Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2019 ൽ മോദി അതിശക്തനാകും; രാമക്ഷേത്രത്തിന് ബിജെപി പ്രതിജ്ഞാബദ്ധം: അമിത് ഷാ

Amit Shah അമിത് ഷാ.

ഭോപാൽ ∙ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്നു പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇവിടങ്ങളിൽ ഭരണവിരുദ്ധ വികാരമില്ല. മൂന്നിടത്തെയും വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔന്നത്യം ഉയർത്തും. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ പാർട്ടിക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി.

ഇന്ത്യയിലെ ശക്തനും ജനകീയനുമായ നേതാവാണു മോദി. 2019 ലും വലിയ ഭൂരിപക്ഷത്തിൽ അതിശക്തനായ പ്രധാനമന്ത്രിയായി മോദി അധികാരത്തിലെത്തും. രാഷ്ട്രീയത്തിൽ രണ്ടുതരം വിലയിരുത്തലുണ്ട്– ഭരണവിരുദ്ധ വികാരവും ഭരണാനുകൂല വികാരവും. നിർഭാഗ്യകരമെന്നു പറയട്ടെ മാധ്യമങ്ങൾ ഭരണവിരുദ്ധ വികാരത്തിൽ മാത്രമാണു ശ്രദ്ധിക്കുന്നത്. ഞങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടുന്നതു നല്ല ഭരണവും വികസനവും മുന്നോട്ടുവച്ചാണ്. മൂന്നു സംസ്ഥാനങ്ങളിലും ഭരണാനുകൂല തരംഗമാണ്. ബിജെപി നേതൃത്വം നൽകുന്ന സർക്കാരുകളുടെ ഗുണങ്ങൾ മനസ്സിലാക്കിയ ജനം അതു തുടരണമെന്ന് ആഗ്രഹിക്കുന്നു.

മൂന്നു സംസ്ഥാനങ്ങളിലുമായി 129 ക്ഷേമപദ്ധതികളാണു ബിജെപി നടപ്പാക്കിയത്. ഭരണവിരുദ്ധ വികാരമുണ്ടാകുമെന്നാണു ഗുജറാത്തിൽ പ്രചാരണമുണ്ടായിരുന്നത്. എന്നാൽ വലിയ ഭൂരിപക്ഷത്തിൽ ബിജെപി അവിടെ ഭരണം നിലനിർത്തി. പ്രവർത്തിക്കുന്നവരെപ്പറ്റി ജനം ചർച്ച ചെയ്യുന്ന കാലമാണിത്. ഓരോ തിരഞ്ഞെടുപ്പിനും അതിന്റേതായ വിഷയങ്ങളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രാദേശിക വിഷയങ്ങളും നേതൃപ്രഭാവവും സ്വാധീനിക്കപ്പെടും. ഫെഡറൽ സംവിധാനമുള്ള നമ്മുടെ രാജ്യത്തു ദേശീയ, പ്രാദേശിക വിഷയങ്ങൾ ഇടകലർന്നു തിരഞ്ഞെടുപ്പുകളെ ബാധിക്കും.

മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാരിന്റെ കഴിഞ്ഞ അ‍ഞ്ചു വർഷത്തെ ഭരണം, മുൻപത്തെ രണ്ടു ടേമിനേക്കാൾ വേഗം കൂടിയതായിരുന്നു. കാരണം കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ സഹായം മധ്യപ്രദേശിനു കിട്ടി. യുപിഎ സർക്കാരുണ്ടായിരുന്നപ്പോൾ അതായിരുന്നില്ല അവസ്ഥ. മോദി സർക്കാരിന്റെ സഹായത്താൽ വികസനം വേഗത്തിലായി. ഫെഡറൽ സംവിധാനത്തിന്റെ പ്രത്യേകതകയാണിത്. അ‍ഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലത്തെ പ്രധാന്യത്തോടെയാണു പാർട്ടി കാണുന്നത്.

കർഷകർക്കായി ഒരുപാടു കാര്യങ്ങൾ ഞങ്ങളുടെ സർക്കാരുകൾ ചെയ്യുന്നുണ്ട്. മധ്യപ്രദേശിൽ ദിഗ്‌വിജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 18 ശതമാനം പലിശയ്ക്കാണു കർഷകർക്കു വായ്പ അനുവദിച്ചിരുന്നത്. ശിവരാജ് സിങ് സർക്കാർ വായ്പ നൽകിയത് അ‍ഞ്ചു ശതമാനം പലിശയ്ക്കാണ്. പലിശയില്ലാതെ 13,000 കോടിയിലേറെ രൂപയും മധ്യപ്രദേശിൽ കാർഷിക വായ്പ നൽകി. മധ്യപ്രദേശിൽ ചൗഹാനും ഛത്തീസ്ഗഡിൽ രമൺ സിങ്ങും 15 വർഷമായി ചെയ്യുന്നത്ര കാര്യങ്ങൾ ഇതുവരെ ആരും ചെയ്തിട്ടില്ല.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ ഞങ്ങൾക്കുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിചാരണ ജനുവരിയിൽ തുടങ്ങുന്നതുവരെ കാത്തിരുന്നേ പറ്റൂ. ഒൻപതു വർഷമായി കേസ് സുപ്രീംകോടതിയിലാണ്. 2019 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമേ കേസ് പരിഗണിക്കാവൂ എന്നാണു കോൺഗ്രസ് നേതാവ് കപിൽ സിബൽ പറയുന്നത്. കേസ് പരിഗണിക്കണമെന്നു കക്ഷികൾ പറയുമ്പോൾ, മാറ്റിവയ്ക്കണമെന്നാണു കോൺഗ്രസിന്റെ ആവശ്യം.

കോടതിയിൽനിന്ന് അനുകൂല പ്രതികരണമുണ്ടാകുമെന്നാണു പ്രതീക്ഷ. ഞങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ആരും സംശയിക്കേണ്ട. തെറ്റായ കാര്യങ്ങൾ ഉന്നയിക്കുന്നതിൽനിന്നു കോൺഗ്രസ് പിന്മാറണം. ശിവസേനയും ബിജെപിയും വ്യത്യസ്ത പാർട്ടികളാണ്. അയോധ്യവിഷയത്തിൽ രണ്ടു പാർട്ടികൾക്കിടയിലും ഭിന്നതയില്ല. കോൺഗ്രസ് ഹിന്ദുത്വ അജൻഡകൾ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഗോശാല ഉൾപ്പെടെയുള്ള വിഷയങ്ങൾ 1950 മുതൽ ഞങ്ങൾ ഉന്നയിക്കുന്നതാണ്. തിരഞ്ഞെടുപ്പുകാലത്തു മാത്രമല്ല അതിനുശേഷവും രാഷ്ട്രീയപാർട്ടികൾ ഹിന്ദുത്വ വിഷയങ്ങൾ ഏറ്റെടുക്കണം– അമിത് ഷാ പറഞ്ഞു.

related stories