ADVERTISEMENT

ഭൂമിക്കു പുറത്തുള്ള കാര്യങ്ങളെക്കുറിച്ചു പോലും ഗ്രഹിക്കാനുള്ള സർവ സന്നാഹങ്ങളും ഒരുക്കാൻ മനുഷ്യനു സാധിച്ചിട്ടുണ്ടെങ്കിലും ഭൂമിയിലെ ജീവന്റെ ഉൽപത്തിയെക്കുറിച്ചുള്ള കണ്ടെത്തലുകൾ എക്കാലവും അപൂർണമായിരുന്നു. ഒന്നിൽനിന്ന് ഒന്നിലേക്ക് എന്ന മട്ടിൽ, കോടിക്കണക്കിന് വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന പലതിലേക്കുമുള്ള സൂചനകൾ ഇന്നും ഗവേഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തിൽ അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തലിനെ കുറിച്ചുള്ള വാർത്തകളാണ് ഏറ്റവും ഒടുവിൽ യുകെയിൽനിന്നു വരുന്നത്. 390 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ നിലനിന്നിരുന്ന ഒരു വനമാണ് ഒരു കൂട്ടം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഇത്തരമൊരു വനം നിലനിന്നിരുന്നു എന്നത് സംബന്ധിച്ച സൂചനകൾ പുറത്തുവന്നതോടെ, ഇത് ഭൂമിയിൽ ഇന്നോളം കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന വനമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. യുകെയിലെ ഡെവൺ, സോമർസെറ്റ് എന്നീ മേഖലകളിലാണ് കേംബ്രിജ് സർവകലാശാലയിലെയും കാർഡിഫ് സർവകലാശാലയിലെയും ഗവേഷകർ സംയുക്തമായി പഠനം നടത്തിയത്. ചരിത്ര പ്രാധാന്യമുള്ള എന്തെങ്കിലും ഇവിടെനിന്നു കണ്ടെത്താമെന്ന പ്രതീക്ഷ ഗവേഷകർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇതിന് വിപരീതമായി, ഏറെ പ്രാധാന്യമുള്ള ഒരു കണ്ടെത്തലിലേക്കു പഠനം വഴിതെളിക്കുകയായിരുന്നു.

Read Also: കശ്മീരിലുമുണ്ടൊരു ദുരൂഹഗുഹ; ഇതിനുള്ളിൽ മറ്റൊരു രാജ്യത്തേക്കുള്ള തുരങ്കപാത!

ഫോസിൽ രൂപത്തിലുള്ള സസ്യങ്ങളാണ് ചരിത്രാതീത കാലത്തെ വനത്തിന്റെ സാന്നിധ്യം അറിയിക്കുന്നത്. ഈ സസ്യ ഫോസിലുകൾ ഇന്നോളം യുകെയിൽ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും പഴക്കം ചെന്നതാണ്. മുൻപ് ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന വനം എന്ന റെക്കോർഡ് ന്യൂയോർക്കിനു സമീപമുള്ള ഒരു വനത്തിനായിരുന്നു. എന്നാൽ ഡെവണിലെ വനം ഈ റെക്കോർഡ് തകർത്തിട്ടുണ്ട്. കണ്ടെത്തിയ വനമേഖലയിൽനിന്നു ഗവേഷകർക്ക് നിധികൾ ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അതേക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഫോസിൽ രൂപത്തിലുള്ള സസ്യം (Photo: X/@velitesgear)
ഫോസിൽ രൂപത്തിലുള്ള സസ്യം (Photo: X/@velitesgear)

വനത്തിൽ കണ്ടെത്തിയ പാറക്കെട്ടുകൾക്ക് 41.9 മുതൽ 38.5 വരെ ദശലക്ഷം വർഷം വരെ പഴക്കമുണ്ടെന്ന് കേംബ്രിജ് സർവകലാശാലയിലെ പ്രഫസറും പഠന സംഘാംഗവുമായ നീൽ ഡേവിസ് പറയുന്നു. ഭൂമിയിൽ ജീവൻ വികസിക്കാൻ തുടങ്ങിയ അതേ കാലഘട്ടമാണിത്. ഇന്നു കാണുന്ന പനമരങ്ങളോടു സാമ്യമുള്ള മരങ്ങളുടെ ഫോസിലുകളും കണ്ടെത്തിയിട്ടുണ്ട്. കലാമോഫൈറ്റൺ എന്നാണ് ഈ മരങ്ങൾ പറയപ്പെടുന്നത്. പനമരങ്ങളുടേതു പോലെ വീതി കുറഞ്ഞ മരത്തിന്റെ ഉൾഭാഗം പൊള്ളയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ധാരാളം ചില്ലകൾ ഈ മരങ്ങൾക്ക് ഉണ്ടായിരുന്നുവെന്നും ഇവിടെ മൃഗങ്ങൾ അധിവസിച്ചിരുന്നുവെന്നും ഗവേഷകർ തിരിച്ചറിഞ്ഞു.

Read Also: വെള്ളം കിട്ടാതെ ബെംഗളൂരു: തടാകങ്ങളെ തിരിച്ചുകൊണ്ടുവരാൻ ഒരു യുവാവിന്റെ പോരാട്ടം

അന്നത്തെ ഭൂമിയിലെ കാലാവസ്ഥയിലും പരിസ്ഥിതിയിലും ഈ മരങ്ങൾക്ക് ഗണ്യമായ സ്വാധീനമുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. ഇവയുടെ ആഴമേറിയ വേരുകൾ മണ്ണൊലിപ്പു തടഞ്ഞു നിർത്തിയിരുന്നു എന്നും അങ്ങനെ നദീതടങ്ങളുടെയും കരപ്രദേശങ്ങളുടെയും രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ചിരുന്നുവെന്നും ഗവേഷകർ പറയുന്നു. ലളിതമായ രൂപത്തിൽനിന്നു സങ്കീർണമായ രൂപത്തിലേക്കുള്ള മരങ്ങളുടെ മാറ്റത്തെക്കുറിച്ച് നിർണായകമായ അറിവുകൾ ഇവിടെ കൂടുതൽ പഠനങ്ങൾ നടത്തുന്നതിലൂടെ ലഭ്യമാകും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

English Summary:

Ancient Roots Unearthed: UK Team Discovers World's Oldest Forest Evidence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com