Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠനത്തില്‍ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പ്രതീക്ഷയായി ‘ഹോപ്’

writing പ്രതീകാത്മക ചിത്രം

തിരുവനന്തപുരം ∙ പഠനത്തില്‍ പിന്നാക്കം നിൽക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കി മികവു വര്‍ധിപ്പിക്കാനായുള്ള ഹോപ് പദ്ധതി പ്രളയമേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ഈ വര്‍ഷം നടപ്പാക്കും. പല കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ പത്താംതരമോ പ്ലസ്ടുവോ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരോ ആയ കുട്ടികള്‍ക്കായി പൊലീസ് ആവിഷ്‌കരിച്ച ഹോപ് പദ്ധതി വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു വകുപ്പുകള്‍ എന്നിവയുടേയും പൊതുസമൂഹത്തിന്റെയും സഹകരണത്തോടെയാണു നടപ്പാക്കുന്നത്.

പ്ലസ്ടുവില്‍ തോറ്റ 76 കുട്ടികളെ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി വിജയത്തിലേക്കെത്തിക്കാന്‍ സാധിച്ചിരുന്നു. കേരളത്തിലെ മഹാപ്രളയം രണ്ടുലക്ഷത്തോളം വരുന്ന കുട്ടികളെ ബാധിച്ച സാഹചര്യത്തിലാണു ഹോപ് പദ്ധതി നടപ്പാക്കുന്നത്. പ്രളയബാധിത മേഖലയിലെ കുട്ടികളുടെ മാനസികാരോഗ്യ, സാമൂഹ്യ ആവശ്യങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തി ആവശ്യമായ പിന്തുണ നൽകുക, പഠനോപകരണങ്ങള്‍ സമാഹരിക്കുക, പ്രളയാനന്തരം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി സുമനസ്സുകളായ മെന്‍ഡര്‍മാരെ കണ്ടെത്തുക തുടങ്ങിയവയും ഇതോടൊപ്പം നടപ്പാക്കും.

പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും കണ്ടെത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഏജന്‍സി യുനിസെഫ് പദ്ധതിക്ക് ആവശ്യമായ പിന്തുണ നല്‍കും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസ് ആസ്ഥാനത്തു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടി.കെ.ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു.

ചൈല്‍ഡ് സൈക്യാട്രിസ്റ്റുമാര്‍, സൈക്കോളജിസ്റ്റുമാര്‍, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, പൊലീസ് ഓഫിസര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു ഹോപ് പദ്ധതിക്കു രൂപകല്‍പന നല്‍കി. എഡിജിപി എസ്.ആനന്ദകൃഷ്ണന്‍, ഹോപ് പദ്ധതിയുടെ ചുമതലയുള്ള ഐജി പി.വിജയന്‍, ഐജി ദിനേന്ദ്ര കശ്യപ്, ഡിഐജി കെ.സേതുരാമന്‍, വനിത ബറ്റാലിയന്‍ കമൻഡാന്റ് ആര്‍.നിശാന്തിനി, യുനിസെഫ് ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ സ്‌പെഷലിസ്റ്റ് കുമരേശന്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

related stories