Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരങ്ങിനെ തുരത്താൻ പട്ടാളവേഷത്തിൽ തോക്കുമായി ‘മാവോയിസ്റ്റ്’, നാടു നടുങ്ങി, പൊലീസ് ഞെട്ടി

kasargod-map

നീലേശ്വരം∙ ആയുധധാരിയായ മാവോയിസ്റ്റിനെ കണ്ടെന്നു വാർത്ത പരന്നതു നാടിനെ ഞെട്ടിച്ചു. ഒടുവിൽ പൊലീസ് അന്വേഷണത്തിൽ പ്രചാരണം വ്യാജമെന്നു തെളിഞ്ഞതോടെ ആശങ്ക നീങ്ങി.ഇന്നു രാവിലെ ഏഴു മണിയോടെയാണു കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം പ്ലാത്തടത്ത് പട്ടാളവേഷം ധരിച്ചു തോക്കേന്തിയ മാവോയിസ്റ്റിനെ കണ്ടെന്നും കണ്ണിൽ പെട്ടയുടൻ ഇയാൾ പൊന്തക്കാട്ടിലേക്ക് ഓടി മറഞ്ഞെന്നും പ്രദേശവാസിയായ വ്യാപാരി വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്.

ജില്ലാ പൊലീസ് മേധാവി, സ്‌പെഷൽ ബ്രാഞ്ച്, അഡ്മിനിസ്‌ട്രേഷൻ ഡിവൈഎസ്പിമാർ എന്നിവർക്കും ഇതേ വിവരം ലഭിച്ചു. നിമിഷനേരം കൊണ്ടു വിവരം പരന്നതോടെ പ്രദേശത്തും ആശങ്കയായി. പൊലീസ് സംവിധാനവും ഉണർന്നു.

വെള്ളരിക്കുണ്ട് എസ്‌ഐ പി.പ്രമോദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്ലാത്തടത്തെത്തി തിരച്ചിൽ നടത്തി. വിവരം നൽകിയയാളെയും ചോദ്യം ചെയ്തു. തുടർന്നാണു പ്രദേശവാസിയായ യുവാവ് പട്ടാളവേഷത്തോടു സാമ്യമുള്ള ബനിയനും പാന്റ്‌സും ധരിച്ച് ലൈസൻസില്ലാതെ ഉപയോഗിക്കാവുന്ന എയർ ഗണ്ണുമേന്തി കാർഷിക വിളകൾ നശിപ്പിക്കുന്ന കുരങ്ങിൻകൂട്ടത്തെ നേരിടാനിറങ്ങിയതാണെന്നു വ്യക്തമായത്.

പൊലീസ് സംഘം യുവാവിനെ കണ്ടെത്തി പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു ചോദ്യം ചെയ്തു. വിപണിയിൽ 8000 രൂപയ്ക്കു ലഭിക്കുന്ന എയർ ഗണ്ണിനു ലൈസൻസ് വേണ്ടെന്നും പായ്ക്കറ്റിനു 100 രൂപയ്ക്കു ലഭിക്കുന്ന ചെറിയ ലോഹ പെല്ലറ്റുകളും പരിശോധിച്ചുവെന്നും പൊലീസ് പറഞ്ഞു. വെടിവയ്പ് പരിശീലിക്കുന്ന യുവാവ് കോഴിക്കോട്ടുനിന്നാണു എയർഗൺ വാങ്ങിയത്. മൽസരങ്ങൾക്കായി സ്‌പോർട്‌സ് കൗൺസിലിൽ റജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. വിവരം പൊലീസിൽ അറിയിച്ചയാൾക്കു യുവാവുമായി വ്യക്തിവിരോധം ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

related stories