Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്രയും കള്ളപ്പണം എവിടെ പോയി?: കേന്ദ്ര സർക്കാരിനെതിരെ മമത ബാനര്‍ജി

Modi-Mamata പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

കൊൽക്കത്ത∙ നിരോധിച്ച നോട്ടുകളിൽ ഭൂരിഭാഗവും തിരിച്ചെത്തിയ സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമുയർത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത്രയും കള്ളപ്പണം എവിടെ പോയെന്നു സമൂഹമാധ്യമത്തിലെ കുറിപ്പിൽ അവർ ചോദിച്ചു. റിസർവ് ബാങ്കിന്റെ 2017–18 വർഷത്തെ വാർഷിക റിപ്പോർട്ട് നമ്മുടെ ധാരണകള്‍ സ്ഥിരീകരിച്ചിരിക്കുന്നു. 99.3 ശതമാനം പണവും ബാങ്കിങ് സംവിധാനത്തിലേക്കു തിരികെയെത്തി. എന്റെ ആദ്യത്തെ ചോദ്യം ഇത്രയും കള്ളപ്പണം എവിടെ പോയെന്നതാണ്? കള്ളപ്പണം കൈവശമുള്ള ചിലർക്ക് അതു വെളുപ്പിക്കാൻ വേണ്ടിയാണോ നോട്ട് നിരോധനം ആസൂത്രണം ചെയ്തത്?– മമത ചോദിച്ചു.

രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെയാണ് നോട്ടുനിരോധനം കാര്യമായി ബാധിച്ചത്. പ്രത്യേകിച്ചു കർഷകർ, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്നവർ, ചെറുകിട വ്യവസായികൾ, കഠിനാധ്വാനം ചെയ്യുന്ന മധ്യവർഗ വിഭാഗങ്ങളിലെ ജനങ്ങള്‍ എന്നിവരെ. എന്തൊരു ദുരന്തമാണിത്, എന്തൊരു നാണക്കേടാണിത്?– മമത ചോദിച്ചു. 2016 നവംബറിൽ നിരോധിച്ച 500, 1000 നോട്ടുകളി‍ൽ ഭൂരിഭാഗവും തിരികെയെത്തിയെന്നു ബുധനാഴ്ചയാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. അസാധുവാക്കപ്പെട്ട നോട്ടുകളിൽ 15.31 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾ തിരിച്ചെത്തിയെന്നാണു റിപ്പോര്‍ട്ടിലുള്ളത്. തിരിച്ചെത്താതിരുന്നത് 10,720 കോടി മാത്രം.

related stories