Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരത്തിനു പണം എവിടെ നിന്ന്?; കന്യാസ്ത്രീകൾക്ക് എതിരെ അന്വേഷണം

nun-protest ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ.

ജലന്തര്‍∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ അന്വേഷണവുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയും സന്യാസസഭയുടെ മദര്‍ ജനറലിനുമെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അന്വേഷണം. കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ താമസിക്കുന്ന പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.

പ്രത്യേക കമ്മിഷനെ അന്വേഷണത്തിനായി നിയമിച്ചിട്ടുണ്ട്. ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യശക്തികളുടെ പ്രേരണ മൂലമെന്നാണ് ആരോപണം. കന്യാസ്ത്രീകളുടെ സമരത്തിനു ചെലവഴിക്കുന്ന പണത്തിന്‍റെ ഉറവിടം അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം. കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെത്തുന്നവരെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. സന്ന്യാസഭയുടെ പിആര്‍ഒ ഇറക്കിയ പത്രക്കുറിപ്പിലാണ് അന്വേഷണം പ്രഖ്യാപിച്ച വിവരം അറിയിച്ചത്.

സഹപ്രവര്‍ത്തകയ്ക്കു നീതി തേടി സമരമുഖത്തുള്ള കന്യാസ്ത്രീകള്‍ക്കെതിരെ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണ്. സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും കെസിബിസി ആരോപിച്ചു.

ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനോട് അടുത്ത ബുധനാഴ്ച ചോദ്യംചെയ്യലിനു ഹാജരാകണമെന്നു പൊലീസ് നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് ബിഷപ്പിനു നോട്ടിസയച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഒപ്പമാണു സര്‍ക്കാരെന്നും ശക്തമായ തെളിവുകളോടെ കുറ്റവാളിയെ അറസ്റ്റ് ചെയ്യാനാണു നീക്കമെന്നും മന്ത്രി ഇ.പി.ജയരാജന്‍ പ്രതികരിച്ചു. മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം തുടരുകയാണ്. കൊച്ചിയിലെ സമരത്തിനൊപ്പം തിരുവനന്തപുരത്തും ജലന്തറിലെ സഭാ ആസ്ഥാനത്തും പ്രതിഷേധം നടന്നു. സന്യാസിനി സമൂഹത്തില്‍നിന്നു പുറത്താക്കിയാലും സമരം തുടരുമെന്നു കന്യാസ്ത്രീകള്‍ വ്യക്തമാക്കി. സമരത്തിനു പിന്തുണയുമായി നിരവധി പ്രമുഖരാണു സമരവേദിയിലെത്തുന്നത്.

related stories