ADVERTISEMENT

ഗുഹകളാണല്ലോ ഇപ്പോൾ ട്രെൻഡ്...

ഗുഹകൾ ഭൂമിയുടെ സവിശേഷ ഇടങ്ങളാണ്. ആദിമകാലത്ത് മനുഷ്യർക്കും മൃഗങ്ങൾക്കും താമസസൗകര്യം ഒരുക്കിയതു മുതൽ പല പാരിസ്ഥിതികവും ജൈവികവുമായ കടമകളും ഗുഹകൾ ചെയ്യുന്നു. പല ഗുഹകളിലും സ്വന്തം നിലയിൽ ഒരു ജൈവവൈവിധ്യം ഉടലെടുക്കാറുണ്ട്. കൊടൈക്കനാലിലെ ഗുണ കേവ്സ് മാത്രമല്ല, വേറെയും ഗുഹകൾ ദുരൂഹതയുടെ മൂടുപടമണിഞ്ഞ് ഇന്ത്യയിലുണ്ട്.

കശ്മീരിലെ കുപ്‌വാരയിൽ സ്ഥിതി ചെയ്യുന്ന കാലാറൂസ് എന്ന ഗുഹകൾ അദ്ഭുതമായ പ്രകൃതിസൗന്ദര്യം നിറഞ്ഞ മേഖലയാണ്. എന്നാൽ ഈ ഗുഹകളെ ചുറ്റിപ്പറ്റി ഒരു നിഗൂഢമായ കഥ നിലനിന്നിരുന്നു. ഈ ഗുഹകളിലെവിടെയോ റഷ്യയിലേക്ക് രഹസ്യമായ ഒരു രഹസ്യപാത ആദിമകാലം മുതൽ നിലനിന്നിരുന്നെന്നായിരുന്നു ഈ കഥ. കാലാറൂസിനു സമീപത്തു താമസിക്കുന്നവരിൽ പലരും ഈ കഥ വിശ്വസിച്ചിരുന്നു.

റഷ്യൻ കോട്ട എന്നർഥമുള്ള ക്വിലാ–റൂസ് എന്ന വാക്കിൽ നിന്നാണു കാലാറൂസ് ഗുഹകൾക്ക് പേരു കിട്ടിയതെന്ന് ഒരു അഭ്യൂഹമുണ്ട്. ഈ ഗുഹകൾ ലസ്തിയാൽ, മദ്മാദു എന്നിങ്ങനെ രണ്ടു ഗ്രാമങ്ങളുടെ മധ്യത്തിലായാണു സ്ഥിതി ചെയ്യുന്നത്. കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ നിന്നു 130 കിലോമീറ്റർ അകലെയായാണു ഗുഹകൾ. 40 കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന സോപോർ, ബാരാമുല്ല എന്നീ റെയിൽവേ സ്റ്റേഷനുകളാണ് ഈ ഗുഹകൾക്ക് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ.

Kalaroos Caves (Photo: X/@Lalit2811p)
Kalaroos Caves (Photo: X/@Lalit2811p)

Read Also: ഐസില്ലാതെ ഉത്തരധ്രുവമോ? അടുത്ത പതിറ്റാണ്ടോടെ സംഭവിക്കാമെന്ന് പഠനം

മൂന്നു ഗുഹകളാണു കാലാറൂസ് ഗുഹകളിൽ അടങ്ങിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനം ട്രാംഖാൻ എന്ന ബൃഹത്തായ ഗുഹയാണ്. ചെമ്പുനിക്ഷേപമുള്ള ഈ ഗുഹയ്ക്കുള്ളിൽ ഏതോ അജ്ഞാത ഭാഷയിൽ എഴുതിയ ബോർഡുണ്ട്. ഈ ഗുഹയ്ക്കുള്ളിലാണു റഷ്യയിലേക്കുള്ള തുരങ്കമെന്നാണു വിശ്വാസം. കശ്മീരും റഷ്യയും തമ്മിൽ നാലായിരത്തോളം കിലോമീറ്റർ ദൂരമുണ്ട്. തുരങ്കത്തിന്റെ ഒരുഭാഗം കശ്മീരിലും മറുഭാഗം റഷ്യയിലുമായിരുന്നെന്നാണു നാട്ടുകാർ ധരിച്ചുവച്ചിരുന്നത്.

ആദിമകാല കച്ചവടപാതകളായ പട്ടുപാതകളുടെ (സിൽക്ക് റൂട്ട്) കാലം മുതൽ ഈ തുരങ്കം നിലനിന്നിരുന്നെന്നും മഞ്ഞുകാലത്ത് കശ്മീർ താഴ്‌വര ഹിമത്തിൽ മുങ്ങുമ്പോൾ, ഈ തുരങ്കത്തിലൂടെ റഷ്യയിലേക്കും തിരിച്ചും ആളുകൾ യാത്ര ചെയ്തിരുന്നെന്നുമായിരുന്നു വിശ്വാസം. ലസ്തിയാലിൽ ഒരു വലിയ കല്ലും സ്ഥിതി ചെയ്യുന്നുണ്ട്. സത്ബാറൻ എന്നറിയപ്പെടുന്ന ഈ കല്ലിൽ 7 ദ്വാരങ്ങളുണ്ട്. കശ്മീരിൽ നിന്നു റഷ്യയിലേക്കുള്ള ഏഴു വഴികളെ സൂചിപ്പിക്കുന്നതാണ് ഇതെന്നാണു ചിലരുടെ വിശ്വാസം. കാലാറൂസിലെ ഗുഹകൾ വഴി റഷ്യക്കാർ പണ്ടുകാലത്തു വന്നിരുന്നെന്നും വിശ്വസിക്കുന്നവരുണ്ട്.

Kalaroos Caves (Photo: X/@listenshahid)
Kalaroos Caves (Photo: X/@listenshahid)

ഏതായാലും കാലാറൂസ് ഗുഹകളുടെ റഷ്യൻ ബന്ധവും കെട്ടുകഥകളും 2018ൽ ആംബർ, എറിക് ഫൈസ് തുടങ്ങിയ പര്യവേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചു. കാലാറൂസിനെക്കുറിച്ച് പഠിക്കാനായി ഇവർ കശ്മീരിലെത്തി. കാലാറൂസിലെ മൂന്നു ഗുഹകളിലും സത്ബാരനിലുമൊക്കെ ഇവർ അരിച്ചു പെറുക്കി പര്യവേക്ഷണം നടത്തിയെങ്കിലും റഷ്യയിലേക്കുള്ള രഹസ്യപാത കണ്ടുപിടിക്കാൻ പറ്റിയില്ല. കാലാറുസിന്റെ റഷ്യൻ ബന്ധം കെട്ടുകഥയാണെന്ന് ഇവർ പറഞ്ഞു. പ്രദേശത്തെ ഭൗമശാസ്ത്ര അധികൃതരും ഇതു തന്നെയാണു പറയുന്നത്. 

English Summary:

Journey to the Mysterious Kalaroos Caves: Uncover the Ancient India-Russia Connection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com