Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർപാപ്പയ്ക്ക് കത്തയച്ച് ബിഷപ്; കന്യാസ്ത്രീയുടെ സഹോദരി നിരാഹാരത്തിന്

pope-francis-franco-mulakkal മാർപാപ്പ, ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ.

ജലന്തർ/കൊച്ചി∙ പീഡന ആരോപണം നേരിടുന്ന ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മാർപാപ്പയ്ക്കു കത്തയച്ചു. തന്നെ ജലന്തർ രൂപതയുടെ ഭരണച്ചുമതലയില്‍നിന്നു താല്‍ക്കാലികമായി ഒഴിവാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. തനിക്കെതിരായ കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിഷേധിക്കുന്ന ബിഷപ്, നിയമനടപടികളുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേസിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിനാലാണു ഭരണച്ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്  ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. 19ന് കേരളത്തിലെത്തുമെന്നും ബിഷപ് കത്തില്‍ പറയുന്നു. ന്യൂഡൽഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്കാണു കത്തു കൈമാറിയതെന്നാണു വിവരം. മാർപാപ്പയുടെ അനുമതി വേഗം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു ജലന്തർ രൂപതാവൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു ഹൈക്കോടതി ജംക്‌ഷനിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം പത്താം ദിവസത്തിലേക്കു കടന്നു. രാവിലെ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരം ആരംഭിക്കും.  വൈകിട്ട് എഴുത്തുകാരി പി.ഗ‌ീതയും നിരാഹാരം തുടങ്ങും.

നിരാഹാര സമരം നടത്തിയ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹി സ്റ്റീഫൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരത്തിന്റെ മൂന്നാം ദിവസമാണ് ഇദ്ദേഹം നിരാഹാരം ആരംഭിച്ചത്. ശനിയാഴ്ച നിരാഹാരം ആരംഭിച്ച ക്രിസ്ത്യൻ റവല്യൂഷണറി മൂവ്മെന്റ് അംഗം അലോഷ്യ ജോസഫ് സമരം തുടരുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീ പ്രവർത്തിക്കുന്ന കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോൺവന്റിലെ സന്യാസിനിമാരായ അനുപമ, ആൽഫി, ജോസഫൈൻ, അൻസിറ്റ എന്നിവരും സമരം നടത്തും. കടവന്ത്ര സെന്റ് ജോസഫ് പള്ളിയിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെ 40 പേർ സമരത്തിനു പിന്തുണയുമായി പന്തലിലെത്തി.

നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ജില്ലാതലങ്ങളിൽ പ്രക്ഷോഭം ആരംഭിക്കാൻ വിവിധ ജനകീയ സമര പ്രസ്ഥാനങ്ങളുടെയും പരിസ്ഥിതി, സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും യോഗത്തിൽ തീരുമാനമായി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ജില്ലാതല സമര കേന്ദ്രങ്ങൾ തുറക്കും. കുറവിലങ്ങാട്ട് ബഹുജന കൂട്ടായ്മയും കോഴിക്കോട്ട് 24 മണിക്കൂർ ഉണർന്നിരിപ്പ് സമരവും നടക്കും. ചൊവ്വാഴ്ച വൈകിട്ട് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനവും ഉണ്ടാകും.

related stories