Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതബാധിതര്‍ക്കുള്ള പതിനായിരം രൂപ ധനസഹായ വിതരണം വൈകും

flood-help

തിരുവനന്തപുരം ∙ പ്രളയബാധിതര്‍ക്ക് നല്‍കുന്ന പതിനായിരം രൂപ ധനസഹായ വിതരണം പറഞ്ഞ സമയം പൂര്‍ത്തിയാകില്ല. ഇതുവരെ ഒരു ലക്ഷം പേര്‍ക്ക് മാത്രമാണ് പണം നല്‍കാനായത്. ഇപ്പോഴത്തെ കണക്കനുസരിച്ച്  4,68,000 പേര്‍ക്ക് ധനസഹായം കിട്ടാനുണ്ട്. വില്ലേജ് ഓഫിസര്‍മാര്‍ സൂക്ഷമപരിശോധന പൂര്‍ത്തിയാക്കാനും വിശദാംശങ്ങള്‍ കംപ്യൂട്ടറിൽ സമാഹരിക്കാനുമാണ് സമയമെടുക്കുന്നത്.

അടിയന്തര സഹായമായി നല്‍കുന്ന പതിനായിരം രൂപ എത്രയും വേഗം  പ്രളയദുരന്തം നേരിട്ടവര്‍ക്ക് നല്‍കണമെന്ന മുറവിളി ഉയരുമ്പോഴും, വിവരശേഖരണത്തിന് സമയം കൂടുതലെടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ലഭ്യമായ കണക്കനുസരിച്ച് 4,68, 611 പേര്‍ക്കാണ് പതിനായിരം രൂപ ധനസഹായം നല്‍കാനുള്ളത്. ഇത് വരെ 1,18,908 പേര്‍ക്ക് പണം നല്‍കിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍ . 3800 രൂപ വീതം 59,303 പേര്‍ക്ക് നല്‍കി. 

ഈ കണക്ക് ഒരുപക്ഷെ ഉയര്‍ന്നേക്കാം എന്നാണ് റവന്യൂ വകുപ്പ് പറയുന്നത്.  ഓരോ വ്യക്തിയുടെയും പേരും മറ്റ് വിശദാംശങ്ങളും പരിശോധിക്കണം. തുടര്‍ന്ന് വിവരങ്ങള്‍ കമ്പ്യൂട്ടറിൽ ഉൾപ്പെടുത്തണം. ഏതെങ്കിലും രേഖകള്‍ വീണ്ടും പരിശോധിക്കണമെങ്കില്‍ അത് പൂര്‍ത്തിയാക്കണം. അര്‍ഹതയില്ലാത്തവര്‍ക്ക് പണം നല്‍കി, ഒരുപ്രദേശം ഒഴിവാക്കപ്പെട്ടു എന്നീ പരാതികളുയരാതിരിക്കാനാണ് പഴുതടച്ച് പരിശോധിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പണം ബാങ്ക് വഴിനല്‍കുന്നതാണ് നല്ലതെങ്കിലും പലപ്പോഴും ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും പരിശോധിക്കേണ്ടിവരുന്നുണ്ട്.  

മൂന്നുദിവസം കൊണ്ട് ഇപ്പോള്‍പട്ടികയിലുള്ള എല്ലാവര്‍ക്കും പണം നല്‍കാനാവില്ലെന്ന് വ്യക്തമാണ്. സമയമെടുത്താലും പരാതികളൊഴിവാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രീയനേതൃത്വം തിരക്കു കൂട്ടുമെങ്കിലും ചട്ടപ്രകാരം പണം നല്‍കിയില്ലെങ്കില്‍ ഓഡിറ്റ് ഒബ്ജക്‌ഷന്‍  വന്നാല്‍ ആരും ഒപ്പമുണ്ടാകില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് ഭയമുണ്ട്. അടിയന്തര സഹായവിതരണത്തിന് വേണ്ടിവരുന്ന സമയത്തെക്കാൾ കൂടുതല്‍സമയമെടുത്തേ വീട്, സ്ഥലം, കൃഷി, എന്നിവ നഷ്ടപ്പെട്ടവര്‍ക്കുള്ള   നഷ്ടപരിഹാരവിതരണം സാധ്യമാകൂ എന്നും ഇതോടെ വ്യക്തമാകുകയാണ്.

related stories