Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖം മറച്ചു ഭീഷണിയും പരിഹാസവും; അവസാനിക്കുന്നില്ല കന്യാസ്ത്രീകളുടെ സമരം

Nun Protest സമരപ്പന്തലിലെ അവസാന ദിവസത്തെ കാഴ്ച.

കൊച്ചി∙ ഭിത്തിയിൽ എണ്ണിയൊട്ടിച്ച സമരദിനങ്ങളുടെ ഭാരമില്ലാത്തതു കൊണ്ടാകണം, രാവിലെ കന്യാസ്ത്രീമാരുടെ സമരപ്പന്തൽ പൊതുവെ ശാന്തമായിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായതോടെ സമരം പിരിച്ചു വിടുമെന്ന പ്രഖ്യാനം വെള്ളിയാഴ്ച തന്നെ വന്നിരുന്നു. പരിധി വിട്ട ആഹ്ലാദപ്രകടനങ്ങളോ മുദ്രാവാക്യങ്ങളോ രോഷപ്രകടനങ്ങളൊ ഇല്ലാതെ സമരപ്പന്തൽ. എന്നിട്ടും സമരക്കാരെയും മാധ്യമ പ്രവർത്തകരെയും കൊണ്ട് പന്തൽ നിറഞ്ഞു കവിഞ്ഞു.

സമര രംഗത്തുള്ള കന്യാസ്ത്രീകൾ ഇനി എത്തുകയേ വേണ്ടൂ. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി സന്യാസിനിമാർ എത്താൻ വൈകിയിട്ടും എല്ലാവരും ക്ഷമയോടെ കാത്തിരുന്നു. സമരത്തിനു പിന്തുണയുമായി എത്തിയവർക്കും സർക്കാരിനും പൊലീസിനുമെല്ലാം നന്ദി പറയുകയായിരുന്നു മുഖ്യ അജണ്ട. സമരത്തിന്റെ അടുത്ത മുഖം എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കുകയും വേണം. 

ഒടുവിൽ പതിനാലു ദിവസമായി ഹൈക്കോടതി ജംക്‌ഷനിൽ നടന്നു വന്ന സമരം പിരിച്ചു വിട്ടതായി സമരസമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി പ്രഖ്യാപിച്ചു. ‘ഇതോടെ സമരം അവസാനിക്കുകയല്ല, പകരം ഇരയാക്കപ്പെട്ട സഹോദരിക്കു നീതി കിട്ടും വരെ നമ്മൾ സമരരംഗത്തുണ്ടാകും. ഇനിയുള്ള പ്രവർത്തനങ്ങൾ എപ്രകാരം ആയിരിക്കണം എന്നതിനെക്കുറിച്ച് ഞായറാഴ്ച കൊച്ചിയിൽ ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും. ഒരിക്കലും തുറന്നു പറയില്ല എന്ന ഉറപ്പുള്ളതുകൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ഉപദ്രവിക്കാൻ ധൈര്യപ്പെട്ടത്.

പൗരോഹിത്യ അടിമത്തത്തിൽ അവർ അത്ര ദൈന്യത നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. തുറന്നു പറഞ്ഞാൽ ഇനി എവിടേയ്ക്കു പോകും എന്ന ചോദ്യത്തിനു മുന്നിൽ, എവിടെയും അഭയം ലഭിച്ചില്ലെങ്കിൽ ഇവിടെ ആശ്രമത്തിലേയ്ക്കു പോരൂ എന്ന ഒരു ഏറ്റുപറച്ചിലിനിടെ ലഭിച്ച ധൈര്യമാണ് കാര്യങ്ങൾ ഇവിടെവരെ എത്തിച്ചത്. ഇരയാക്കപ്പെട്ട ആ കന്യാസ്ത്രീയുടെ തീരുമാനമാണ് ഈ സമരത്തിന് ആധാരം. സമരത്തിനു പിന്നിൽ ഒരു രാഷ്ട്രീയ ലക്ഷ്യവുമില്ല, ആരോടും ഒരു വൈരാഗ്യവുമില്ല. വൈകിയാണെങ്കിലും നീതിയുടെ പക്ഷത്തുള്ളരോടു നന്ദിയുണ്ട്’ – അദ്ദേഹം പറഞ്ഞു. 

പ്രലോഭനങ്ങളിൽ വീഴാതെ...

സമരത്തിനിറങ്ങിയ അന്നു മുതൽ പ്രലോഭനങ്ങളും സമ്മർദങ്ങളും നിരവധിയുണ്ടായിരുന്നെന്നു കന്യാസ്ത്രീകൾക്കിടയിൽ നിന്ന് ഇറങ്ങി വന്നു സമരത്തിനു ചുക്കാൻ പിടിച്ച സിസ്റ്റർ അനുപമ പറഞ്ഞു. ഭീഷണികളേക്കാൾ കൂടുതൽ പിന്തുണ നൽകിയവരായിരുന്നു. പഞ്ചാബിൽ നിന്നും നിരവധിപ്പേർ വിളിച്ച് ധൈര്യം തന്നു. എറണാകുളം രൂപതയിലുള്ളർ തന്നെ സമരത്തിനു പിന്തുണ നൽകി. ഒരു വേള തണുത്തുപോയ കേസ് സജീവമാക്കുന്നതിൽ പ്രയത്നിച്ച മാധ്യമപ്രവർത്തകരടക്കം നിരവധിപ്പേരുണ്ട്. എല്ലാവരോടും നന്ദിയുണ്ട്.

അൽപം വൈകിയാണെങ്കിലും പൊലീസിൽ നിന്നും നീതി ലഭിച്ചു എന്ന വിശ്വാസമാണുള്ളത്. പൊലീസിനും പ്രലോഭനങ്ങളും സമ്മർദ്ദങ്ങളുമുണ്ടാകും. അതിലൊന്നും വഴിപ്പെടാതെ ഞങ്ങളുടെ സഹോദരിയ്ക്കു നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. ദൈവമാണ് ഇവിടെ വരെ എത്തിച്ചതെന്നും ഏവരോടും നന്ദി പറയണമെന്നും പീഡനത്തിനിരയായ കന്യാസ്ത്രീ ആവശ്യപ്പെട്ടതായും സിസ്റ്റർ അനുപമ പറഞ്ഞു. 

തെരുവിലിറക്കിയ നീതിനിഷേധം

സഭയുടെ ഭാഗത്തുനിന്നുണ്ടായ നീതി നിഷേധമാണ് തെരുവിലിറക്കിയതെന്ന് ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി സമരപ്പന്തലിൽ മാധ്യമങ്ങളോടു പറഞ്ഞു. സഭ പിന്തുണയ്ക്കാത്തതിൽ വിഷമമുണ്ട്. നടപടിയുണ്ടായാൽ അതിനെ നേരിടും. ഇനിയും ഒത്തിരി കടമ്പകൾ കടക്കാനുണ്ടെന്നറിയാം. പണംകൊണ്ടോ സ്വാധീനം കൊണ്ടോ ദൈവത്തിന്റെ നീതി നിഷേധിക്കാനാവില്ല. എത്ര ഉന്നതനായാലും സാധാരണക്കാരനു നീതി ലഭിക്കും എന്ന ധൈര്യം ലഭിച്ചതായും അവർ പറഞ്ഞു. 

ആത്മഹത്യയുടെ വക്കിൽ നിന്ന്

പരാതികൾക്കും പ്രാർഥനകൾക്കും സമരത്തിനുമെല്ലാം ഫലമില്ലാതെ പോകുമോ എന്ന് ഒരു ഘട്ടത്തിൽ ആശങ്കപ്പെട്ടെന്ന് സമരത്തിൽ ശക്തമായ സാന്നിധ്യമായിരുന്ന സിസ്റ്റർ നീന റോസ് നന്ദിപ്രകടനത്തിനിടെ പറഞ്ഞു. ആത്മഹത്യ ചെയ്യേണ്ടി വരുമോ എന്നു പോലും ചിന്തിച്ചു പോയി. എല്ലാവരും ഒരുമിച്ചു നിന്നതിന്റെ ഫലമാണ് ഈ വിജയം. പ്രളയ ദിനങ്ങളിൽ മലയാളികൾ പരസ്പരം നൽകിയ സാഹോദര്യമാണ് സമരത്തോടും കാണിച്ചത്. മരണത്തിന്റെ വക്കിൽ നിന്നു ലഭിച്ച വിജയമാണിതെന്നും എല്ലാവരോടും നന്ദിപറയാൻ വാക്കുകളില്ലെന്നും സിസ്റ്റർ നീന പറഞ്ഞു. 

‘ഞങ്ങൾക്കു വേണ്ടി മാത്രമല്ല സമരം’

ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ഇതുവരെ എത്തിയതെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയായ കന്യാസ്ത്രീ പറഞ്ഞു. സമരത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് ആരാണ് എന്ന് ചോദിക്കുന്നവരോട് ദൈവം മാത്രമാണ് എന്നാണ് പറയാനുള്ളത്. ഞങ്ങൾക്കു മാത്രം നീതി ലഭിക്കുന്നതിനല്ല സമരത്തിനിറങ്ങിയത്. ഞങ്ങളുടെ സ്വന്തമെന്നു വിശ്വസിച്ച സമൂഹമാണ് ഞങ്ങളെ സമരത്തിനിറക്കിവിട്ടതെന്നും അവർ പറഞ്ഞു. 

മുഖം മറച്ചെത്തിയ ഭീഷണി

ആരാണെന്നറിയാതിരിക്കാൻ മുഖം മറച്ചു ഭീഷണിയുടെയും പരിഹാസത്തിന്റെയും സ്വരത്തിൽ തനിക്ക് ഒരു വിഡിയോ ലഭിച്ചെന്ന് കണ്ണൂരിൽ നിന്ന് എത്തി സമരപ്പന്തലിൽ സജീവമായിരുന്ന സിസ്റ്റർ ഇമൽഡ പറയുന്നു. ഇതൊരു കന്യാസ്ത്രീയാണെന്നു തനിക്കറിയാമെന്നും നിങ്ങൾ ധൈര്യമുണ്ടെങ്കിൽ മുഖം മറയ്ക്കാതെ നേരിട്ടു വന്നു സംസാരിക്കാൻ ആവശ്യപ്പെട്ടതായും സിസ്റ്റർ പറഞ്ഞു. 

മാറ്റിയെഴുതിയ സമരസങ്കൽപം

മുദ്രാവാക്യങ്ങളും പ്രകടനങ്ങളും കല്ലേറും എന്ന സങ്കൽപത്തിൽ നിന്ന് മാറി പാടിയും ആടിയും കഥപറഞ്ഞും സമരം എന്ന സങ്കൽപത്തിലേയ്ക്ക് എത്തുകയായിരുന്നു ഹൈക്കോടതി ജംക്‌ഷനിലെ കന്യാസ്ത്രീമാരുടെ സമരം. ജെഎൻയുവിലും മറ്റും കണ്ടു പരിചയിച്ച സമര മുറകൾ നാട്ടിലേയ്ക്ക് പറിച്ചു നടുന്നതിനുള്ള ശ്രമമായിരുന്നോ എന്ന ചോദ്യത്തിന് ‘സമാധാനപരമായ സമരം എന്നാൽ ഇതല്ലേ’ എന്നു മറുചോദ്യം ചോദിക്കുന്നു സമരമുഖത്ത് സജീവമായിരുന്ന മായ കൃഷ്ണൻ. കന്യാസ്ത്രീമാരുടെ സമരം അക്രമാസക്തമാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെക്കുറിച്ചുള്ള വാർത്തകൾ വന്നപ്പോൾ സമരം ശാന്തമായിരിക്കണം എന്ന കാര്യത്തിൽ ഏവരും ശ്രദ്ധപുലർത്തിയിരുന്നെന്നും ഇവർ പറയുന്നു. 

related stories