Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ല: പൊലീസിനോട് പണം ചോദിച്ച് കൊച്ചി കോർപറേഷൻ

Representational image പ്രതീകാത്മക ചിത്രം

കൊച്ചി∙ ഏറ്റുവാങ്ങാൻ ആളില്ലാത്ത മൃതദേഹം സംസ്കരിക്കാൻ പൊലീസ് 2500 രൂപ നൽകണമെന്നു കൊച്ചി കോർപറേഷൻ. പറ്റില്ലെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിനു പ്രത്യേക ഫണ്ടുണ്ടെന്നും പൊലീസ്. മണിക്കൂറുകൾ നീണ്ട തർക്കത്തിനൊടുവിൽ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ കോർപറേഷൻ സമ്മതിച്ചു.

സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ദിവസങ്ങൾക്കു മുൻപു ലോഡ്ജ് മുറിയിൽ കണ്ടെത്തിയ മൃതദേഹവും വഴിയരികിൽ കണ്ടെത്തിയ മൃതദേഹവും സംബന്ധിച്ചായിരുന്നു തർക്കം. ആരും ഏറ്റെടുക്കാനില്ലാത്ത മൃതദേഹങ്ങൾ ഒരാഴ്ചയോളം മോർച്ചറിയിൽ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാറുണ്ട്.  പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയാക്കും. തുടർന്ന്, മൃതദേഹം ഏറ്റുവാങ്ങി പൊതുശ്മശാനത്തിൽ സംസ്കരിക്കേണ്ട ചുമതല തദ്ദേശ സ്ഥാപനത്തിനാണ്.

ഭാവിയിൽ പരാതി ഉയർന്നാൽ കുഴിച്ചെടുക്കേണ്ടതിനാൽ മൃതദേഹം കുഴിച്ചിടുകയാണു ചെയ്യേണ്ടത്. ക്രൈം നമ്പർ, പൊലീസ് സ്റ്റേഷന്റെ പേര്, തീയതി, പേരോ മറ്റോ ലഭ്യമാണെങ്കിൽ അത് എന്നിവയെഴുതി പ്ലാസ്റ്റിക് കുപ്പിയിലാക്കുകയും കുപ്പി അടച്ച്, മൃതദേഹത്തിന്റെ കാലിലോ മറ്റോ കെട്ടിയിടുകയും ചെയ്യും. ഭാവിയിൽ അവകാശികളെത്തുകയും പുറത്തെടുത്തു പരിശോധന വേണ്ടി വരികയും ചെയ്താൽ കേസ് സംബന്ധിച്ച വിവരങ്ങൾ മനസിലാക്കാനാണിത്. ഏറ്റെടുക്കാനാളില്ലാത്ത മൃതദേഹം സംബന്ധിച്ചു തദ്ദേശ സ്ഥാപനങ്ങളും പൊലീസും തമ്മിൽ തർക്കം പതിവാണ്. ഏറ്റെടുക്കാൻ കഴിയില്ലെന്ന് എഴുതിത്തരാൻ പൊലീസ് ആവശ്യപ്പെടുന്നതോടെ, തദ്ദേശസ്ഥാപനങ്ങൾ വഴങ്ങുകയാണു പതിവ്. ഇക്കുറിയും ഇങ്ങനെ തന്നെയാണു പ്രശ്നം അവസാനിച്ചതും.