Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം വിഴുങ്ങിയിട്ട് ഒരു മാസം; അതിജീവനപാതയിൽ റാന്നി

ranni-flood-before-after-2 റാന്നി ഇ‌‌ട്ടിയപ്പാറ കവല പ്രളയസമയത്തും ഒരു മാസത്തിനു ശേഷവും. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

റാന്നി ∙ പ്രളയം താലൂക്കിനെ വിഴുങ്ങിയിട്ട് ഇന്ന് ഒരു മാസമാകുമ്പോൾ നഷ്ടത്തിന്റെ കണക്കെടുക്കുകയല്ല ദുരിത ബാധിതർ. നാടിന്റെ പുനഃസൃഷ്ടിക്കായി യത്നിക്കുകയാണ് അവർ. കഴിഞ്ഞ മാസം 14ന് അർധ രാത്രിയിലാണ് പ്രളയജലം മലപോലെ ഒഴുകിയെത്തിയത്. 15ന് വൈകിട്ടോടെ പമ്പാനദി, കക്കാട്ടാറ്, കല്ലാറ് എന്നിവയുടെ താഴ്ന്നിടങ്ങളിലെല്ലാം വെള്ളം കയറി. തോടുകളിലൂടെ പ്രളയജലം കിലോമീറ്ററുകൾ അകലെ വരെയെത്തിയിരുന്നു.

ഉടുതുണിയുമായി കുട്ടവഞ്ചികളിലും റബർ ഡിങ്കികളിലും ഫൈബർ ബോട്ടുകളിലും പാലായനം ചെയ്തവരാണ് ദുരിത ബാധിതരെല്ലാം. അവർ വീടുകളിൽ മടങ്ങിയെത്തിയപ്പോൾ കണ്ടത് കരളലയിക്കുന്ന കാഴ്ചകളായിരുന്നു. ഇതുവരെ സമ്പാദിച്ചതെല്ലാം പ്രളയം കൊണ്ടുപോയിരുന്നു. ചെളിയിൽ തെന്നിയാണ് വീടുകൾക്കുള്ളിൽ അവർ നടന്നത്. പ്രളയത്തെയോർത്ത് വിലപിക്കാൻ ദുരിത ബാധിതർക്ക് സമയമില്ലായിരുന്നു. കുട്ടികളും മുതിർന്നവരുമെല്ലാം കൈകോർത്തു. 90 ശതമാനം പേരും സ്വന്തം വീടുകളിൽ താമസം തുടങ്ങി. ശേഷിക്കുന്നവർ വീടുകളുടെ പണികളെല്ലാം തീർക്കുന്ന തിരക്കിലാണ്.

റാന്നി ഇ‌‌ട്ടിയപ്പാറ കവല പ്രളയസമയത്തും ഒരു മാസത്തിനു ശേഷവും. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

പ്രളയമിറങ്ങി നാലു നാൾ കഴിഞ്ഞപ്പോൾ നഷ്ടത്തിന്റെ കണക്കെടുക്കുകയായിരുന്നു വ്യാപാരികൾ. 100 കോടിയിലധികം രൂപയുടെ നഷ്ടമാണ് താലൂക്കിലെ വ്യാപാര മേഖലയ്ക്കുണ്ടായത്. ഇനിയെന്തെന്ന ചോദ്യത്തിനു മുന്നിൽ കച്ചവടക്കാരെല്ലാം ആദ്യമൊന്നു പകച്ചു. നഷ്ടത്തിന്റെ കണക്കുകൂട്ടൽ നടത്താതെ മനഃനിശ്ചയവുമായി കടകൾ തുറന്ന് ചിലർ വഴികാട്ടികളായപ്പോൾ എല്ലാവരും ഇതേ പാതയിലേക്കെത്തി. ചെളി നീക്കിയും തൂത്തും തുടച്ചും കഴുകിയും പുതിയ നിർമാണങ്ങൾ നടത്തിയും 70 ശതമാനത്തിൽ അധികം കടകൾ റാന്നിയിലും പരിസരങ്ങളിലും തുറന്നു. ഇതോടെ റാന്നി ടൗൺ വീണ്ടും ഉണർന്നു. ശേഷിക്കുന്ന കടകൾ കൂടി തുറക്കുന്നതിനുള്ള പണികൾ പുരോഗമിക്കുകയാണ്. പ്ലൈവുഡ്കൊണ്ടുള്ള നിർമാണങ്ങളെല്ലാം നശിച്ചതാണ് ഭൂരിപക്ഷം വ്യാപാരികൾക്കും വിനയായത്. അവ പുനർ നിർമിക്കുന്നതോടെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായി തുറക്കാനാകും.

സാമ്പത്തിക പ്രതിസന്ധിയാണ് വീട്ടുടമകളുടെയും വ്യാപാരികളുടെയും വെല്ലുവിളി. വീടുകളുടെയും കടകളുടെയും പുനരുദ്ധാരണത്തിന് ലക്ഷങ്ങളാണ് ചെലവഴിച്ചത്. കടകൾ തുറന്നിട്ടും കച്ചവടമില്ലാത്തത് വ്യാപാരികളെ തളർത്തുന്നു. വെള്ളം കയറിയ കടകളിലെ സാധനങ്ങൾ എങ്ങനെ വാങ്ങുമെന്നാണ് പലരും ചോദിക്കുന്നത്. അവരുടെ ആശങ്ക അസ്ഥാനത്താണ്. വെള്ളത്തിലാണ്ടു കിടന്ന സാധനങ്ങളെല്ലാം മാലിന്യമായി റാന്നി കടന്നു. കടകളിലിരിക്കുന്നത് പുതിയ സാധനങ്ങളാണ്. കരളുറപ്പോടെ ആർക്കും വാങ്ങാം.

ഇനിയും കരകയറാതെ മനുവിന്റെ ജീവിതം

പ്രളയ സ്മരണകൾ ഒരു മാസത്തിലെത്തി നിൽക്കുമ്പോൾ സ്വന്തം കടകളിലും വീട്ടിലും വെള്ളം കയറി ലക്ഷങ്ങൾ നഷ്ടപ്പെട്ട കഥയാണ് റാന്നി പുളിമുക്ക് മിട്ടു ട്രേഡേഴ്സ് ഉടമ ഐത്തല കളരിത്തറ മനു ജോസഫിന് പറയാനുള്ളത്. വീട്ടിലെ ചെളി നീക്കി കടകളിലെത്തിയെങ്കിലും ഇതുവരെ തുറക്കാനുള്ള പ്രാഥമിക നടപടിയായിട്ടില്ല. സാമ്പത്തികവും വിലങ്ങുതടിയായി നിൽക്കുന്നു.

പലചരക്കു മൊത്ത വ്യാപാരിയായിരുന്നു മനു. ഓണക്കാല വിൽപ്പനയ്ക്കായി സാധനങ്ങൾ സ്റ്റോക്ക് ചെയ്തതിനു പിന്നാലെയാണ് പ്രളയമെത്തിയത്. ഒന്നും ബാക്കിവയ്ക്കാതെ എല്ലാം വെള്ളത്തിൽ അലിഞ്ഞു. 40 ലക്ഷം രൂപയുടെ നഷ്ടമാണ് നേരിട്ടത്. മനുവിന്റെ ഭാര്യ ബീന മാമുക്കിൽ ഷെനായ ബ്യൂട്ടിക് എന്ന പേരിൽ തുണിക്കട നടത്തിയിരുന്നു. അവിടെയും വെള്ളം കയറി തുണിയെല്ലാം നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടമാണ് നേരിട്ടത്.

റാന്നി ഇ‌‌ട്ടിയപ്പാറ കവല പ്രളയസമയത്തും ഒരു മാസത്തിനു ശേഷവും. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

വെള്ളപ്പൊക്കത്തിൽ വീട്ടിലുണ്ടായ നഷ്ടം എട്ടു ലക്ഷം രൂപയാണ്. വീടിന് നാലു ലക്ഷം രൂപയുടെ നാശം നേരിട്ടു. കാർ വെള്ളത്തിലായതിലൂടെയാണ് നാലു ലക്ഷത്തിന്റെ നഷ്ടം. രണ്ടു കടകൾക്കുമായി 35 ലക്ഷം രൂപ ബാങ്ക് വായ്പയുണ്ട്. ഇൻഷുറൻസ് ബാങ്ക് പുതുക്കാത്തതിനാൽ നഷ്ടപരിഹാരവും ലഭിക്കില്ല. വ്യാപാരം തുടരണമെന്ന് മനുവിനാഗ്രഹമുണ്ട്. സർക്കാർ സഹായിക്കാതെ നടക്കില്ല.

related stories