Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയുടെ പ്രസംഗത്തിനിടെ ശരണംവിളികളോടെ മഹിളാ മോർച്ച; അറസ്റ്റ്

Pinarayi Vijayan-Kadakampally Surendran ചെങ്ങന്നൂരിൽ സഹകരണ വകുപ്പിന്റെ പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും.

തിരുവനന്തപുരം∙ ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിക്കിടെ ബിജെപി പ്രതിഷേധം. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസ്സിൽ നിന്നു മഹിളാ മോർച്ച പ്രവർത്തകർ എത്തിയത് ശരണം വിളികളോടെ. അപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ: ശരണം വിളി ഈയിടെയായി കേൾക്കാറുണ്ട്. ആ വിഷയമല്ലല്ലോ ഇവിടെ സംസാരിക്കുന്നത്. പ്രളയ ദുരിതാശ്വാസമായും പുനർനിർമാണത്തിനും കേരളത്തിനു കിട്ടേണ്ട വൻ തുക കേന്ദ്രത്തിന്റെ ഇടപെടലിൽ ഇല്ലാതായി.

പ്രളയമുണ്ടായപ്പോൾ ആരാധനാലയങ്ങളിലെ പുരോഹിതർ ദുരിതബാധിതരെ സ്വാഗതം ചെയ്തതും നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രമായി ആരാധനാലയങ്ങൾ മാറിയതും കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്റെ ദൃഢത കൊണ്ടാണ്. 4000 കോടി രൂപ ആവശ്യപ്പെടാനുള്ള അർഹത സംസ്ഥാനത്തിനുണ്ട്. എന്നാൽ, കേന്ദ്രം 2500 കോടി രൂപ മാത്രം അനുവദിച്ചതായി പത്രങ്ങളിൽ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

BJP Protest Chengannur ചെങ്ങന്നൂർ ടൗണിൽ ബിജെപി നടത്തിയ പ്രതിഷേധ മാർച്ച്. ചിത്രം: ജാക്സൺ ആറാട്ടുകുളം

മന്ത്രി പി.തിലോത്തമൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ സജി ചെറിയാൻ, ആർ.രാജേഷ് , സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ എന്നിവർ പങ്കെടുത്തു.

ചടങ്ങിനെത്തുന്ന വഴി മുളക്കുഴയിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാട്ടിയിരുന്നു. പരിപാടി സ്ഥലത്തേക്കു ചെങ്ങന്നൂർ ടൗണിൽ നിന്ന് ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം വഴിയിൽ പൊലീസ് തടഞ്ഞു. വിവിധ പ്രതിഷേധ പരിപാടികളുടെ പേരിൽ‍ എട്ടുപേരെ അറസ്റ്റ് ചെയ്തു.

പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കു പുതിയ വീട് നൽകുന്ന ‘കെയർ ഹോം’ പദ്ധതിയുടെ ഉദ്ഘാടനത്തിനു വേണ്ടിയാണു മുഖ്യമന്ത്രി ചെങ്ങന്നൂരിലെത്തിയത്. കെ.സുരേന്ദ്രനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വഴിതടയലും കരിങ്കൊടി പ്രയോഗവും ഉൾപ്പെടെ ശക്തമാക്കുമെന്നു നേരത്തേ ബിജെപി വ്യക്തമാക്കിയിരുന്നു. 

Care Home- Pinarayi Vijayan കെയർ ഹോം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്ങന്നൂരിൽ നിർവഹിക്കുന്നു. ചിത്രം: അരുൺ ജോൺ

നിലയ്ക്കലിലേക്കു വീണ്ടും ബിജെപി

ശബരിമല വിഷയത്തിൽ ബിജെപി വീണ്ടും പ്രതിഷേധം ആരംഭിക്കുന്ന സാഹചര്യത്തിൽ  സംസ്ഥാനത്തു മുഖ്യമന്ത്രിക്ക് ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് പ്രകാരമാണ് സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം. ഇതു സംബന്ധിച്ച നിർദേശം ഡിജിപി എല്ലാ ഡിവൈഎസ്പിമാരിലൂടെയും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നൽകിക്കഴിഞ്ഞു. ഞായറാഴ്ച രാവിലെ മുതൽ സുരക്ഷാനടപടികൾ ശക്തമാക്കി. മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി.സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, എം.എം.മണി, പി.തിലോത്തമൻ എന്നിവര്‍ക്കും സുരക്ഷ ശക്തമാക്കണമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. മന്ത്രിമാർ പോകുന്ന വഴിയിൽ തടയാനും കരിങ്കൊടി കാണിക്കാനാണു പദ്ധതി. 

Care Home Chengannur കെയർ ഹോം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്. ചിത്രം: അരുൺ ജോൺ

മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദിയിലേക്ക് മാർച്ച് നടത്തുക, കാഴ്ചക്കാരായിരുന്ന് വേദിയിലേക്ക് മുദ്രാവാക്യങ്ങളുമായി കയറുക. വാഹനം തടയുക തുടങ്ങിയ സമരപരിപാടികളും ബിജെപി പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പൈലറ്റ്/എസ്കോർട്ട് വാഹനങ്ങളുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ട്. ഇവയിലെ പൊലീസുകാരുടെ എണ്ണവും കൂട്ടും. ഓരോ സ്റ്റേഷനിലെയും സാഹചര്യമനുസരിച്ചു വേണം പൊലീസിന്റെ എണ്ണം കൂട്ടേണ്ടത്. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെല്ലാം ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. 

ഇന്ന് നിലയ്ക്കലിലെത്തി നിരോധനാജ്ഞ ലംഘിക്കാനും ബിജെപി തീരുമാനമുണ്ട്. സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ ഉൾപ്പെടെ സമരത്തിനെത്തും. ശബരിമലയിൽ ബിജെപി സമരം നിർത്താനായിരുന്നു നേരത്തേ പാർട്ടി തീരുമാനം. പകരം സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധിക്കാനും പാർട്ടി തീരുമാനിച്ചു.

ഇതിനുപിന്നാലെ സന്നിധാനത്തെ ഉൾപ്പെടെ നിയന്ത്രണങ്ങളിലും പൊലീസ് ഇളവു വരുത്തിയിരുന്നു. എന്നാൽ ബിജെപി സമരത്തിൽനിന്നു പിന്മാറുമെന്നതു ചില മാധ്യമങ്ങൾ സൃഷ്ടിച്ച തെറ്റായ പ്രചാരണമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുടെ പ്രതികരണം.

കെ.സുരേന്ദ്രൻ ജയിലിൽ തുടരുന്ന സാഹചര്യത്തിൽ ഉൾപ്പെടെ സമരത്തിൽ നിന്നു പിന്മാറുന്നത് ഉചിതമല്ലെന്നു പാര്‍ട്ടിക്കുള്ളിൽനിന്നു തന്നെ അഭിപ്രായമുയർന്നിരുന്നു. എന്നാൽ ചില ബിജെപി നേതാക്കൾക്കെങ്കിലും തീർഥാടനം തടസ്സപ്പെടുത്തും വിധം സമരം നടത്തരുതെന്ന് ആഗ്രഹമുണ്ട്. അതിനെ മറികടന്നാണ് ഇന്ന് ബിജെപി നിലയ്ക്കലിൽ സമരം പുനഃരാരംഭിക്കുന്നത്.

ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ സന്നിധാനത്ത് സുരക്ഷാ നടപടികൾ ഏകോപിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ മുതൽ വൻതോതിൽ തീർഥാടകരും ശബരിമലയിലേക്ക് എത്തുന്നു.