Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ഒഎസ് കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളിക്ക് കാരണം കാണിക്കൽ നോട്ടിസ്

father-augustine-vattoli ഫാ. അഗസ്റ്റിൻ വട്ടോളി

കൊച്ചി∙ ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡനക്കേസ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ സീറോ മലബാർ സഭാ നേതൃത്വത്തെ ചോദ്യം ചെയ്യുകയും സമരരംഗത്ത് സജീവമാകുകയും ചെയ്ത വൈദികൻ അഗസ്റ്റിൻ വട്ടോളിക്ക് സഭാ നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടിസും മുന്നറിയിപ്പും. കഴിഞ്ഞ 14ന് സെക്രട്ടേറിയറ്റ് പടിക്കൽ ഫാ. അഗസ്റ്റിൻ വട്ടോളി കൺവീനറായ സേവ് ഔർ സിസ്റ്റേഴ്സ് സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കുന്നതു വിലക്കിയാണ് കഴിഞ്ഞ 11നു തയാറാക്കിയ കത്ത് നൽകിയത്.

അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ചാൻസലർ ഫാ. ജോസ് പോളയിൽ എന്നിവർ അയച്ച കത്തിലാണ് ഫാ. അഗസ്റ്റിൻ വട്ടോളി സഭാ വിരുദ്ധ നടപടികളിൽ ഏർപ്പെട്ടെന്നും കൃത്യമായ കാരണം ഈ മാസം 25ന് മുമ്പ് ബോധിപ്പിച്ചില്ലെങ്കിൽ കത്തോലിക്കാ സഭാ നിയമങ്ങളനുസരിച്ചു നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുള്ളത്. കത്തിനെ ശരിയായ ആത്മാവിൽ ഉൾക്കൊള്ളണമെന്നും ക്രിസ്തുവിൽ സ്വയം മാറണമെന്നും അതിനു പരിശുദ്ധാത്മാവിന്റെ പരിവർത്തനം ഉണ്ടാകട്ടെ എന്നും കത്തിൽ ആശംസിക്കുന്നുണ്ട്.

ധർണ സംഘടിപ്പിക്കുന്നതും പങ്കെടുക്കുന്നതും സഭാ വിരുദ്ധമാണെന്നും ഒരു പുരോഹിതൻ എന്ന നിലയിൽ സഭയ്ക്ക് അപകീർത്തികരമാവുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സഭ അനുശാസിക്കുന്നതു പോലെ വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നില്ലെന്നും സഭാ മാനദണ്ഡം അനുസരിച്ചുള്ള ജീവിത വിശുദ്ധി ഫാ. അഗസ്റ്റിൻ വട്ടോളി പരിപാലിക്കുന്നില്ലെന്നുമുള്ള ഗുരുതര ആരോപണവും കത്തിലുണ്ട്. ഫാ. അഗസ്റ്റിൻ പ്രസംഗങ്ങളിലും പ്രവർത്തികളിലുമെല്ലാം കടുത്ത സഭാ വിരുദ്ധത പ്രകടമാക്കുന്നുണ്ടെന്നും സഭാ വിരുദ്ധനിലപാടുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്നെന്നും സഭയുടെ സൽപേരിനു കളങ്കം വരുത്തുന്ന ഗൂഢാലോചനകൾ നടത്തുന്നതായും കത്തിൽ ആരോപിക്കുന്നു. വിശുദ്ധ കന്യാമറിയത്തിന്റെ മടിയിൽ കിടക്കുന്ന ഈശോയുടെ ചിത്രത്തിനു പകരം കന്യാസ്ത്രീയെ കിടത്തിയുള്ള പോസ്റ്റർ നിർമിക്കുന്നതിനു നേതൃത്വം നൽകിയെന്നതുൾപ്പടെ ക്രീസ്തീയ സഭാ പെരുമാറ്റച്ചട്ടപ്രകാരം നിരവധി ഗുരുതര കുറ്റങ്ങളാണ് ഫാ. അഗസ്റ്റിൻ വട്ടോളിക്കെതിരെ കത്തിൽ ആരോപിക്കുന്നത്.

സേവ് ഔർ സിസ്റ്റേഴ്സ് മൂവ്മെന്റിന്റെ കൺവീനറാണ് ഫാ. അഗസ്റ്റിൻ വട്ടോളി. ജലന്ധറിൽ ഫാ. കുര്യാക്കോസ് കാട്ടുതറ മരിച്ച സംഭവത്തിൽ ദുരൂഹത അന്വേഷിക്കണമെന്നും സമരരംഗത്തുണ്ടായിരുന്ന കന്യാസ്ത്രീമാർക്കു സുരക്ഷാ ഭീഷണിയുണ്ടെന്നും കാണിച്ച് 14ന് സെക്രട്ടേറിയറ്റ് പടിക്കൽ എസ്ഒഎസ് സംഘടിപ്പിച്ച സമരത്തിലും ഫാ. അഗസ്റ്റിൻ വട്ടോളി മുൻനിരയിലുണ്ടായിരുന്നു. കത്തിനെക്കുറിച്ച് ഫാ. അഗസ്റ്റിൻ വട്ടോളി ഇതുവരെ പ്രതികരിച്ചിട്ടില്ല.

related stories