Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധശിക്ഷ നിയമപരം; സാധുത പുനഃപരിശോധിക്കേണ്ടതില്ല: സുപ്രീംകോടതി

capital punishment

ന്യൂഡൽഹി ∙ വധശിക്ഷയ്ക്ക് നിയമസാധുതയുണ്ടെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചാണ് വധശിക്ഷ സംബന്ധിച്ച ഒരു കേസ് പരിഗണിക്കുന്നതിനിടെ നിർണായകമായ ഈ വിധിപ്രഖ്യാപനം നടത്തിയത്. ബെഞ്ചിലെ ഏറ്റവും മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ എതിർപ്പോടെയാണ് വിധി.

സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയാൻ വധശിക്ഷ സഹായകരമായിട്ടില്ലെന്ന നിയമ കമ്മിഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കുര്യൻ ജോസഫ് തന്‍റെ വിയോജിപ്പു പ്രകടമാക്കിയത്. പൊതുജന വികാരവും കൂട്ടായ ആവശ്യവും പൊതുതാൽപര്യവും ഉയർത്തി അന്വേഷണ ഏജൻസികൾ കോടതികളിൽ ഉയർത്തുന്ന സമ്മർദവും പലപ്പോഴും വിചാരണയെ ബാധിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഈ നിലപാടിനോടു മറ്റു രണ്ടു ജഡ്ജിമാരും യോജിച്ചില്ല. 

വധശിക്ഷയ്ക്ക് നിയമസാധുതയുണ്ടെന്നും  അതു പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും ഭൂരിപക്ഷ വിധി വ്യക്തമാക്കിയ ജസ്റ്റിസ് ദീപക് ഗുപ്ത ചൂണ്ടിക്കാട്ടി. എന്നാൽ ഛന്നുലാൽ വർമ എന്ന വ്യക്തിക്കു നൽകിയ വധശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറയ്ക്കുന്ന കാര്യത്തിൽ മൂന്നു ജഡ്ജിമാരും ഒരേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 2011ൽ മൂന്നുപേരെ വധിച്ച കേസിലാണ് വർമയ്ക്കു വധശിക്ഷ വിധിച്ചിരുന്നത്.

related stories