Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധുനിയമന വിവാദം: പി.കെ. ഫിറോസുമായി സംവാദത്തിനില്ലെന്ന് ജലീല്‍

kt-jaleel-pk-firos

മലപ്പുറം∙ ബന്ധുനിയമനം സംബന്ധിച്ച് പരസ്യസംവാദത്തിന് പാണക്കാട് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ വന്നാൽ ആലോചിക്കാമെന്ന് മന്ത്രി കെ.ടി.ജലീൽ. പരസ്യസംവാദം നടത്താനുള്ള യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ വെല്ലുവിളിയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഫിറോസുമായി സംവാദം നടത്താനൊന്നും താനില്ല. ജലീലിന്റെ ബന്ധു അദീബിന്റെ ഡിപ്ലോമ കോഴ്‌സിന് കേരളത്തിലെ സർവകലാശാലകളുടെ അംഗീകാരമില്ലെന്നതു ചൂണ്ടിക്കാട്ടിയപ്പോൾ, അക്കാര്യം കെഎസ്‌എംഡിഎഫ്‌സി ഡയറക്‌ടറോടു ചോദിക്കണമെന്നായിരുന്നു ജലീലിന്റെ മറുപടി.

അധികാരദുർവിനിയോഗം വ്യക്തമായ സാഹചര്യത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവച്ച് അന്വേഷണം നേരിടണമെന്നതാണ് മുസ്‌ലിംലീഗിന്റെ നിലപാടെന്ന് പാർട്ടിയുടെ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഇപ്പോൾ തങ്ങളുമാരല്ല അധികാരം കയ്യാളുന്നതെന്നും ഇടതുപക്ഷ മുന്നണിയാണ് അധികാരത്തിലിരിക്കുന്നതെന്നും ജലീൽ ഓർമിക്കണം. ഒരു നിമിഷം പോലും മന്ത്രിയായി തുടരാൻ കെ.ടി.ജലീലിന് അർഹതയില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

ബന്ധുനിയമന വിഷയത്തിൽ മന്ത്രി പരസ്യ സംവാദത്തിനു തയാറുണ്ടോയെന്നായിരുന്നു ഫിറോസിന്റെ വെല്ലുവിളി. താൻ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും ഫിറോസ് നിലപാടു വ്യക്തമാക്കി. കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന മന്ത്രി കെ.ടി. ജലീലിന്റെ പരിപാടികളിലെല്ലാം മുസ്‍ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മലപ്പുറം തിരൂർ തിരുനാവായയിൽ ഞായറാഴ്ച നടന്ന മന്ത്രിയുടെ പരിപാടിക്കു നേരെയും കരിങ്കൊടി പ്രതിഷേധം നടന്നു.

related stories