അടുത്തെത്തിയാൽ വാ പിളർക്കും, കടിച്ചാൽ എല്ലൊടിയും! തടാകത്തിൽ കിട്ടിയ ഭീകരജീവി
Mail This Article
ബ്രിട്ടിഷ് അധികൃതർ ഇവനു നൽകിയ പേര് ‘ഫ്ലഫി’. നല്ല ക്യൂട്ട് പേര്, അല്ലേ? പക്ഷേ അൽപം അപകടകാരിയായ ഒരു ജീവിയാണിത്. ഒരു ഭീകരജീവിയുടെ എല്ലാ ലുക്കുമുള്ള ഇവനെ കണ്ടാൽ ആരുമൊന്നു പേടിച്ചുപോകും. കടലാമ വിഭാഗത്തിൽപെട്ട അലിഗേറ്റർ സ്‌നാപ്പിങ് ടർട്ടിൽ ആണിത്. അടുത്തിടെ ബ്രിട്ടനിലെ കുംബ്രിയയിൽനിന്ന് ഇത്തരമൊരു ജീവിയെ ലഭിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇവ ചർച്ചയായത്.
കുംബ്രിയയിലെ ഉർസ്വിക് തടാകത്തിൽ നിന്നാണ് അലിഗേറ്റർ സ്‌നാപ്പിങ് ടർട്ടിലിനെ ലഭിച്ചത്. ഇതെന്തു ജീവിയാണെന്ന അടിക്കുറിപ്പോടെ ഒരാൾ ചിത്രം ഫെയ്‌സ്ബുക്കിലിട്ടതോടെ ഫ്‌ളഫി വൈറലായി. ഇത്തരം ആമകൾ യുഎസിലെ ചില ചതുപ്പുനിലങ്ങളിൽ അപൂർവമായി കാണാറുണ്ട്. ബ്രിട്ടനിൽ ചിലർ ഇതിനെ അരുമമൃഗമായും വളർത്താറുണ്ട്. എന്നാൽ ഇവയെ പരിപാലിക്കുന്നത് കഠിനവും ചെലവേറിയതുമാണ്. അതിനാൽ ഫ്ലഫിയെ ആരോ ഉപേക്ഷിച്ചതാകാമെന്ന് കരുതുന്നു.
80 സെന്റിമീറ്റർ വരെ വളരുന്ന ഈ ആമകൾ 70 വർഷം വരെ ജീവിക്കാറുണ്ട്. തെക്കൻ, മധ്യ അമേരിക്കൻ മേഖലകളിലും ഇവ കാണപ്പെടാറുണ്ട്. എല്ലുകൾ കടിച്ചുമുറിക്കാനുള്ള ശേഷി ഈ ആമകൾക്കുണ്ട്. മത്സ്യസമ്പത്തിനെയും തദ്ദേശീയമായ ചെറിയ വന്യജീവികളെയും ഇത് തിന്നൊടുക്കുന്നു. നീളമുള്ള നാവു പുറത്തേക്കിട്ടാണ് ഇവ മത്സ്യങ്ങളെ ആകർഷിക്കുന്നത്.
ദിനോസറുകളെയും മറ്റും അനുസ്മരിപ്പിക്കുന്ന കവചമുള്ള ഈ ആമകളെ കണ്ടാൽ പ്രാചീനകാല ജീവിയാണെന്നു തോന്നും. നീണ്ടതും കട്ടിയുള്ളതുമായ വാലും ഇവയ്ക്കുണ്ട്. മനുഷ്യരോ മറ്റു മൃഗങ്ങളോ അടുത്തെത്തിയാൽ ഇവ വാ പിളർക്കും. ഇത് പ്രതിരോധ മാർഗമാണെന്ന് വിദഗ്ധർ പറയുന്നു.