Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമെന്നു പൊലീസ്; മൂന്നു മൊഴികൾ നിർണായകം

bishop-franco-mulakkal

കോട്ടയം∙ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമെന്നു വിലയിരുത്തൽ. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്നു തെളിയിക്കുന്ന നിര്‍ണായക മൊഴികള്‍ പൊലീസിനു ലഭിച്ചു. ഒപ്പം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ക്കു തൃപ്തികരമായ വിശദീകരണവും ലഭിച്ചു. ഇതുവരെ രേഖപ്പെടുത്തിയ 81 മൊഴികളില്‍ മൂന്നെണ്ണമാണ് ഏറ്റവും നിര്‍ണായകം. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്നു തെളിയിക്കുന്നതും പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്നു തെളിയിക്കുന്നതുമായ മൊഴികളാണ് ഇവ.

പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നു എന്ന മൊഴിയാണ് അതില്‍ ഏറ്റവും പ്രധാനം. മഠത്തിലെ റജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയ കന്യാസ്ത്രീയാണു മൊഴി നല്‍കിയത്. കുറവിലങ്ങാട് മഠത്തിലല്ല മുതലക്കോടത്തെ മഠത്തിലാണു താമസിച്ചതെന്നാണു ബിഷപ്പിന്റെ മൊഴി. എന്നാല്‍ മുതലക്കോടത്തു ബിഷപ്പ് എത്തിയിട്ടില്ല എന്ന് ഇവിടെ റജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീയുടെ മൊഴിയുണ്ട്.

ഇതിനുപുറമേയാണു ബിഷപ്പിന്റെ കാര്‍ ഡ്രൈവറുടെ മൊഴികള്‍. കര്‍ദിനാളിനു കൈമാറിയ ആദ്യ പരാതിയില്‍ ലൈംഗികപീഡനത്തെക്കുറിച്ചു പരാമര്‍ശിച്ചില്ല എന്നതാണ് കന്യാസ്ത്രീയുടെ മൊഴിയില്‍ കണ്ടെത്തിയ വൈരുധ്യം. പരാതി ടൈപ്പ് ചെയ്തു തയാറാക്കുമ്പോള്‍ മറ്റു മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ ഇക്കാര്യം അറിയുമെന്നു ഭയന്നാണു പരാതിയില്‍നിന്ന് ഒഴിവാക്കിയതെന്നും കന്യാസ്ത്രീ വിശദീകരിച്ചു.

ഇതു തൃപ്തികരമാണെന്നാണു പൊലീസിന്റെ നിലപാട്. പരാതി തയാറാക്കിയ ലാപ്ടോപ്, കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, ബിഷപ്പിന്റെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇതോടൊപ്പം മഠങ്ങളിലെ സന്ദര്‍ശക റജിസ്റ്ററുകള്‍, ബിഷപ്പിന്റെ കേരളത്തിലെ ടൂര്‍ പ്രോഗ്രാം, ഇടയനോടൊപ്പം പരിപാടിയുടെ റജിസ്റ്റര്‍ തുടങ്ങി 34 രേഖകളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വത്തിക്കാന്‍ പ്രതിനിധിക്കു നല്‍കാനുള്ള പരാതി സ്വീകരിച്ച ഭഗല്‍പൂര്‍ ബിഷപ് കേരളത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച സാഹചര്യത്തില്‍ പൊലീസ് ഭഗല്‍പൂരിലെത്തി മൊഴി രേഖപ്പെടുത്തും.

related stories