Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ കെപിസിസി ഭാരവാഹികള്‍ രണ്ടാഴ്ചയ്ക്കകം; പട്ടിക ചുരുക്കൽ വെല്ലുവിളി

rahul-gandhi-kpcc കെ.സുധാകരൻ, കെ.മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം.

തിരുവനന്തപുരം ∙ പുതിയ കെപിസിസി ഭാരവാഹികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും. വ്യാഴാഴ്ച കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന രാഷ്ട്രീയകാര്യ സമിതിയോഗം അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കും. 10 വര്‍ഷത്തിലേറെയായി സ്ഥാനം വഹിക്കുന്നവരെ ഒഴിവാക്കണമെന്നാണു ഹൈക്കമാന്‍ഡ് നിര്‍ദേശം. എന്നാൽ ആറുപേര്‍ മാത്രമേ ഈ മാനദണ്ഡത്തിന്റെ പരിധിയിലുള്ളൂ.

കെപിസിസിയിൽ ഇനി വൈസ് പ്രസിഡന്റ് സ്ഥാനം ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ നിലവിലുള്ള നാല് വൈസ് പ്രസി‍ഡന്റുമാർക്ക് അർഹമായ സ്ഥാനം നൽകണമെന്നതാണു ആദ്യ വെല്ലുവിളി. വി.ഡി.സതീശന് ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ക്രീനിങ് കമ്മിറ്റിയുടെ ചുമതലയുണ്ട്. മറ്റു വൈസ് പ്രസിഡന്റുമാരായ ലാലി വിന്‍സെന്റ്, എ.കെ.മണി, ഭാരതിപുരം ശശി എന്നിവർ 10 വര്‍ഷം തികച്ചവരല്ല. 19 ജനറല്‍ സെക്രട്ടറിമാരും ആറുവര്‍ഷം കഴിഞ്ഞതേയുള്ളു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചിട്ടുള്ള പട്ടികയില്‍ 11 പേര്‍ ഐ വിഭാഗവും ഏഴുപേര്‍ എ വിഭാഗക്കാരുമാണ്.

36 സെക്രട്ടറിമാരിൽ 10 വര്‍ഷം തികച്ചവർ ആറു പേരെയുള്ളു– പി.ടി.അജയമോഹന്‍, കെ.പി.അബ്ദുൽ മജീദ്, ജെയ്സണ്‍ ജോസഫ്, മാന്നാർ അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂര്‍ ഹാജി, കെ.കെ.വിജയലക്ഷ്മി. അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ആളെ ഒഴിവാക്കുന്നതിനും പുതിയ നേതൃത്വത്തിനു കര്‍ശന മാനദണ്ഡങ്ങള്‍ നടപ്പാക്കേണ്ടിവരും. പുതിയ ഡിസിസി പ്രസി‍ഡന്റുമാര്‍ വന്നപ്പോള്‍ സ്ഥാനം ഒഴിഞ്ഞവര്‍ക്കു കെപിസിസി സെക്രട്ടറി സ്ഥാനം നല്‍കണം. യുവജന, വനിത, ദലിത് പ്രാതിനിധ്യവും ഉറപ്പാക്കണം.

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒരാളെയും നിയമിക്കരുതെന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഗ്രൂപ്പ് നേതൃത്വങ്ങളുടെ പിന്തുണയില്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോകില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികള്‍ക്കു ചുമതല നല്‍കേണ്ടതിനാൽ എത്രയും വേഗം പട്ടിക തയാറാക്കി ഹൈക്കമാന്‍ഡിനു കൈമാറാനാണു പുതിയ നേതൃത്വത്തിന്റെ തീരുമാനം.