Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തൊരു കേന്ദ്രബാങ്കിനും ഇത്രയധികം കരുതൽധനമില്ല: വിമർശനവുമായി ആർഎസ്എസ്

Gurumurthy S എസ്.ഗുരുമൂർത്തി

ന്യൂഡൽഹി ∙ റിസര്‍വ് ബാങ്കുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെ വിമര്‍ശനവുമായി വീണ്ടും ആര്‍എസ്എസ്. ലോകത്തൊരു കേന്ദ്രബാങ്കും ഇത്രയധികം രൂപ കരുതൽ ധനമായി സൂക്ഷിക്കാറില്ലെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) സ്വതന്ത്ര ഡയറക്ടറും ആർഎസ്എസ് നേതാവുമായ എസ്.ഗുരുമൂർത്തി വിമർശിച്ചു.

മാസങ്ങൾക്കുമുമ്പാണു ഗുരുമൂർത്തിയെ ആർബിഐ സ്വതന്ത്ര ഡയറക്ടറാക്കിയത്. അടുത്തയാഴ്ച നിർണായകമായ ബോർഡ് യോഗം നടക്കാനിരിക്കെയാണ്, ആർബിഐ 9.59 ലക്ഷം കോടി രൂപ കരുതൽധനം സൂക്ഷിക്കുന്നതിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. ചെറുകിട വ്യവസായ സംരംഭങ്ങൾക്കു വായ്പ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 50 ശതമാനത്തിലേറെ വളർച്ചയുണ്ടാക്കാൻ ഇതുവഴി സാധിക്കുമെന്നു ഗുരുമൂർത്തി ചൂണ്ടിക്കാട്ടി.

കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്കും തമ്മിലുള്ള തർക്കത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ഒട്ടും സന്തോഷമുള്ള കാര്യങ്ങളല്ല നടക്കുന്നതെന്നായിരുന്നു പ്രതികരണം. കേന്ദ്ര സർക്കാരിന്റെ നോട്ടുനിരോധന തീരുമാനത്തെയും ഗുരുമൂർത്തി പുകഴ്ത്തി. കിട്ടാക്കട ബാധ്യത 12–18.76 ശതമാനമായി നിർത്തണം. നിലവിലിത് 27–28 ശതമാനമാണ്. കിട്ടാക്കട നിരക്കു പിടിച്ചുനിർത്തിയില്ലെങ്കിൽ രൂപയുടെ മൂല്യം ഇടിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിസർവ് ബാങ്കിന്റെ പക്കൽ ഇത്രയധികം പണമെന്തിനാണെന്നാണു കേന്ദ്രസർക്കാരും ചോദിക്കുന്നത്. മൂലധന ആവശ്യത്തിന് ഒഴികെയുള്ള പണം കൈമാറണമെന്നാണു സർക്കാർ നിലപാട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ സൂചന കൂടിയായ കരുതൽ ധനം നിലവിൽ 9.59 ലക്ഷം കോടിയാണ്. മറ്റ് രാജ്യങ്ങളിലെ കരുതൽ ധനത്തിന്റെ തോത് നോക്കുമ്പോൾ ആർബിഐയുടെ ആസ്തി വളരെ കൂടുതലാണെന്നും സർക്കാർ വിലയിരുത്തുന്നു.

related stories