Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ക്യാമറ പൊലീസുകാർക്കു വെറും അലങ്കാരം; പലതിനും ബാറ്ററി തകരാർ

camera-story പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ഘടിപ്പിക്കാനായി വാങ്ങിയ ക്യാമറകൾ.

തിരുവനന്തപുരം∙ ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പരിപാലനത്തിനും പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ഘടിപ്പിക്കാൻ വാങ്ങിയ ക്യാമറകളില്‍ പലതും ബാറ്ററി തകരാറിനെത്തുടര്‍ന്നു കേടായി. പൊലീസുകാരുടെ പ്രവര്‍ത്തനം കണ്‍ട്രോള്‍ റൂമില്‍നിന്നു നേരിട്ടു നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു സംവിധാനം. ബാറ്ററി തകരാറിലായി കേടായതോടെ പൊലീസുകാര്‍ യൂണിഫോമിൽ ക്യാമറ ഘടിപ്പിക്കുന്നില്ല. വിതരണം ചെയ്ത അന്‍പതോളം ക്യാമറകളില്‍ പകുതിയോളം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവ സ്റ്റോറിലേക്കു മാറ്റി.

ജനുവരിയിലാണു പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 25 ക്യാമറകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിതരണം ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് പൊലീസിനാണു ക്യാമറ നല്‍കിയത്. ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കു കയറുമ്പോള്‍ ശരീരത്തില്‍ ക്യാമറ ഘടിപ്പിക്കണമെന്നും കണ്‍ട്രോള്‍ റൂമില്‍നിന്നു തുടര്‍ച്ചയായി ദൃശ്യങ്ങള്‍ നിരീക്ഷിക്കുമെന്നുമായിരുന്നു നിര്‍ദേശം. ദൃശ്യങ്ങള്‍ ലൈവായി അയയ്ക്കുന്നതിനോടൊപ്പം ടച്ച് സ്ക്രീന്‍ സംവിധാനം ഉപയോഗിച്ചു സന്ദേശങ്ങളും ഫോട്ടോകളും അയയ്ക്കാനും ക്യാമറയില്‍ സംവിധാനമുണ്ടായിരുന്നു.

4 ജി സിം, മോണിറ്റര്‍, രാത്രികാല കാഴ്ചയ്ക്ക് ഇന്‍ഫ്രാറെഡ്, എട്ടു മണിക്കൂര്‍ ബാറ്ററി ബാക്അപ്, 32 ജിബി മെമ്മറി, വിഡിയോ– ഓഡിയോ റെക്കോര്‍ഡിങ് എന്നിവയായിരുന്നു പ്രത്യേകതകള്‍. കണ്‍ട്രോള്‍ റൂമുമായി നേരിട്ടു സംസാരിക്കാനുള്ള ‘പുഷ് ടു ടോക്ക്’ സംവിധാനത്തിനു പുറമേ അടിയന്തര സന്ദേശം അയക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. തോളിലോ ബെല്‍റ്റിലോ ഘടിപ്പിക്കുന്ന രീതിയിലായിരുന്നു നിര്‍മാണം. ഭാരം കുറവായിരുന്നു. അയക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷം ആവശ്യമുള്ളവ കണ്‍ട്രോള്‍ റൂമിലെ സര്‍വറില്‍ സൂക്ഷിക്കും.

എന്നാല്‍, ക്യാമറ സെറ്റുകളിലെ ബാറ്ററി തകരാറിലായി സെറ്റുകള്‍ ചൂടാകാന്‍ തുടങ്ങിയതോടെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരാതി ഉയര്‍ന്നു. സെറ്റ് ചൂടാകുന്നുണ്ടെങ്കില്‍ എപ്പോഴും പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്നും അടിയന്തരഘട്ടങ്ങളില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നുമായിരുന്നു ഉന്നതതലത്തിൽ നിന്നുള്ള നിര്‍ദേശം. പിന്നീടു മിക്ക ഉദ്യോഗസ്ഥരും ക്യാമറ ഉപയോഗിക്കാതെയായി. കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശങ്ങളും കുറഞ്ഞു. ക്യാമറയുടെ തകരാര്‍ സംബന്ധിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധന നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കേരളത്തിനു പുറമേ ഡല്‍ഹി, രാജസ്ഥാന്‍ പൊലീസും ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്നുണ്ട്.