

പ്രളയക്കെടുതി ഉണ്ടായ ദിവസം മുതല്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മെഡിക്കല്‍ ക്യാംപ് നടത്തി വരുകയാണ്. ആദ്യ രണ്ട് ഘട്ടങ്ങളിലുമായി ആറു ദിവസം പൂര്‍ത്തിയാക്കിയ രണ്ടാമത്തെ ടീം തിരുവോണ ദിവസമായ ശനിയാഴ്ച മടങ്ങിയെത്തും. അവര്‍ക്കു പകരമായാണ് മൂന്നാമത്തെ മെഡിക്കല്‍ സംഘം ക്യാംപിലേക്കു യാത്ര തിരിച്ചത്. ചെന്നെത്താന്‍ ഏറെ ദുര്‍ഘടമായ പാണ്ടനാട്, ചിറ്റാര്‍, സീതത്തോട് എന്നിവടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണു ക്യാംപുകള്‍ നടത്തുന്നത്. കിലോമീറ്ററുകളോളം നടന്നാണ് മെഡിക്കല്‍ സംഘം അവിടെ എത്തുന്നത്.

ക്യാംപുകളില്‍ ലഭിക്കുന്ന പരിമിതമായ സൗകര്യങ്ങളിലാണ് ഈ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുയുള്ളവര്‍ കഴിയുന്നതും. ‘ആഘോഷങ്ങള്‍ക്കല്ല പ്രാധാന്യം. സഹജീവികള്‍ക്ക് ആവശ്യമായ പരിചരണത്തിനാണു മുന്‍തൂക്കം നൽകുന്നത്. അതുകൊണ്ടാണു തിരുവോണ ദിവസം പോലും മാറ്റിവച്ച് ഇത്തരത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു മുന്‍ഗണന നല്‍കുന്നത്’ – ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ് അറിയിച്ചു.

 

related stories