Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി മോദി വാക്കുപാലിച്ചില്ല; കേരളം തോൽക്കില്ല: മുഖ്യമന്ത്രി പിണറായി

Pinarayi-modi പിണറായി വിജയൻ, നരേന്ദ്ര മോദി

അബുദാബി∙ കേരളത്തിന്റെ പുനർനിർമാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കുപാലിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രക്കു പ്രധാനമന്ത്രി വാക്കാൽ അനുമതി നൽകിയിരുന്നു. എന്നാൽ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ലെന്നു ഗൾഫ് സന്ദർശനത്തിനിടെ പിണറായി സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രധാനമന്ത്രിയെ നേരിട്ടുകണ്ടാണു മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്. അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി പിന്നീട് അനുമതി നിഷേധിച്ചു. ഇത് എന്തു കൊണ്ടാണെന്നു മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തെ കരകയറ്റാൻ ലോകത്താകെയുള്ള മലയാളികൾ കൈകോർത്താൽ നിഷ്പ്രയാസം സാധിക്കുമെന്നു അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിലെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തെ അതിജീവിക്കാൻ വേണ്ടത്ര പണം കേന്ദ്രത്തിൽനിന്നു ലഭിക്കുന്നില്ല. വായ്പയെടുക്കാനും പരിമിതികളുണ്ട്. തന്റെ നാട് പ്രതിസന്ധിയിലാണെന്ന് ഓരോ മലയാളിയും തിരിച്ചറിയണം. കേരളത്തിനു നേർക്ക് ആദ്യം സഹായഹസ്തം നീട്ടിയതു യുഎഇയാണ്. കേരളത്തിന്റെ നഷ്ടം തങ്ങളുടെ നഷ്ടമായാണ് ഈ രാജ്യം കാണുന്നതെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പിൽനിന്ന്:

കേരളത്തിനു സഹായം സ്വരൂപിക്കാൻ മന്ത്രിമാരുടെ വിദേശയാത്രയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കാൽ അനുമതി നൽകിയിരുന്നു. എന്നാൽ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ല. പ്രധാനമന്ത്രിയെ നേരിട്ടുകണ്ടാണു മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി തേടിയത്.

ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളെ നേരിട്ടുകണ്ടു സഹായം തേടാമെന്നാണു പ്രധാനമന്ത്രിയോടു പറഞ്ഞത്. ഇക്കാര്യങ്ങളോട് അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രി ചാരിറ്റി സംഘടനകളെയും കാണാമെന്നു പറഞ്ഞു. എന്നാൽ പിന്നീടു മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചു. ഇത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല.

പ്രളയദുരന്തത്തിൽ കേരളത്തെ സഹായിക്കാൻ പലരാജ്യങ്ങളും സ്വയമേവ തയാറായിട്ടും ആ സഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല. പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത്‌ ദുരന്തത്തില്‍ വിദേശസഹായം വാങ്ങിയിരുന്നു. എന്നാൽ നമ്മുടെ കാര്യം വന്നപ്പോൾ നമുക്കാർക്കും മനസ്സിലാകാത്ത നിലപാട് സ്വീകരിക്കുകയാണു പ്രധാനമന്ത്രി ചെയ്തത്.

കേരളം ആരുടെ മുന്നിലും തോൽക്കാൻ തയാറല്ല. നമുക്കു നമ്മുടെ നാട് പുനർനിർമിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നതു തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികൾ നമ്മുടെ നാടിന്റെ കരുത്താണ്. അവരിൽ വലിയ വിശ്വാസമുണ്ട്. എല്ലാ പ്രവാസികളും നാടിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകണം.

related stories