ADVERTISEMENT

മുട്ടയുടെ പേരിൽ ആഴ്ചകളോളം നീണ്ട സംഘർഷം. അമേരിക്കയുടെ വ്യാവസായിക ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്നായ കലിഫോർണിയ സ്വർണവേട്ടയുടെ കാലത്താണ് ഇതു സംഭവിച്ചത്. 18 ാം നൂറ്റാണ്ടിന്റെ പകുതി വരെ മെക്‌സിക്കൻ സർക്കാരിനു കീഴിലുള്ള ഒരു പ്രദേശമായിരുന്നു കലിഫോർണിയ. പറയത്തക്ക ജനസംഖ്യയോ വ്യവസായങ്ങളോ ഇല്ലാത്ത ഒരിടം. തുടർന്ന് അമേരിക്ക യുദ്ധത്തിലൂടെ കലിഫോർണിയ പിടിച്ചെടുത്തു. 
1848 ജനുവരി 24ന്, കലിഫോർണിയയിൽ താമസിച്ചിരുന്ന ജയിംസ് വിൽസൺ മാർഷൽകൊലോമയിലുള്ള സിയേറ നെവാഡാ പർവതങ്ങളുടെ താഴ്‌വരയിലൂടെ നടക്കുകയായിരുന്നു. പ്രദേശത്തു കൂടി ഒഴുകുന്ന അമേരിക്കൻ റിവർ എന്ന നദിയിൽ അദ്ദേഹം സ്വർണത്തരികൾ കണ്ടെത്തി. കലിഫോർണിയ ഗോൾഡ് റഷ് എന്ന പേരിൽ പ്രശസ്തമായ സ്വർണവേട്ടയുടെ തുടക്കമായിരുന്നു അത്. അന്നു പൂർണമായും കലിഫോർണിയ അമേരിക്കയുടെ കൈയിലായിരുന്നില്ല. 1849 ലാണ് ഇത് അമേരിക്കയുടെ കൈവശമെത്തിയത്.

2335779031
Courtesy: Esfera/shutterstock.com

മാർഷൽ സ്വർണം കണ്ടെത്തുന്ന സമയത്ത് കലിഫോർണിയയുടെ ജനസംഖ്യ 6500 കലിഫോർണിയോസ് (മെക്‌സിക്കൻ-സ്പാനിഷ് വംശജർ), 700 അമേരിക്കക്കാർ, പിന്നെ ഒന്നരലക്ഷം തദ്ദേശീയർ എന്ന നിലയിലായിരുന്നു. വിവരം പുറത്തറിഞ്ഞു. പലരും പ്രദേശത്തെത്തി സ്വർണവുമായി മടങ്ങി. താമസിയാതെ സാൻ ഫ്രാൻസിസ്‌കോ നഗരത്തിലുള്ള മുക്കാൽ ഭാഗം പുരുഷൻമാരും ടൗൺ വിട്ട് സ്വർണം കണ്ടെത്തിയ സ്ഥലത്തെത്തി. പത്രങ്ങളിലും മറ്റും ഇതെപ്പറ്റിയുള്ള റിപ്പോർട്ടുകൾ വരാൻ തുടങ്ങി. ഇതോടെ പലയിടത്തുനിന്നും ആളുകൾ അവിടേക്ക് ഒഴുകി. മെക്‌സിക്കോ, ചൈന, ഹവായ് എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകളെത്തി. അമേരിക്കയെ ആകെ സ്വർണപ്പനി ബാധിച്ചു തുടങ്ങി.

173417405
Courtesy:Michael Rega/shutterstock.com

1849 ആയതോടെ അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ സമ്പാദ്യങ്ങളുമായി കലിഫോർണിയയിലേക്ക് സാഹസിക യാത്ര തുടങ്ങി. ആവോളം സ്വർണം ശേഖരിച്ച് കോടീശ്വരർ ആകുക എന്നതായിരുന്നു ലക്ഷ്യം. ഒരു വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകൾ കലിഫോർണിയയിലേക്കു കുടിയേറ്റം നടത്തിയെന്നാണു കണക്ക്. അവർ ഫോർട്ടി നൈനേഴ്‌സ് എന്നാണു വിശേഷിപ്പിക്കപ്പെട്ടത്. ഇവരുടെ ആവശ്യങ്ങൾക്കായി പ്രദേശത്തു ചെറുനഗരങ്ങൾ ഉയരാൻ തുടങ്ങി. കടകൾ, ഹോട്ടലുകൾ, ബാറുകൾ, ബാർബർ ഷോപ്പുകൾ, മറ്റു ബിസിനസ് കേന്ദ്രങ്ങൾ എല്ലാം ഉയർന്നു തുടങ്ങി. ഇതോടൊപ്പം മാഫിയകൾ, ചൂതാട്ട കേന്ദ്രങ്ങൾ, കൊള്ളയടി സംഘങ്ങൾ എന്നിവയും ഉടലെടുത്തു. സ്വർണവേട്ടയുടെ ഇടത്താവളമായ സാൻ ഫ്രാൻസിസ്‌കോ പട്ടണം ഒരു വൻ നഗരമായി രൂപാന്തരം പ്രാപിച്ചു. എന്നാൽ ഈ കുടിയേറ്റ സമയത്ത് മുട്ടകൾക്കുള്ള ആവശ്യം നന്നായി വർധിച്ചു. നല്ലൊരു ഭക്ഷണസ്രോതസ്സായിരുന്നു മുട്ടകൾ. ഇവയുടെ വില വല്ലാതെ വർധിച്ചു. ഇന്നത്തെ കാലത്തെ വിനിമയനിരക്ക് വച്ച് കണക്കുകൂട്ടിയാൽ ഒരു മുട്ടയ്ക്ക് 30 ഡോളർ എന്ന നിലവരെയെത്തി കാര്യങ്ങൾ.

പലരും മുട്ട ബിസിനസിൽ ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങി. എന്നാൽ മുട്ടകൾക്ക് ദൗർലഭ്യമായിരുന്നു. പ്രദേശത്തിനടുത്തുള്ള ഫാരലോൺ ദ്വീപിൽ കോമൺ മറേ എന്നയിനം പക്ഷികളുടെ മുട്ടകൾ ധാരാളമുണ്ടെന്ന് ഒരാൾ കണ്ടെത്തി. അയാൾ ദ്വീപിലെത്തി ധാരാളം മുട്ടകൾ ശേഖരിച്ച് മടങ്ങി. മൂവായിരം ഡോളറായിരുന്നു അയാളുടെ അന്നത്തെ ലാഭം. ഇന്നത്തെ നിലയിൽ അതൊരു വലിയ തുകയാണ്. താമസിയാതെ കൂടുതൽ പേർ മുട്ട തേടി ഇറങ്ങി. സ്വർണവേട്ടയ്ക്കൊപ്പം മുട്ടവേട്ടയും കലശലായി. ഇതിനിടെ ഒരു ആറംഗസംഘം ദ്വീപ് തങ്ങളുടെ സ്വന്തമാണെന്നു പ്രഖ്യാപിച്ചു. അവിടെയൊരു ലൈറ്റ് ഹൗസ് സ്ഥാപിക്കാനായി സർക്കാരും തീരുമാനിച്ചു. താമസിയാതെ ഈ ദ്വീപ് അക്രമസംഭവങ്ങളുടെ കൂത്തരങ്ങായി മാറി. മുട്ടകൾ കൊള്ളയടി മുതൽ ദേഹോപദ്രവം വരെ നിർബാധം തുടർന്നു. ഇതാണ് എഗ് വാർ അഥവാ മുട്ടകൾക്കായുള്ള യുദ്ധം.

വ്യാവസായികമായി നോക്കിയാൽ സ്വർണവേട്ട ലാഭമായിരുന്നു. പത്തുവർഷത്തിലധികം നീണ്ടു നിന്ന ഈ പ്രവൃത്തിയിൽ മൂന്നരലക്ഷം കിലോയോളം സ്വർണമാണ് കുഴിച്ചെടുത്തത്. ആയിരക്കണക്കിനു പേർ ഈ സ്വർണവേട്ടയിലൂടെ കോടീശ്വരരായി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുടിയേറ്റം കൂടിയാണ് കലിഫോർണിയയിൽ നടന്നത്. വിവിധ രാജ്യങ്ങളിലുള്ളവർ ഇവിടെ വന്നു വാസമുറപ്പിച്ചു. കലിഫോർണിയയുടെ കോസ്‌മോപൊളിറ്റൻ സംസ്‌കാരത്തിനു വിത്തുപാകിയ ഒരേടായിരുന്നു ഈ കുടിയേറ്റം.

English Summary:

Battle for egg and the gold found in a river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com