Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീതി കിട്ടിയില്ല; നാളെ മുതൽ നിരാഹാരമെന്നും കന്യാസ്ത്രീയുടെ സഹോദരി

nun-strike-in-kochi-8thday ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ സമരം നടത്തുന്ന കന്യാസ്ത്രീകൾ.

കൊച്ചി ∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തമാകുന്നു. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതൽ കൊച്ചിയിലെ സമരപ്പന്തലിൽ നിരാഹാര സമരം തുടങ്ങും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വൈകുന്നതിനാലാണു തീരുമാനം.

പരാതിയിൽ സഭാപിതാക്കൻമാരുടെ നിസംഗത വേദനിപ്പിക്കുന്നുവെന്നു കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. സഭയിൽ നിന്നു നീതി കിട്ടിയില്ല. പണത്തിനു മീതെ സഭാപിതാക്കൻമാരുടെ നാവു പൊങ്ങില്ലെന്നും സഹോദരി ആരോപിച്ചു. ഇതിനിടെ, കൊച്ചിയിൽ നിരാഹാരം അനുഷ്ഠിക്കുന്നവരിൽ ഒരാളെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ജലന്തർ രൂപതയുടെ ഭരണചുമതലയിൽ നിന്ന് ബിഷപ് ഫ്രാങ്കോ പിൻമാറിയെങ്കിലും അറസ്റ്റുണ്ടാകുന്നതുവരെ സമരം തുടരാനാണു സമരസമിതിയുടെ തീരുമാനം.

സമരം ഒന്‍പതാം ദിവസം പിന്നിടുമ്പോൾ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണു പിന്തുണയുമായി എത്തുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുംവരെ അനിശ്ചിതകാല നിരാഹാരസമരം തുടരുമെന്നു കന്യാസ്ത്രീകൾ വ്യക്തമാക്കി. ബിഷപ് ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞാലും സമരം നിർത്തില്ല. വി.എസ്.അച്യുതാനന്ദനെപ്പോലുള്ളവർ സമരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സർക്കാർ നിലപാട് അനുകൂലമാണെന്നു കരുതുന്നില്ലെന്നും അവർ പറഞ്ഞു.

പിന്തുണയുമായി സിറോ മലബാർ സഭാ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ടിന്റെ നേതൃത്വത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ എട്ടു വൈദികർ സമരപ്പന്തലിലെത്തിയതു സമരക്കാർക്ക് ഊർജമായി. ഇവർക്കു പുറമേ മാർത്തോമ്മാ സഭയിലെ വൈദികരും വന്നു. സമരത്തിൽ വത്തിക്കാൻ ഇടപെട്ട് നീതി നടപ്പാക്കണമെന്നു ഫാ. പോൾ തേലക്കാട്ട് പറഞ്ഞു. സഭയിൽ അധികാരത്തിന്റെ രോഗലക്ഷണങ്ങൾ ഉണ്ടെന്നും അതിനു പരിഹാരം കണ്ടേ മതിയാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമരത്തിന്റെ വരവു ചെലവു കണക്കുകൾ പുറത്തുവിടുമെന്നു സേവ് ഔവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിൽ കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു. ഇതിനൊപ്പം ബിഷപ് ഫ്രാങ്കോയുടെ സ്വത്തു വിവരം വെളിപ്പെടുത്തണം. ബിഷപ് ഫ്രാങ്കോ താൽക്കാലികമായി പദവിയിൽ നിന്നു മാറി നിൽക്കുന്നതു ബിഷപ് പദവിയിലുള്ള ഒരാളെ അറസ്റ്റ് ചെയ്യുന്നതിൽ സർക്കാരിനുള്ള െവെമുഖ്യം ഇല്ലാതാക്കുമെന്നു കൗൺസിൽ വിലയിരുത്തി.

related stories