Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോവർ പെരിയാറിൽ ടണൽഗേറ്റ് തകർത്തത് ‘ജലചുറ്റിക’; ഉദ്യോഗസ്ഥ വീഴ്ചയിൽ അന്വേഷണം

Periyar-power-house-Lower-Periyar ലോവർ പെരിയാർ പവർ ഹൗസ് (ഫയൽ ചിത്രം)

തൊടുപുഴ∙ ഇടുക്കി ലോവര്‍ പെരിയാര്‍ ജലവൈദ്യുത നിലയത്തില്‍ ടണല്‍ ഗേറ്റ് തകര്‍ന്നു വൈദ്യുതി ഉല്‍പാദനം നിലച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം. ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ ശ്രദ്ധക്കുറവാണ് അപകടത്തിനിടയാക്കിയത്. അണക്കെട്ട് സന്ദര്‍ശിച്ച വൈദ്യുതി മന്ത്രിയില്‍നിന്നു വീഴ്ച മറച്ചുവച്ച ഉദ്യോഗസ്ഥര്‍ പ്രളയംമൂലമാണിതെന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എന്‍ജിനീയര്‍മാര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

‘ജലചുറ്റിക’ എന്ന പ്രതിഭാസമാണു ലോവര്‍ പെരിയാര്‍ ജലവൈദ്യുത നിലയത്തിലെ ടണല്‍ ഗേറ്റ് തകരാന്‍ ഇടയാക്കിയത്. കഴിഞ്ഞ മാസം 11–ാം തീയതിയായിരുന്നു സംഭവം. കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിനു ദിവസങ്ങള്‍ മുന്‍പ്. ഇടുക്കിയിൽനിന്നൊഴുകി വരുന്ന വെള്ളം പാമ്പള അണക്കെട്ടിൽ സംഭരിച്ചു ടണലിലൂടെ ലോവർ പെരിയാർ ജലവൈദ്യുത നിലയത്തിൽ എത്തിച്ചാണു വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. വെള്ളം ഒഴുകുന്നതിനിടെ വൈദ്യുതി നിലയത്തിലെ ജനറേറ്ററുകൾ പൊടുന്നനെ ഡ്രിപ്പായി. ഇതോടെ ആറു മീറ്റർ വ്യാസമുള്ള ടണലിലൂടെ ഒഴുകിയിരുന്ന വെള്ളം അണക്കെട്ടിലേക്കു തിരിച്ചൊഴുകി.

പൊട്ടിത്തെറിയുടെ സമ്മർദം മൂലം വൻ പ്രഹരശേഷിയുള്ള ചുറ്റികയായി വെള്ളം മാറി. വെള്ളത്തിന്‍റെ ഒഴുക്കു നിയന്ത്രിക്കാന്‍ ടണലിന്‍റെ തുടക്കത്തില്‍ ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ രണ്ടു ഷട്ടറുകളിലൊന്നു കേടാണ്. രണ്ടാമത്തെ ഷട്ടറിൽ വെള്ളം തിരിച്ചടിച്ചതോടെ ഷട്ടർ മുകളിലേക്കു തെറിച്ചു. പൊട്ടിത്തെറിയിൽ രണ്ടാംഷട്ടറും തകർന്നു. ടണലിൽ വിള്ളലും വീണു. ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ ശ്രദ്ധകുറവാണ് അപകടത്തിന് ഇടയാക്കിയത്. ഇതോടെ പവര്‍ ഹൗസിലെ വൈദ്യുതി ഉൽപാദനവും നിര്‍ത്തിവച്ചു. എന്നാല്‍ പ്രളയമാണു വൈദ്യുതി ഉൽപാദനം നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നാണ് അണക്കെട്ടിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മന്ത്രി എം.എം. മണിയെ അറിയിച്ചത്.

സംഭവം ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞതോടെ ജലവൈദ്യുത പദ്ധതിയുടെ എൻജിനീയർമാർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി. ഡാം സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും വൈദ്യുതി നിലയത്തിൽ പരിശോധനയ്ക്കെത്തും. കോട്ടയം പള്ളത്തെ ഡാം സുരക്ഷാ ഓർഗനൈസേഷനും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

related stories