Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാൽക്കൺ 9 ന്റെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണം വിജയം

SpaceX Falcon 9 rocket സ്പെയ്സ് എക്സിന്റെ നവീകരിച്ച ഫാൽക്കൺ– 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്നു വിക്ഷേപിക്കുന്നു.

ഫ്ലോറിഡ∙ സ്പെയ്സ് എക്സിന്റെ നവീകരിച്ച ഫാൽക്കൺ– 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ബംഗ്ലദേശിന്റെ വാർത്താവിനിമയ ഉപഗ്രഹവും വഹിച്ചുള്ള കന്നിയാത്ര കേപ് കനവറലിലെ കെന്നഡി സ്പെയിസ് സെന്ററിൽനിന്നായിരുന്നു. ഇതോടെ വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശ യാത്ര ഒരുക്കുന്നതിനുള്ള നാസയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ആദ്യ സ്ഥാപനമായി സ്പെയ്സ് എക്സ്.

വിക്ഷേപണത്തിനു പിന്നാലെ, പസഫിക് സമുദ്രത്തിലെ ആളില്ലാ ജലയാനത്തിൽ പതിച്ച ബൂസ്റ്റർ റോക്കറ്റ് വീണ്ടെടുത്തു. ബൂസ്റ്റർ റോക്കറ്റ് പുനരുപയോഗിക്കാമെന്നതാണു ഈ റോക്കറ്റിന്റെ സവിശേഷത. പത്തു തവണ വരെ പുനരുപയോഗിക്കാവുന്ന ബൂസ്റ്റർ റോക്കറ്റുകൾ ബഹിരാകാശ പദ്ധതികളുടെ ചെലവു ഗണ്യമായി കുറയ്ക്കും. ബംഗ്ലദേശിന്റെ ഭൂസ്ഥിര വാർത്താവിനിമയ ഉപഗ്രഹമായ ബംഗബന്ധുവിനെയാണു ഫാൽക്കൺ ഭ്രമണപഥത്തിൽ എത്തിച്ചത്. ബംഗ്ലദേശിലും ബംഗാൾ ഉൾക്കടൽ മേഖലയിലും ഇന്ത്യയും നേപ്പാളും ഉൾപ്പെടെയുള്ള സമീപരാജ്യങ്ങളിലും രാജ്യത്തിന്റെ വാർത്താ വിനിമയ സൗകര്യങ്ങൾ ഇതോടെ മെച്ചപ്പെടും. ചൊവ്വയിലേക്കു മനുഷ്യനെ എത്തിക്കുന്നതിനുള്ള ദൗത്യവും സ്പെയ്സ് എക്സ് ഏറ്റെടുത്തിട്ടുണ്ട്.