Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പപ്പുവും അപ്പുവുമല്ല; 2019ൽ ജയിക്കാൻ വേണ്ടത് ജനങ്ങളുടെ രാഷ്ട്രീയം

modi-rahul-campaign രാഹുൽ ഗാന്ധി, നരേന്ദ്ര മോദി

പരവതാനി വിരിച്ച് കാത്തിരിക്കുകയല്ല 2019 എന്ന് രാഷ്ട്രീയ ഇന്ത്യ സൂചന നൽകിയിരിക്കുന്നു. രാഹുൽ ഗാന്ധി ഇനി ‘പപ്പുവല്ല’, നരേന്ദ്ര മോദി ‘അപ്പുവും’. 2014ലെ അശ്വമേധത്തിനു ശേഷമുള്ള തേരോട്ടത്തിൽ പ്രതിപക്ഷത്തെയും കോൺഗ്രസിനെയും കണ്ടില്ലെന്നു നടിക്കുന്ന പതിവ് ബിജെപി ഇനി ഉപേക്ഷിക്കേണ്ടി വരും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പപ്പു എന്ന് പരിഹസിക്കുന്നത് അവസാനിപ്പിച്ച്, ജനങ്ങളെ ബാധിക്കുന്ന രാഷ്ട്രീയം പറയാൻ മോദിയും ബിജെപിയും തയാറായേക്കും.

അർജന്റീനയിൽ വന്നിറങ്ങിയ മോദിയെ അധിക്ഷേപിച്ച് ഒരു ടിവി ചാനലാണ് ‘അപു’ എന്ന കാർട്ടൂൺ കഥാപാത്രത്തോട് ഉപമിച്ചത്. പപ്പുവിനു പകരമായി അപു എന്നു മോദിയെ സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം കളിയാക്കാനും തുടങ്ങിയിരുന്നു. വ്യക്തിപരമായ ഇത്തരം കളിയാക്കലുകളെ മാറ്റിനിർത്താൻ ബിജെപിക്കും കോൺഗ്രസിനും ലഭിച്ച മുന്നറിയിപ്പും അവസരവുമാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.

ഒന്നും ഏകപക്ഷീയമല്ല

ഹിന്ദി ഹൃദയഭൂമിയിലെ 3 സംസ്ഥാനങ്ങളിൽ പതറിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാകില്ല എന്നുറപ്പായി. മൂന്നിടത്തും മുന്നേറിയ കോണ്‍ഗ്രസിനു വിശാല പ്രതിപക്ഷസഖ്യത്തിന്റെ നേതൃപദവിയില്‍ അവകാശമുന്നയിക്കാം. കൂടുതല്‍ കക്ഷികള്‍ സഖ്യത്തിലെത്താനുള്ള സാധ്യതയും തിരഞ്ഞെടുപ്പുഫലം തുറന്നിടുന്നു. 

കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ആകെ 65 ലോക്സഭാ സീറ്റുകള്‍. ഇതില്‍ 63 എണ്ണമാണ് 2014 ല്‍ ബിജെപി നേടിയത്. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയമായിരുന്നു. ഇവിടങ്ങളിൽ നിയമസഭ നേടിയാൽ ലോക്സഭയും നേടുന്നതാണു കഴിഞ്ഞ തവണ കണ്ടത്.

നിയമസഭാ തിര‍ഞ്ഞെടുപ്പിലെ വോട്ട് അതേപടി നിലനിന്നാല്‍ മധ്യപ്രദേശില്‍ ബിജെപിക്കു കഴിഞ്ഞ തവണ ലഭിച്ച 27 ലോക്സഭാ സീറ്റില്‍ പകുതിയോളം നഷ്ടപ്പെടും. കോണ്‍ഗ്രസ് രണ്ടിൽനിന്ന് രണ്ടക്കത്തിലേക്ക് ഉയരും. രാജസ്ഥാനില്‍ കഴിഞ്ഞ തവണ 25 സീറ്റും തൂത്തുവാരിയ ബിജെപിക്ക് ഇത്തവണ കാര്യങ്ങൾ ശുഭകരമല്ല.

ഛത്തീസ്ഗഡിലെ 11 സീറ്റില്‍ കഴിഞ്ഞ തവണ പത്തും നേടിയ ബിജെപി ഇപ്പോഴത്തെ നിലയില്‍ ഒരു സീറ്റിലേക്കു ചുരുങ്ങിയേക്കും. ലഭ്യമായ ഫലസൂചനകൾ അനുസരിച്ച് 3 സംസ്ഥാനങ്ങളില്‍ മാത്രം ബിജെപിക്ക് 36 ലോക്സഭാ സീറ്റുകള്‍ നഷ്ടപ്പെടാനാണു സാധ്യത. തെലങ്കാനയിലും മിസോറമിലുമുള്ള 18 സീറ്റുകളില്‍ ഒന്നില്‍പ്പോലും പ്രതീക്ഷിക്കാനും വകയില്ല.

Rahul Gandhi with N Chandrababu Naidu

ഒറ്റക്കെട്ടിനു ബലമേറും

രാഷ്ട്രീയമായും വലിയ വെല്ലുവിളിയാണു തിരഞ്ഞെടുപ്പുഫലം ബിജെപിക്കും മോദിക്കും സമ്മാനിച്ചത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപ സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകും. കരുത്താര്‍ജിക്കുന്ന പ്രതിപക്ഷഐക്യവും ഭീഷണിയാണ്. കേന്ദ്ര സർക്കാരിനെതിരെ  ഒറ്റക്കെട്ട് എന്ന മുദ്രാവാക്യവുമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ യോഗത്തിൽ  അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് 21 കക്ഷികളാണു പങ്കെടുത്തത്.

കോൺഗ്രസ് വിരോധം മാറ്റിവച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, അനിശ്ചിതത്വം അവസാനിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ വന്നതും ശ്രദ്ധേയം. പ്രതിപക്ഷ നിരയ്ക്ക് ആരു നേതൃത്വം നൽകുമെന്ന അനിശ്ചിതത്വം നിലനിൽക്കെ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു കീഴിൽ മുന്നോട്ടു പോകുമെന്ന ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ പരാമർശവും പ്രാധാന്യമുള്ളതാണ്.

നായിഡുവിന്റെ മുന്‍കൈയില്‍ മിക്ക പ്രാദേശികശക്തികളും ഇതിനകം ബിജെപി വിരുദ്ധചേരിയില്‍ എത്തിക്കഴിഞ്ഞു. ബിഎസ്പിയും ബിജു ജനതാദളുമാണ് പുറത്തുനില്‍ക്കുന്ന പ്രധാനികള്‍. ഇവരുൾപ്പെടെ ചെറുപാർട്ടികളെയും മറ്റ് ബിജെപി ഇതരകക്ഷികളെയും ഒപ്പമെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കു തിരഞ്ഞെടുപ്പുഫലം കരുത്തുപകരും. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശൽ നടത്താനും സാധ്യതയുണ്ട്.

ആഴത്തില്‍ മുറിവേറ്റെങ്കിലും തകര്‍ന്നടിഞ്ഞില്ല എന്നതാണു ബിജെപിയുടെ പിടിവള്ളി. വാജ്പേയ്–അഡ്വാനി കാലത്തേക്കാള്‍ മോദി–ഷാ കൂട്ടുകെട്ടിന് ആര്‍എസ്എസുമായുള്ള ഉറച്ച ബന്ധവും പാര്‍ട്ടിയിലെ കെട്ടുറപ്പും 2019ൽ സഹായിക്കും. എന്നാല്‍ 2014 ലേതുപോലെ പ്രചാരണവിഭവങ്ങളും സാമ്പത്തിക പിന്തുണയും ഏകപക്ഷീയമാവില്ലെന്നുമാത്രം.

പാർലമെന്റിലും പ്രതിഫലിക്കും

പാർലമെന്റ് ശീതകാല സമ്മേളനം തുടങ്ങിയ ദിവസമായിരുന്നു തിരഞ്ഞെടുപ്പുഫലം വന്നത്. പാർലമെന്റിലെ പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടും. ഏറെ നിർണായകമായ ബില്ലുകളാണ് പരിഗണനയ്ക്കു വരുന്നത്. മുത്തലാഖ് നിയമവിരുദ്ധമാക്കുന്ന ബില്ലാണ് ഇതിൽ പ്രധാനം. രാമക്ഷേത്ര നിർമാണം സംബന്ധിച്ച സ്വകാര്യബിൽ അവതരിപ്പിക്കുമെന്നും വാർത്തകളുണ്ട്. ബിജെപി എംപിയും ആർഎസ്എസ് സൈദ്ധാന്തികനുമായ രാകേഷ് സിൻഹയാണ് ബിൽ കൊണ്ടുവരിക. 2019ലെ തിരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമാണം വലിയ വിഷയമായി ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ. അതേസമയം, സ്ത്രീസംവരണ ബിൽ അവതരിപ്പിക്കുന്ന വിഷയം ഉയർത്തിക്കൊണ്ടുവരാനാണു കോൺഗ്രസ് പദ്ധതി.

AOP-Rahul

രാജ്യത്തെ കോൺഗ്രസ്, കോൺഗ്രസ് സഖ്യ സർക്കാരുകൾ ഇക്കാര്യത്തിൽ പ്രമേയം പാസാക്കണം എന്നാവശ്യപ്പെട്ടു രാഹുൽ ഗാന്ധി കത്തെഴുതിയിരുന്നു. റഫാൽ യുദ്ധവിമാന ഇടപാട്, കർഷക പ്രക്ഷോഭങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തി സർക്കാരിനെ പൂട്ടുകയെന്ന തന്ത്രമാകും പാർലമെന്റിൽ പ്രതിപക്ഷം സ്വീകരിക്കുക. സിബിഐയെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന ആരോപണവും ശക്തമാക്കും. ‌ആന്ധ്രയിലും കർണാടകത്തിലും സിബിഐയുടെയും ആദായനികുതി വകുപ്പിന്റെയും റെയ്ഡുകൾ രാഷ്ട്രീയമായി പ്രയോഗിക്കപ്പെടുന്നുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടും.

ബിഹാറിൽ എൻഡിഎ സഖ്യകക്ഷിയായ ആർഎസ്എസ്‌പി (രാഷ്ട്രീയ ലോക സമത പാർട്ടി) തലവനും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ രാജിവച്ച് മുന്നണി വിട്ടത്, ആർബിഐ ഗവർണർ ഉർജിത് പട്ടേൽ രാജിവച്ചത്, വിളകൾക്കു താങ്ങുവില ലഭിക്കാത്ത കർഷകരുടെ പ്രതിഷേധം തുടങ്ങി ഒരുപിടി വിഷയങ്ങൾ പതിന്മടങ്ങ് കരുത്തിൽ സർക്കാരിനെതിരെ നിരത്തപ്പെടും. മറുപടി പറയാതെ ഒഴിഞ്ഞുമാറാനാവില്ലെന്നതു മോദിക്കു പരീക്ഷണമാകും.

amit-sha-modi

മോദിക്കും നയങ്ങൾക്കും മങ്ങൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രമാദിത്വത്തിനു മങ്ങലേറ്റതിന്റെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ വർധിച്ചതിന്റെയും സൂചന കൂടിയാണ് തിരഞ്ഞെടുപ്പു ഫലം. മോദി– രാഹുൽ പോരാട്ടത്തിന് കൂടുതൽ ഗൗരവം കൈവരും. കുട്ടിക്കളി നടത്തുന്നയാളെന്നു രാഹുലിനെ പരിഹസിക്കുന്ന മോദി, രാഹുലിന് അർഹിക്കുന്ന ബഹുമാനം കൊടുക്കേണ്ടി വരും. ബിജെപി സംസ്ഥാനങ്ങളിൽ പോലും മോദിതരംഗം അത്രയൊന്നും ആഞ്ഞടിച്ചില്ലെന്നതു ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നു. ഗുജറാത്ത്, കർണാടക തിരഞ്ഞെടുപ്പുകളിലൂടെയും സമീപകാല ഇടപെടലുകളിലൂടെയും സജീവമായ രാഹുൽ ഊർജ്വസ്വലനാകുന്നതു കോൺഗ്രസ് ക്യാംപിൽ ആത്മവിശ്വാസം സൃഷ്ടിക്കും. പാർട്ടിയിലും പ്രതിപക്ഷ കൂട്ടായ്മയിലും രാഹുലിന്റെ വാക്കുകൾക്കു കൂടുതലിടം ലഭിക്കും.

അതേസമയം, പൊതുതിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ, പുതുതായി കൊണ്ടുവരേണ്ട പദ്ധതികൾ തുടങ്ങി മോദിക്കും അമിത് ഷായ്ക്കും തന്ത്രമൊരുക്കാനുള്ള അവസരം കൂടിയാകും ഡിസംബർ 11ലെ ഫലങ്ങൾ. ആത്മപരിശോധനയ്ക്കും ആയുധശേഖരണത്തിനും കോൺഗ്രസിനും അവസരമാണ്. എന്തായാലും കണ്ണിൽ പൊടിയിട്ടുമാത്രം ഒരു കൂട്ടർക്കും വിജയിക്കാനാകില്ലെന്നും ജനങ്ങളുടെ രാഷ്ട്രീയം പറയുന്നവരാണു നാടു ഭരിക്കേണ്ടതെന്നുമുള്ള മുന്നറിയിപ്പും ചൂണ്ടുപലകയും കൂടിയാണ് ഈ തിരഞ്ഞെടുപ്പു ഫലം.

related stories