Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടക്കാർക്ക് ഫെയ്സ്ബുക് ഡേറ്റ ചോർത്തി നൽകി; വിവാദം ഉയർത്തി വോൾസ്ട്രീറ്റ് ജേണൽ

Facebook

ന്യൂയോർക്ക് ∙ മൂന്നാം പാർട്ടി ആപ്പുകൾ നിർത്തലാക്കിയതിനു ശേഷവും ഒരു വിഭാഗം കമ്പനികൾക്കു ഫെയ്സ്ബുക് വിവരങ്ങൾ കൈമാറിയെന്നു വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ആർബിസി ക്യാപിറ്റൽ മാർക്കറ്റ്സ്, നിസാൻ മോട്ടോഴ്സ്, ചില പരസ്യഏജൻസികൾ തുടങ്ങി ഫെയ്സ്ബുക് ‘വൈറ്റ്ലിസ്റ്റ്’ ചെയ്ത കമ്പനികൾക്കാണു വിവരങ്ങൾ കൈമാറിയത്.

ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ, ഫോൺ നമ്പറുകൾ, ഇവരും സുഹൃത്തുക്കളുമായി എത്ര ആശയവിനിമയം നടക്കുന്നുണ്ടെന്നുള്ള വിലയിരുത്തൽ റിപ്പോർട്ടുകൾ തുടങ്ങിയവ കൈമാറി. സംഭവം ഫെയ്സ്ബുക് സ്ഥിരീകരിച്ചു. പല കമ്പനികളും വികസിപ്പിച്ച ‘തേർഡ് പാർട്ടി’ ആപ്പുകൾ മേയ് 15നു നിർത്തലാക്കിയ ശേഷവും ചില കമ്പനികൾക്കു വിവരങ്ങൾ നൽകുന്നതു തുടർന്നു. ക്രമേണ ഇതും നിർത്തിയെന്നും കമ്പനി അറിയിച്ചു. ഇതിനിടെ ഡേറ്റ ചോർത്തൽ വീണ്ടും തലവേദന സൃഷ്ടിക്കുകയാണ്. യുഎസ് നാവികസേനയുടെ അതിരഹസ്യ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്ന മാധ്യമ വെളിപ്പെടുത്തൽ ഇന്നലെ പുറത്തുവന്നു. യുഎസ് പദ്ധതിയായ ‘സീ–ഡ്രാഗൺ’ മിസൈലിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽപ്പെടും.