പ്ലസ് വൺ: ഇഷ്‌ടവിഷയങ്ങൾ മാത്രം പഠിക്കാം, പഠനം പ്ലാൻ ചെയ്യാൻ 5 വഴികൾ

HIGHLIGHTS
  • ക്ലാസ് ദിനങ്ങളിലേക്കും അവധിദിനങ്ങളിലേക്കും വെവ്വേറെ പഠന ടൈംടേബിൾ ഉണ്ടാക്കുക.
  • എത്ര നേരം എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം.
plus-one-study-plan-002
Representative Image. Photo Credit : Chinshan Films/ istock
SHARE

പത്തു കഴിഞ്ഞ് പതിനൊന്നാം ക്ലാസിലെത്തി. ജീവിതം വഴിതിരിയുന്ന ഘട്ടം. ഇഷ്‌ടവിഷയങ്ങൾ മാത്രം പഠിച്ചാൽ മതി. കഴിവിന്റെ പരമാവധി മികവു കാട്ടുമെന്ന ദൃഢനിശ്‌ചയത്തോടെ മുന്നേറേണ്ട ഘട്ടം. പ്ലസ് വണിലേക്കു കാലൂന്നുന്നവർ പരമാവധി ശ്രദ്ധ ചെലുത്തേണ്ടത് ഏതെല്ലാം കാര്യങ്ങളിലാണ് ?

Read Also : പ്രസ്താവന ചോദ്യങ്ങൾ ഇനി കുഴക്കില്ല; കുറഞ്ഞ സമയം കൊണ്ട് ഉത്തരമെഴുതാൻ ഇങ്ങനെ പരിശീലിക്കാം

അടിസ്ഥാന പാഠങ്ങൾ

ലക്ഷ്യം: ദീർഘകാല ലക്ഷ്യവും അതനുസരിച്ചുള്ള ഹ്രസ്വകാല ലക്ഷ്യങ്ങളും വേണം. ഉദാഹരണത്തിന്, ഐടി പ്രഫഷനലോ കാർഡിയാക് സർജനോ സുപ്രീം കോടതി ജഡ്ജിയോ ജേണലിസ്‌റ്റോ ആകണമെന്നാവാം സ്വപ്‌നം. ഇതു നേടാൻ പടിപടിയായി ഇച്ഛാശക്‌തിയോടെ ശ്രമിക്കണം.

ഏകാഗ്രത: വെയിലത്തു വെറുതെ തീപ്പെട്ടിക്കൊള്ളി പിടിച്ചുനോക്കൂ. ഒന്നും സംഭവിക്കില്ല. തീപ്പെട്ടിക്കൊള്ളിയിലെ മരുന്ന് കോൺവെക്‌സ് ലെൻസിന്റെ ഫോക്കസിൽ വരുംവിധം സൂര്യനെതിരെ പിടിച്ചാലോ ? രണ്ടു മിനിറ്റിനകം കത്തും. താപകിരണങ്ങൾ ഒരു ബിന്ദുവിലേക്കു കേന്ദ്രീകരിച്ചതിന്റെ മാറ്റം. മനസ്സും ഇതുപോലെയാണ്. ഏകാഗ്രതയിലൂടെ കാര്യക്ഷമത കൂട്ടാം.

പഠനത്തിനുള്ള കരുക്കൾ: പരീക്ഷയ്ക്കു പഠിക്കാൻ സുപ്രധാനമായ മൂന്നു കരുക്കളുണ്ട്: സിലബസ്, പാഠപുസ്‌തകങ്ങൾ, മുൻപരീക്ഷകളിലെ ചോദ്യക്കടലാസുകൾ. ഇവ ശേഖരിക്കണം.

plus-one-study-plan-003
Representative image. Photo Credit : Elnur/Shutterstock

ടൈംടേബിൾ: ക്ലാസ് ദിനങ്ങളിലേക്കും അവധിദിനങ്ങളിലേക്കും വെവ്വേറെ പഠന ടൈംടേബിൾ ഉണ്ടാക്കുക. വിഷയങ്ങൾ ഇടകലർത്തണം. വിഷമമുള്ളവയ്ക്കു കൂടുതൽ സമയം നൽകാം. വിനോദത്തിനും നേരം വേണം. ഓരോ മാസവും വിലയിരുത്തി ആവശ്യമെങ്കിൽ ഇതു പരിഷ്‌കരിക്കാം. മുഴുവൻ വർഷത്തേക്കും ഷെഡ്യൂൾ എഴുതിവയ്‌ക്കുന്നതും നന്ന്.

പറയാനറിയണം, എഴുതാനറിയണം

ഡിക്‌ഷ്‌ണറി: പുതിയ വാക്കുകളുടെ അർഥവും നാനാർഥങ്ങളം ഉച്ചാരണവും മനസ്സിലാക്കാൻ ഏതെങ്കിലും ‘ലേണേഴ്‌സ് ഡിക്‌ഷ്‌ണറി’ ഉപയോഗിക്കണം ഉദാ: Oxford Advanced Learner’s Dictionary. ഓരോ വാക്കും ഭിന്നാർത്ഥങ്ങളിൽ ഉപയോഗിച്ച മാതൃകാവാക്യങ്ങൾ ഇതിലുണ്ട്. ഭാഷ: തെറ്റില്ലാത്ത ഭാഷ വശമാക്കണം. ഇതിനു വ്യാകരണത്തിന്റെ ചുവയില്ലാതെ തെറ്റു തിരുത്തിക്കാട്ടുന്ന ലഘുപുസ്തകങ്ങളുണ്ട്. (ഉദാ: English Errors of Indian Students by T.L.H. Smith-Pearse – Oxford). മലയാളത്തിലുമുണ്ട് സമാനപുസ്തകങ്ങൾ.

ഇങ്ങനെ പഠിച്ചാൽ എളുപ്പം

എത്ര നേരം എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം. ചില നല്ല പഠനശീലങ്ങൾ ഇതാ:

study-Deepak-Sethi-istock
Representative Image. Photo Credit : study Deepak Sethi/ iStock

കണക്ക്: വായിച്ചുനോക്കിയാൽ പോരാ, കണക്ക് ചെയ്‌തുനോക്കണം. സംശയമുണ്ടെങ്കിൽ അത്തരം രണ്ടോ മൂന്നോ കണക്കു കൂടി ചെയ്യുക. മാത്‌സിലെയും ഫിസിക്‌സിലെയും ഡെറിവേഷൻസ് എഴുതി ശീലിക്കണം.

ചിത്രങ്ങൾ: സയൻസ് വിഷയങ്ങളിൽ ചിത്രങ്ങൾ പ്രധാനമാണ്. ഇവ ഓർത്തു വരയ്‌ക്കാൻ ശ്രമിച്ച്, തടസ്സം വരുമ്പോൾ പുസ്‌തകം നോക്കി സംശയം പരിഹരിച്ചു വീണ്ടും വരച്ചു മനസ്സിലുറപ്പിക്കുക. വായന: കവിത ആസ്വദിക്കാനോ ഉച്ചാരണം നന്നാക്കാനോ മതി, ഉറക്കെ വായന. പഠിക്കാൻ ഏകാഗ്രതയോടെ നോക്കിവായിക്കുക. ഇടയ്‌ക്കിടെ നിർത്തി, വായിച്ചതു മനസ്സിലായെന്ന് ഉറപ്പാക്കുക. സ്വന്തം വാക്കുകളിൽ ആശയം പറയാൻ കഴിയണം.

ഓർമസൂത്രങ്ങൾ: പോയിന്റുകൾ ക്രമത്തിന് ഓർത്തു വയ്‌ക്കാൻ ഓർമസൂത്രങ്ങൾ (mnemonics) തനിയെ ഉണ്ടാക്കാം. VIBGYOR എന്നു പറയുമ്പോൾ സൂര്യപ്രകാശത്തിലെ ഏഴു നിറങ്ങൾ ക്രമത്തിൽ ഓർക്കുന്നതുപോലെ.

ഉപന്യാസങ്ങൾ: ഉപന്യാസം (essay) പലതവണ വായിച്ചു നേരം പാഴാക്കേണ്ട. ശ്രദ്ധയോടെ ഒരു പ്രാവശ്യം വായിച്ച്, പോയിന്റുകളെഴുതുക, ആവശ്യമെങ്കിൽ ഓർമസൂത്രങ്ങളുണ്ടാക്കി ഇവ മനഃപാഠമാക്കുക, ഇടയ്‌ക്കു ചിലത് പരീക്ഷാഹാളിലെപ്പോലെ സമയം നോക്കി എഴുതിനോക്കുക. കണ്ണായ വാക്യങ്ങളുണ്ടെങ്കിൽ അവ ഓർത്തുവയ്‌ക്കുക.

student-study-abroad
Representative Image: Deepak Sethi/istockphotos

മനഃപാഠം: ഫോർമുലകൾ, നിർവചനങ്ങൾ, നല്ല കാവ്യഭാഗങ്ങൾ, ഭാഷാപ്രയോഗങ്ങൾ, മഹദ്‌വചനങ്ങൾ എന്നിവ മനഃപാഠമാക്കുക.

നിങ്ങൾക്കുണ്ടോ ഈ അഞ്ചു ശീലങ്ങൾ

ഉപരിപഠനത്തിനും ജോലിക്കുമുള്ള ദീർഘകാല തയാറെടുപ്പിന്റെ ഭാഗമായി ചില ശീലങ്ങൾ ഇപ്പോഴേ തുടങ്ങാം.

 സമയം കിട്ടുമ്പോൾ പാഠങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ നല്ല ഇന്റർനെറ്റ് സൈറ്റുകൾ നോക്കി മനസ്സിലാക്കുക. (ഉദാ: diksha.gov.in, swayam.gov.in, epathshala.gov.in)

ഒരു മലയാളപത്രവും ഒരു ഇംഗ്ലിഷ്പത്രവും നിത്യവും നോക്കുക. പ്രധാന രണ്ടു വാർത്തകൾ ഓരോ വരി കുറിച്ചു സൂക്ഷിക്കുക.

പത്രം വായിക്കുമ്പോൾ അപരിചിതമായി തോന്നുന്ന 2 വാക്കുകളുടെ അർഥം ലേണേഴ്സ് ഡിക്‌ഷ്ണറി നോക്കി നിത്യവും എഴുതിവയ്ക്കുക.

നല്ല ഇയർബുക്ക് വാങ്ങി പൊതുവി‍ജ്ഞാനം മെച്ചപ്പെടുത്തുക.

നല്ല ടിവി ചാനലുകൾ ശ്രദ്ധിച്ച്, തെറ്റില്ലാതെ ഒഴുക്കോടെ ഇംഗ്ലിഷ് സംസാരിക്കാൻ ശീലിക്കുക.

Content Summary : Perfect Study Plan for Plusone Students

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA