Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. കുര്യാക്കോസിനെ കൊന്നതാണെന്ന് അനുജൻ; ജലന്തർ പൊലീസിനെ വിശ്വാസമില്ല

jalandhar-diocese ജലന്തർ രൂപത ആസ്ഥാനം. ചിത്രം: ട്വിറ്റർ

ആലപ്പുഴ∙ ഫാ. കുര്യാക്കോസിനെ കൊലപ്പെടുത്തിയതാണെന്നു 100% ഉറപ്പുണ്ടെന്ന് അനുജൻ ജോസ് കാട്ടുതറ. മൃതദേഹം നാട്ടിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തണം. ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. സംഭവവും കേസും ജലന്തറിലായതിനാൽ പരാതി അവിടേക്ക് അയയ്ക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചെന്നും ജോസ് പറഞ്ഞു.

ഇക്കാര്യത്തിൽ ഇടപെടണമെന്നു മുഖ്യമന്ത്രിക്കു നിവേദനം നൽകും. ജലന്തർ പൊലീസിനെ വിശ്വാസമില്ല. അവിടത്തെ കമ്മിഷണർ ബിഷപ്പിന്റെ വലംകയ്യാണെന്നും ജോസ് വ്യക്തമാക്കി. രാവിലെ പത്തരയോടെ ജലന്തറിലുള്ള ഒരു വൈദികനാണു മരണം അറിയിച്ചത്. ‘കുര്യാക്കോസ് അച്ചൻ മരിച്ചു, കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം’ എന്നു മാത്രമാണു പറഞ്ഞത്. എന്നാൽ, ഇപ്പോൾ ബന്ധുക്കൾ എത്തുന്നതിനു മുൻപു പോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുന്നതിൽ ദുരൂഹതയുണ്ട്. ഇതിൽ വലിയ ചതിയുണ്ട്. മാരകമായ എന്തോ ചെയ്തിട്ടുണ്ട്.

‌ബിഷപ്പിനെതിരേ മൊഴി കൊടുത്തതു മുതൽ ഫാ. കുര്യാക്കോസിനു പല പ്രശ്നങ്ങളുമുണ്ടായി. താൻ ജീവിച്ചിരിക്കില്ലെന്നു ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. സഭയിലെ സീനിയർ വൈദികനാണ് ഫാ. കുര്യാക്കോസ്. ജലന്തറിലെ മുൻ ബിഷപ്പിനൊപ്പവും ഉണ്ടായിരുന്നു. ആദ്യകാലത്തു കന്യാസ്ത്രീകളെ ജലന്തറിൽ കൊണ്ടുപോയത് അദ്ദേഹമാണ്. അതിനാൽ കന്യാസ്ത്രീകൾ പരാതികൾ പറഞ്ഞിരുന്നത് അദ്ദേഹത്തോടാണ്. ഇതിന്റെയെല്ലാം പക ചിലർക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നു.

രണ്ടു മൂന്നു വർഷമായി അദ്ദേഹം ഭീഷണി നേരിടുന്നു. വീടിനു നേരേ ആക്രമണമുണ്ടായി. മറ്റൊരാളുടെ കാർ അച്ചന്റേതെന്നു കരുതി തകർത്തു. ബിഷപ്പ് തന്നെ ആളുകളെ ഇളക്കി വിട്ടിട്ടുണ്ട്. ഭീഷണി കാരണം അച്ചൻ പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയായിരുന്നു. മരണവിവരം അറിയിച്ച ശൈലി ശരിയായിരുന്നില്ല. സഹോദരനോടു പറയേണ്ട രീതിയായിരുന്നില്ല. സഭ ഒന്നടങ്കം ബിഷപ്പിനൊപ്പമാണ്. കണ്ണടച്ച് ഇരുട്ടാക്കുന്നതല്ലാതെ വിശ്വാസികൾക്ക് അനുകൂലമല്ലെന്നും ജോസ് പറഞ്ഞു.

പരാതി ജലന്തർ പൊലീസിന് അയച്ചു: ജില്ലാ പൊലീസ് മേധാവി

ഫാ. കുര്യാക്കോസിന്റെ മരണം സംബന്ധിച്ച് അനുജന്റെ പരാതി ജലന്തർ പൊലീസ് കമ്മിഷണർക്കും പൊലീസ് സ്റ്റേഷനിലേക്കും ഇമെയിലായി അയച്ചെന്നു ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ഇവിടെ കേസ് ഇല്ലാത്തതിനാലാണ് അയച്ചത്. സംഭവം നടന്നതും കേസും ജലന്തറിലാണ്. അതിനാൽ ഇവിടെ നടപടിയെടുക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

related stories