ADVERTISEMENT

തിരുവനന്തപുരം ∙ ബിടെക് പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഇക്കുറിയും പ്രിയം കംപ്യൂട്ടർ സയൻസിനു തന്നെ. അതേസമയം മുൻവർഷത്തേതിനെക്കാൾ കുറഞ്ഞ റാങ്കുകാർക്കും ഇക്കുറി കംപ്യൂട്ടർ സയ‍ൻസ് പ്രവേശനം ലഭിച്ചു. 2339–ാം റാങ്ക് വരെയുള്ളവർക്കാണ് സർക്കാർ/ എയ്ഡഡ് മേഖലയിൽ ഇത്തവണ പ്രവേശനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ കൊല്ലം ആദ്യ അലോട്മെന്റിലെ അവസാന റാങ്ക് 1358 ആയിരുന്നു. കംപ്യൂട്ടർ ഇതര ബ്രാഞ്ചുകളിലും ഇതേ ട്രെൻഡ് പ്രകടമാണ്.

Read Also : പ്ലസ് വൺ: ഇഷ്‌ടവിഷയങ്ങൾ മാത്രം പഠിക്കാം, പഠനം പ്ലാൻ ചെയ്യാൻ 5 വഴികൾ

സർക്കാർ / എയ്ഡഡ് മേഖലയിൽ കോർ വിഷയങ്ങളെക്കാൾ കുറഞ്ഞ റാങ്കിൽ അലോട്മെന്റ് നടന്നത് കംപ്യൂട്ടർ അനുബന്ധ വിഷയങ്ങളിലാണ്. കംപ്യൂട്ടർ സയൻസ് (ഡേറ്റാ സയൻസ്) – 3016, എഐ & മെഷീൻ ലേണിങ് – 5164 എന്നിങ്ങനെയാണ് അവസാന റാങ്ക്. അതേസമയം, സീറ്റുകൾ കുറവുള്ള ബ്രാഞ്ചുകളായതിനാൽ ഇവയിലെ അവസാന റാങ്ക് പൊതു ട്രെൻഡായി കരുതാനാകില്ല.

 

സിവിൽ, ഇൻസ്ട്രുമെന്റേഷൻ, അഗ്രികൾചറൽ എൻജിനീയറിങ് എന്നിവയുടെ സർക്കാർ / എയ്ഡഡ് അവസാന റാങ്ക് കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി ഇക്കുറി പതിനായിരത്തിനു താഴെയാണ്. മെക്കാനിക്കലിന്റേത് മുൻ വർഷം 10,270 ആയിരുന്നത് ഇക്കുറി 13,955 ആയി.

 

പതിനായിരത്തിൽ താഴെ റാങ്കിൽ സർക്കാർ / എയ്ഡഡ് പ്രവേശനം പൂർത്തിയായ കംപ്യൂട്ടർ ഇതര ബ്രാഞ്ചുകൾ:

 

∙ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ (5463; മുൻ വർഷം 4209)

∙ ഇൻഡസ്ട്രിയൽ (7198; മുൻ വർഷം 5475)

∙ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് (7513; മുൻ വർഷം 6235)

∙ കെമിക്കൽ (8028; മുൻ വർഷം 5235)

 

ഒരു ബ്രാഞ്ചിൽ ഒരാൾ; മറ്റൊന്നിൽ രണ്ടുപേർ

 

മൊത്തം 52 ബ്രാഞ്ചുകളിലേക്കായിരുന്നു അലോട്മെന്റ്. പുതിയ ബ്രാഞ്ചുകൾ അനുവദിക്കുന്നത് യുക്തിസഹമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണോ എന്ന സംശയത്തിന് അടിവരയിടുകയാണ് ചില ബ്രാഞ്ചുകളോടുള്ള വിദ്യാർഥികളുടെ പ്രതികരണം. ഒരു ബ്രാഞ്ചിൽ ഒരു വിദ്യാർഥിക്കു മാത്രമാണ് അലോട്മെന്റ്. മറ്റൊന്നിൽ രണ്ടു പേർ മാത്രം.

 

പേരിൽ ചെറിയ വ്യത്യാസം മാത്രം വരുത്തി പല ബ്രാഞ്ചുകൾ അനുവദിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുമുണ്ട്. ‘കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ആൻഡ് ബിസിനസ് സിസ്റ്റംസ്’ എന്നാണ് ഒരു ബ്രാഞ്ചിന്റെ പേരെങ്കിൽ മറ്റൊന്നിന്റെ പേര് ‘കംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ്’ എന്നു മാത്രം. കംപ്യൂട്ടർ സയൻസിനു മാത്രം 10 അനുബന്ധ ബ്രാഞ്ചുകളാണുള്ളത്.

 

Content Summary : Computer Science holds fort as students’ favourite engineering stream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com