Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

9 മണിക്കൂർ മൊഴിയെടുപ്പ്, 23 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; അന്വേഷണം ഇങ്ങനെ

Bishop Franco Mulakkal

കൊച്ചി∙ രൂപത ആസ്ഥാനമായ ജലന്തറിൽ ഒൻപതു മണിക്കൂറിലേറെ മൊഴിയെടുക്കൽ. നോട്ടിസ് നൽകി കേരളത്തിലേക്കു വിളിച്ചുവരുത്തി മൂന്നു ദിവസങ്ങളിലായി 23 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. ഇതിനെല്ലാം ഒടുവിലാണു ജലന്തർ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നിർണായക തീരുമാനം പൊലീസ് കൈക്കൊണ്ടത്. മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തിൽ 2014 മുതൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പലതവണ പീഡിപ്പിച്ചതായുള്ള കന്യാസ്ത്രീയുടെ പരാതിയാണ് അറസ്റ്റിന് ആധാരം.

ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സേവ് അവർ സിസ്റ്റേഴ്സ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംക്‌ഷനിലെ നിരാഹാര സമരം 14–ാം ദിവസത്തിലേക്കു കടന്നപ്പോഴാണ് അറസ്റ്റ്. എഴുത്തുകാരും സാംസ്കാരിക നായകരും ആത്മീയ നേതാക്കളും ഉൾപ്പെടെ വലിയൊരു വിഭാഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമരപ്പന്തലിലെത്തി. ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രത്യേക നിർദേശ പ്രകാരം കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നേരിട്ടാണു തൃപ്പൂണിത്തുറയിലെ ഹൈടെക് കേന്ദ്രത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ എസ്പി നേരിട്ടു നടത്തണമെന്നു ബെഹ്റ ചൊവ്വാഴ്ച രാത്രി നിർദേശം നൽകിയിരുന്നു. സാധാരണ, അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും മേലുദ്യോഗസ്ഥർ നിരീക്ഷിക്കുകയും ചെയ്യുകയാണു പതിവ്.

ആരെയും അറിയിക്കാതെ കേരളത്തിലേക്ക്

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചോദ്യംചെയ്യലിനു വിധേയനാകാൻ 19നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 12നാണ് അന്വേഷണ സംഘം ബിഷപ്പിനു നോട്ടിസ് അയച്ചത്. ബിഷപ് ഫ്രാങ്കോയുടെ കേരളത്തിലേക്കുള്ള വരവ് അതീവ രഹസ്യമായിട്ടായിരുന്നു. പൊലീസിന്റെ നോട്ടിസ് ലഭിച്ച ദിവസം തന്നെ ജലന്തർ രൂപതയുടെ അരമനയിൽനിന്നു ബിഷപ് മറ്റൊരു സ്ഥലത്തേക്കു മാറി. തുടർന്നു ഡൽഹി വഴി കേരളത്തിനു പുറത്തുള്ള വിമാനത്താവളത്തിലാണ് ഇറങ്ങിയത്.

തിങ്കളാഴ്ച കൊച്ചിയിലെത്തി അഭിഭാഷകരുമായി ചർച്ച നടത്തിയശേഷം തൃശൂരിലേക്ക്. സഹോദരന്റെ വീട് ഒഴിവാക്കി മറ്റൊരു വീട്ടിലാണു താമസിച്ചത്. വലിയ കാറുകളിൽ യാത്ര ചെയ്യാറുള്ള ബിഷപ് ഈ ദിവസങ്ങളിൽ യാത്രയ്ക്കുപയോഗിച്ചത് സാധാരണ കാറുകൾ. കൊച്ചി, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള അഭിഭാഷകരുടെ സംഘം ബിഷപ്പിനു നിയമപരമായ ഉപദേശങ്ങൾ നൽകി ഒപ്പം നിന്നു.

ചോദ്യം ചെയ്യൽ ഹൈടെക് മുറിയിൽ

പ്രത്യേകതകൾ ഏറെയുള്ള തൃപ്പുണിത്തുറ വനിതാ സെല്ലിന്റെ മുകൾനിലയിലെ ആധുനിക മുറിയിലാണ് (മോഡേൺ ഇന്ററോഗേഷൻ റൂം) ബിഷപ്പിനെ ചോദ്യം ചെയ്തത്. സൗണ്ട് പ്രൂഫ് സംവിധാനമുള്ള മുറിയിൽ അഞ്ചു മൂവി ക്യാമറകൾ പ്രതിയുടെ ചലനവും ശബ്ദവും ഒപ്പിയെടുത്തു. നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരേസമയം പ്രതിയെ ചോദ്യം ചെയ്യാനുള്ള സംവിധാനവുമുണ്ടായിരുന്നു.

ചോദ്യം ചെയ്യുന്ന ഉദ്യാഗസ്ഥരുടെ പിറകിൽ വൺവേ ഗ്ലാസ് കൊണ്ടു വേർതിരിച്ച മോണിട്ടറിങ് റൂം. ഇതിനകത്താണു വിഡിയോ മോണിട്ടറുകൾ. ഇവിടെയുള്ള ഉദ്യോഗസ്ഥർ പ്രതിയുടെ മറുപടിയും മുഖത്തെ ഭാവമാറ്റങ്ങളും അപ്പപ്പോൾ വിശകലനം ചെയ്ത് ഉദ്യോഗസ്ഥർക്കു കൈമാറും. കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ അവയും മൈക്രോഫോണിലൂടെ നൽകും.

മോണിട്ടറിങ് റൂമിലെ ഉദ്യോഗസ്ഥർക്കു പ്രതിയെയും ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരെയും കാണാൻ സാധിക്കുമെങ്കിലും വൺവേ ഗ്ലാസ് ആയതിനാൽ പ്രതിക്കു മോണിട്ടറിങ് റൂമിലെ ഉദ്യോഗസ്ഥരെ കാണാനാകില്ല. മോണിട്ടറിങ് റൂമിൽ 10 ഉദ്യോഗസ്ഥർക്കുള്ള സൗകര്യമാണ് ഉള്ളത്. ചോദ്യം ചെയ്യൽ പൂർണമായും റെക്കോർഡ് ചെയ്യും.

ഒന്നാം ദിനം: ഏഴു മണിക്കൂർ, 150 ചോദ്യങ്ങൾ

പൊലീസ് ബൈക്കിന്റെ അകമ്പടിയോടെ, ഇരുമ്പനത്തെ വ്യവസായിയുടെ പേരിലുള്ള കാറിൽ 11 മണിയോടെയാണ് ആദ്യ ദിനത്തിലെ ചോദ്യംചെയ്യലിനായി ബിഷപ് എത്തിയത്. സഹോദരനും ഒരു വൈദികനും ഒപ്പമുണ്ടായിരുന്നു. ഇവർക്കു പിറകെ, മറ്റൊരു കാറിൽ രണ്ട് അഭിഭാഷകരെത്തി. ചോദ്യം ചെയ്യൽ കേന്ദ്രത്തിന് 1.5 കിലോമീറ്റർ മുൻപ്, കരിങ്ങാച്ചിറ മുതൽ പൊലീസിന്റെ ബൈക്ക് അകമ്പടി നൽകി.

ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ ഏഴു മണിക്കൂർ നീണ്ടു. എസ്പി ഹരിശങ്കർ, െവെക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ ചോദിച്ചതു 150 ചോദ്യങ്ങൾ. നിരപരാധിയാണ്, പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ട് എന്നീ വാദങ്ങൾ ബിഷപ് ആവർത്തിച്ചു. രാവിലെ 11നു തുടങ്ങിയ ചോദ്യംചെയ്യൽ വൈകിട്ട് ആറിനാണ് അവസാനിച്ചത്.

കന്യാസ്ത്രീക്കെതിരെ താൻ അച്ചടക്കനടപടി എടുത്തതിലുള്ള വിരോധം മൂലമുള്ള കള്ളക്കേസാണെന്നു ജലന്തറിലെ ചോദ്യം ചെയ്യലിൽ ബിഷപ് പറഞ്ഞിരുന്നു. നടപടി എടുക്കുംമുൻപും പീഡനത്തെക്കുറിച്ചു കന്യാസ്ത്രീ പലർക്കും പരാതി നൽകിയതിന്റെ തെളിവുകൾ അന്വേഷണ സംഘം നിരത്തി. പല ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകിയില്ല. തനിക്ക് അറിയില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു.

20നു രാവിലെ 11 മണിക്കു വീണ്ടും ഹാജരാകാനുള്ള നിർദ്ദേശത്തോടെ ബിഷപ്പിനെ പറഞ്ഞയച്ചു. ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ബിഷപ്പിനു നേരെ എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു.

രണ്ടാം ദിനം: മറുതെളിവുകൾ നിരത്തി പൊലീസ്

തൃപ്പൂണിത്തുറയിലെ വനിതാസെൽ കെട്ടിടത്തിലെ അതേ മുറി. അതേ ഉദ്യോഗസ്ഥർ. ഏഴര മണിക്കൂർ ചോദ്യം ചെയ്യൽ. പുറത്ത്, മാധ്യമപ്പടയും പൊലീസുകാരും. ചോദ്യം ചെയ്യൽ നടക്കുന്ന വനിതാ സെൽ വളപ്പിൽ രണ്ടാംദിനവും കാര്യങ്ങളെല്ലാം തലേന്നത്തേതിനു സമാനം. ബിഷപ്പിന്റെ മുൻ മൊഴികൾക്കെതിരെ ശേഖരിച്ച തെളിവുകളുമായിട്ടായിരുന്നു ചോദ്യംചെയ്യൽ.

കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിൽ തങ്ങിയ ബിഷപ്പിനെ പൊലീസ് സംരക്ഷണത്തിലാണു രണ്ടാംദിനം ‌രാവിലെ 11.05നു ചോദ്യംചെയ്യൽ കേന്ദ്രത്തിലെത്തിച്ചത്. ജലന്തർ രൂപത പിആർഒ ഫാ. പീറ്റർ കാവുംപുറവും ഒപ്പമുണ്ടായിരുന്നു. സഹായികളും അഭിഭാഷകരും മറ്റൊരു കാറിലെത്തി. ആദ്യദിവസം എഐവൈഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണു ഒരുക്കിയത്.

കന്യാസ്ത്രീ പൊലീസിനു നൽകിയ മൊഴി, ചങ്ങനാശേരി കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ്, ബിഷപ്പിന്റെ മുൻ ഡ്രൈവറുടെ മൊഴി, കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സന്ദർശക റജിസ്റ്റർ, ഇവിടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം തുടങ്ങിയ തെളിവുകൾ ഉപയോഗിച്ചായിരുന്നു ചോദ്യംചെയ്യൽ.

കുറവിലങ്ങാട് നാടുകുന്ന് മഠം സന്ദർശിച്ച തീയതികൾ ഓർമയില്ലെന്നും ഒരുമാസം മുൻപേ നിശ്ചയിച്ചതനുസരിച്ചാണു കന്യാസ്ത്രീക്കൊപ്പം ബന്ധുവിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതെന്നും ബിഷപ് നിലപാടെടുത്തു. അതേസമയം, പീഡനം നടന്നെന്നു പറയുന്ന തീയതികളിലെല്ലാം ബിഷപ് മഠത്തിലെത്തിയിരുന്നതായി സന്ദർശക റജിസ്റ്ററിലുണ്ടെന്നും ഇതു തിരുത്തിയിട്ടില്ലെന്ന ഫൊറൻസിക് രേഖയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വൈകിട്ട് ആറരയോടെ പൊലീസ് സംരക്ഷണത്തിൽത്തന്നെ ബിഷപ്പിനെ തിരികെ ഹോട്ടലിലെത്തിച്ചു.

മൂന്നാം ദിനം: അവസാനവട്ട പരിശോധന

രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലോടെ തന്നെ അന്വേഷണ സംഘത്തിനു കാര്യങ്ങളെക്കുറിച്ച് ഏതാണ്ടു വ്യക്തത വന്നു. പത്തു ശതമാനം മൊഴികളിൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് എസ്പി ഹരിശങ്കർ നിലപാടെടുത്തു. മൂന്നു സംഘമായി തിരിഞ്ഞു പരാതിക്കാരിയുടെയും ആരോപണ വിധേയന്റെയും മൊഴികൾ രാത്രിയിൽ വിശദമായി പരിശോധിച്ചു.

മൂന്നാം ദിനം ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനിടയിൽത്തന്നെ സമാന്തരമായി പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1.30ന് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പ്രചാരണമുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസും ഡിജിപിയും നിഷേധിച്ചു. അഭ്യുഹങ്ങളും ആകാംക്ഷകളും പിന്നിട്ട മണിക്കൂറുകൾ. ബിഷപ്പിന്റെ അറസ്റ്റ് ഉറപ്പായതിന്റെ ആവേശം ഹൈക്കോടതി ജംക്‌ഷനിലെ സമരപ്പന്തലിലും ദൃശ്യമായിരുന്നു.

related stories