Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളുടെ ചേലാകർമം മനുഷ്യാവകാശ ലംഘനമെന്ന്; ഹർജി ഭരണഘടനാ ബെഞ്ചിന്

Supreme Court

ന്യൂഡൽഹി∙ സ്ത്രീകളുടെ ചേലാകര്‍മം നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഡ്വക്കറ്റ് ജനറൽ കെ.കെ.വേണുഗോപാൽ, ദാവൂദി ബോറയുടെ അഭിഭാഷകൻ എന്നിവരുടെ ആവശ്യം കൂടി പരിഗണിച്ചാണു സുപ്രീംകോടതിയുടെ തീരുമാനം.

അഡ്വ. സുനിത തിവാരി നൽകിയ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണു നടപടി. സ്ത്രീകളുടെ ചേലാകര്‍മം സ്വകാര്യതയുടെ ലംഘനമാണെന്നു നേരത്തേ നിരീക്ഷിച്ച കോടതി, ഓരോ സ്ത്രീക്കും അവരുടെ അസ്തിത്വം ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു.

ദാവൂദി ബോറ സമുദായത്തിലെ എല്ലാ പെൺകുട്ടികളിലും ചേലാകർമം നടക്കുന്നുണ്ടെന്നും ഖുറാനിൽ ഇതേക്കുറിച്ചു പരാമർശമില്ലെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത ചടങ്ങാണിത്. മനുഷ്യത്വവിരുദ്ധവും വൃത്തിഹീനവുമാണ്. ‘പുരാതന ആചാരം’ എന്നപേരിലുള്ള ചടങ്ങ് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ ലംഘനമാണ്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും അന്തസ്സോടെയും തുല്യതയോടെയും ജീവിക്കാനുള്ള അവകാശത്തിനു നേർക്കുള്ള വെല്ലുവിളിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

യുഎൻ പൊതുസഭ 2012ൽ ചേലാകർമം നിരോധിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളുടെ ലംഘനമാണിതെന്നു ലോകാരോഗ്യ സംഘടന പറയുന്നു. യുഎസ്, ഓസ്ട്രേലിയ, യുകെ, ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, ഗാംബിയ തുടങ്ങിയവ ചേലാകർമം നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇതുസംബന്ധിച്ചു പ്രത്യേക നിയമമില്ല. നിലവിലുള്ള നിയമങ്ങളനുസരിച്ചുതന്നെ കുറ്റകൃത്യമാണ്. ചേലാകർമത്തിനെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാർക്കു നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

related stories