Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സർക്കാർ ബിജെപിയുടെ ദയാദാക്ഷിണ്യമല്ല: അമിത് ഷായ്ക്കു മറുപടിയുമായി മുഖ്യമന്ത്രി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ

തിരുവനന്തപുരം∙ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കണ്ണൂരില്‍ നടത്തിയ പ്രസ്താവനകൾക്കു ശക്തമായ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. അമിത് ഷായുടെ വാക്കുകൾ സംസ്ഥാന ഗവണ്‍മെന്‍റിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്നു മുഖ്യമന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിൽ വിമർശിച്ചു.

ആര്‍എസ്എസിന്‍റെയും സംഘപരിവാറിന്‍റെയും യഥാര്‍ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത് ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളത്. സ്ത്രീയും പുരുഷനും തുല്യരല്ല എന്ന പഴയ മനുസ്മൃതി വാദത്തില്‍ത്തന്നെയാണു തങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നത് എന്നാണ് അമിത് ഷായുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ജനാധിപത്യമടക്കമുള്ള ആധുനിക സങ്കല്‍പങ്ങള്‍ മുമ്പോട്ടുവയ്ക്കുന്ന തുല്യത, മൗലികാവകാശങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുസമൂഹമൊന്നാകെ ഇത്തരം പ്രാകൃത വാദങ്ങള്‍ക്കെതിരെ അണിനിരക്കേണ്ടതുണ്ട് – മുഖ്യമന്ത്രി വ്യക്തമാക്കി.

ഗവണ്‍മെന്‍റിനെ വീഴ്ത്തുമെന്നു ഭീഷണിപ്പെടുത്തുന്ന അമിത് ഷാ ഈ ഗവണ്‍മെന്‍റ് അധികാരത്തിലുള്ളത് ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ചു സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണ് എന്നത് ഓര്‍ക്കണം. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത് ഷാ തന്‍റെ പ്രസ്താവനയിലൂടെ നല്‍കുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:

ബിജെപി പ്രസിഡന്‍റ് അമിത് ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്‍റിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണ്. നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതി എന്ന അമിത് ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണു നല്‍കുന്നത്. ആര്‍എസ്എസിന്‍റെയും സംഘപരിവാറിന്‍റെയും യഥാര്‍ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത് ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളത്.

സ്ത്രീ-പുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടത് എന്നുള്ള വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിര്‍ത്തലാക്കേണ്ടതു നിയമത്തിലൂടെയല്ല എന്ന വാദത്തിന്‍റെ മുന്നോടിയാണ്. സ്ത്രീയും പുരുഷനും തുല്യരല്ല എന്ന പഴയ മനുസ്മൃതി വാദത്തില്‍ത്തന്നെയാണു തങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നത് എന്നാണ് അമിത്ഷായുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ജനാധിപത്യമടക്കമുള്ള ആധുനിക സങ്കല്‍പങ്ങള്‍ മുമ്പോട്ടുവയ്ക്കുന്ന തുല്യത, മൗലികാവകാശങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുസമൂഹമൊന്നാകെ ഇത്തരം പ്രാകൃത വാദങ്ങള്‍ക്കെതിരെ അണിനിരക്കേണ്ടതുണ്ട്.

ഗവണ്‍മെന്‍റിനെ വീഴ്ത്തുമെന്നു ഭീഷണിപ്പെടുത്തുന്ന അമിത് ഷാ ഈ ഗവണ്‍മെന്‍റ് അധികാരത്തിലുള്ളത് ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണ് എന്നത് ഓര്‍ക്കണം. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത് ഷാ തന്‍റെ പ്രസ്താവനയിലൂടെ നല്‍കുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഇതിനെതിരെ ശബ്ദമുയര്‍ത്തണം. പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുന്നതിന്‍റെയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെയും പേരിലാണു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്നു ഭീഷണിപ്പെടുത്തുന്നത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.