Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ മോണോ യാത്ര തുടങ്ങി; വഴിയിൽ കുടുങ്ങിയത് ഒരു മണിക്കൂറോളം

mby-monorail (1) ചെമ്പൂരിനും വിഎൻപി മാർഗ് സ്റ്റേഷനും ഇടയിൽ മോണോ റെയിൽ കടന്നുപോയപ്പോൾ ട്രാക്കിനരികിലൂടെ കടന്നുപോകുന്ന വയറുകൾ റേക്കിന്റെ അടിയിൽ കുടുങ്ങി പെ‍ാട്ടുന്നു. (2) മോണാറെയിൽ സർവീസ് തടസ്സപ്പെട്ടതിനെ തുടർന്ന് അഗ്നിശമനസേന ക്രെയിനുപയോഗിച്ച് വയറുകൾ നീക്കുന്നു. ചിത്രങ്ങൾ: വിഷ്ണു വി. നായർ ∙ മനോരമ

മുംബൈ ∙ ഒൻപതുമാസത്തിലേറെക്കാലം മുടങ്ങിയ മോണോ റെയിൽ സർവീസ് പുനരാരംഭിച്ചതിന്റെ രണ്ടാം ദിവസം സാങ്കേതിക തകരാറിനെത്തുടർന്ന് ഒരു മണിക്കൂറിലേറെ ഗതാഗതം മുടങ്ങി. കഴിഞ്ഞ വർഷം നവംബറിലുണ്ടായ തീപിടിത്തത്തിനു പിന്നാലെ നിർത്തിവച്ച മുംബൈ മോണോ െറയിൽ ശനിയാഴ്ചയാണു സർവീസ് പുനരാരംഭിച്ചത്.

രണ്ടാംദിവസമായ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണു സാങ്കേതിക തകരാറിനെത്തുടർന്ന് ഒരുമണിക്കൂറോളം പാതിവഴിയിൽ കുടുങ്ങിയത് മോണോ റെയിൽ സർവീസ് നടത്തിപ്പുകാരായ എംഎംആർഡിഎയ്ക്കു കനത്ത തിരിച്ചടിയായി.

ഇന്നലെ വഡാലയിൽനിന്നു ചെമ്പൂരിലേക്കു പോവുകയായിരുന്ന മോണോ റെയിൽ ട്രെയിനാണു ചെമ്പൂർ ഡിപ്പോയ്ക്ക് തൊട്ടുമുൻപു വിഎൻപി മാർഗ് സ്റ്റേഷനു സമീപത്തു നിലച്ചത്. ട്രാക്കിനോടു ചേർന്നു വലിച്ചിരുന്ന കേബിളുകളിൽ തട്ടി ട്രെയിൻ നിലയ്ക്കുകയായിരുന്നു.

തുടർന്ന്, യന്ത്രഗോവണി എത്തിച്ച് സമീപത്തെ കേബിളുകൾ മുറിച്ചുനീക്കിയും മറ്റു സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചും സർവീസ് പുനഃരാരംഭിച്ചു. 2014 ഫെബ്രുവരിയിൽ സർവീസ് ആരംഭിക്കുകയും വേണ്ടത്ര യാത്രക്കാരില്ലാതെ മുടന്തുകയും പിന്നീട് തീപിടിത്തത്തെത്തുടർന്നു മുടങ്ങുകയും ചെയ്ത ശേഷമാണു മുംൈബ മോണോ റെയിൽ തിരികെ ട്രാക്കിൽ എത്തിയിരിക്കുന്നത്. 

ടിക്കറ്റ് നിരക്ക്- അഞ്ച്, ഏഴ്, ഒൻപത്, 11 രൂപ.

സ്റ്റോപ്പുകൾ- ചെമ്പൂർ, വിഎൻപി മാർഗ് (ആർസി മാർഗ്), ഫെർട്ടിലൈസർ ടൗൺഷിപ്, ഭാരത് പെട്രോളിയം, മൈസൂർ കോളനി, ഭക്തി പാർക്ക്, വഡാല. 15 മിനിറ്റിനിടെ ഒരു ട്രെയിൻ എന്ന ക്രമത്തിൽ ഒരു ദിവസം 130 സർവീസുണ്ട്.

സമയം- രാവിലെ 6 – രാത്രി 10.