ADVERTISEMENT

ആലുവ∙ ശിവരാത്രിയോട് അനുബന്ധിച്ചു മണപ്പുറത്ത് ഒരു മാസത്തെ വ്യാപാരമേളയും അമ്യൂസ്മെന്റ് പാർക്കും നടത്തുന്നവർക്കു ഗുണ്ടാ ഭീഷണി. തുടർന്നു നഗരസഭയുടെ കരാറുകാരായ ബെംഗളൂരു ഫൺ വേൾഡ് കമ്പനി പൊലീസ് സംരക്ഷണം തേടി റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. പൊലീസ് സംരക്ഷണ ഉത്തരവു തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. മണപ്പുറത്തു വ്യാപാര സ്റ്റാളുകൾ നിർമിക്കുന്ന ഘട്ടത്തിൽ 3 തവണ ഇക്കൂട്ടർ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് ഇടപെട്ടു. 

ശിവരാത്രി ബലിതർപ്പണം നടക്കുന്ന ദിവസവും തലേന്നു രാത്രിയുമാണ് മണപ്പുറത്തു പൊലീസ് ക്യാംപ് ചെയ്യുക. ഇതിനായി താൽക്കാലിക പൊലീസ് സ്റ്റേഷനും വാച്ച് ടവറുകളും ഉണ്ടാകും. മറ്റു ദിവസങ്ങളിൽ പൊലീസ് സംരക്ഷണം ലഭിക്കണമെങ്കിൽ ഹൈക്കോടതിയുടെ ഉത്തരവു വേണം. അല്ലെങ്കിൽ പ്രശ്നം ഉണ്ടാകുമ്പോൾ വിളിച്ചാൽ പൊലീസ് വരുമെന്നു മാത്രം. ഇത്തവണ വ്യാപാര മേളയുടെ കരാർ ഒപ്പു വച്ചതു സംബന്ധിച്ചു നഗരസഭയ്ക്കെതിരെ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ഫൺ വേൾഡ് കമ്പനി മേള നടത്തുന്നത്. 

അമ്യൂസ്മെന്റ് പാർക്കിന്റെ കൂറ്റൻ യന്ത്രസാമഗ്രികൾ സ്ഥാപിക്കാനുള്ള ഉറപ്പു മണപ്പുറത്തെ മണ്ണിനില്ലെന്നു വിവിധ സർക്കാർ വകുപ്പുകളിലേക്കു പരാതി അയച്ചു പണം തട്ടാനുള്ള ശ്രമം ആലുവയിൽ വർഷങ്ങളായി നടക്കുന്നുണ്ട്. ശിവരാത്രി മേള നടത്താൻ വിവിധ വകുപ്പുകളുടെ എൻഒസി ആവശ്യമാണ്. അതു ലഭിക്കേണ്ട ഘട്ടത്തിലാണ് പരാതി നൽകുക. യഥാസമയം എൻഒസി ലഭിക്കുന്നതിനു പരാതിക്കാരുമായി ഒത്തുതീർപ്പുണ്ടാക്കാൻ ഉദ്യോഗസ്ഥർ തന്നെ സംഘാടകരെ ഉപദേശിക്കും. അല്ലെങ്കിൽ പരിശോധനകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകുമ്പോൾ താമസം വരും. ഇത്തരം മുതലെടുപ്പുകൾക്കു വഴങ്ങിയില്ലെങ്കിൽ വൻ ഭീഷണിയാണ് നേരിടേണ്ടി വരികയെന്നു കരാറുകാർ പറയുന്നു.

ദേവസ്വം ബോർഡിന്റെ സ്ഥലത്തു മാത്രമേ സാധാരണ നിലയിൽ ബലിത്തറകൾ കെട്ടാറുള്ളൂ. അതിനപ്പുറം നഗരസഭയുടെ അധീനതയിലുള്ള പുഴയോരത്തു ബലിയിടാൻ സൗകര്യം ഒരുക്കി വാടകയ്ക്കു കൊടുത്തു ചിലർ പണം തട്ടിയ സംഭവമുണ്ട്.  ദേവസ്വം ബോർഡും ഭക്ത സംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്തു വന്നതോടെയാണ് അതു നിന്നത്. അമ്യൂസ്മെന്റ് പാർക്കിനോട് അനുബന്ധിച്ചു മരണക്കിണർ പോലുള്ള അഭ്യാസ പ്രകടനങ്ങളും കലാപരിപാടികളും അവതരിപ്പിക്കുന്ന ഉത്തരേന്ത്യക്കാരായ സ്ത്രീകൾ മണപ്പുറത്തു തന്നെയുള്ള ടെന്റുകളിലാണു താമസിക്കുന്നത്. ഇത്തരം ടെന്റുകളിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞു കയറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ മുന്നിലുള്ളതു കൊണ്ടാണ് ഇത്തവണ മുൻകൂട്ടി പൊലീസ് സംരക്ഷണം തേടുന്നതെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com