ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ജൈവഘടനയേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പാൻഡോ. യുഎസിന്റെ പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന വാസാച്ച് മലനിരകളുടെ താഴ്‌വരയിലാണ് ഈ അദ്ഭുതം സ്ഥിതി ചെയ്യുന്നത്. ഒരു തടാകക്കരയിൽ. 106 ഏക്കറിൽ പരന്നുകിടക്കുന്ന ഈ ജൈവഘടനയിൽ ക്വേക്കിങ് ആസ്‌പെൻ എന്ന വിഭാഗത്തിലുള്ള മരങ്ങളാണുള്ളത്. ഇത്തരത്തിൽ 47000 മരങ്ങൾ ഇവിടെയുണ്ട്. വെള്ളത്തൊലിയും ചെറിയ ഇലകളുമുള്ള ഈ ജൈവഘടനയുടെ പേരിന്റെ അർഥം ‘ഞാൻ വ്യാപിക്കുന്നു’ എന്നാണ്.

ഈ മരങ്ങളുടെയെല്ലാം കൂടി ആകെഭാരം ഏകദേശം 60 ലക്ഷം കിലോഗ്രാം വരും. ആസ്‌പെൻ മരങ്ങൾ ഒറ്റവേരിൽനിന്ന് അനേകമായി മാറുന്ന കാഴ്ച അപൂർവമല്ല. യുഎസിൽ മറ്റു പല സ്ഥലങ്ങളിലും ഇതുണ്ട്. എന്നാൽ പരമാവധി 3 ഏക്കർ വരെയൊക്കെയാണ് ഇങ്ങനെ വ്യാപിക്കുന്നത്. എന്നാൽ പാൻഡോ ഇതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വലുതാണ്. പല പക്ഷികളും മൃഗങ്ങളും ഈ ജൈവഘടനയിൽ ജീവിക്കുന്നുണ്ട്.

ക്വേക്കിങ് ആസ്‌പെൻ മരങ്ങൾ (Photo: X/@SkylarkArtist)
ക്വേക്കിങ് ആസ്‌പെൻ മരങ്ങൾ (Photo: X/@SkylarkArtist)

ഏകദേശം 14000 വർഷത്തോളം പഴക്കമുള്ളതാണ് പാൻഡോയെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. എന്നാൽ ഇതിൽ പല മരങ്ങളും 130 വർഷം വരെ നിലനിൽക്കുന്നവയാണ്. പിന്നീട് ഇവ നശിച്ച് പുതിയവ വരും. പാൻഡോ സംവിധാനത്തിൽ ആസ്‌പെൻ മരങ്ങൾ മാത്രമല്ല ഉള്ളത്. ഏകദേശം 88 വിവിധയിനം സസ്യങ്ങളും ഈ മേഖലയിൽ വളരുന്നു. ആകെക്കൂടി ഒരു പ്രത്യേക പരിസ്ഥിതി സംവിധാനമായാണ് ഇതു നിലനിൽക്കുന്നത്. യുഎസ് ദേശീയ വനംവകുപ്പിന്റെ നേരിട്ടുള്ള സംരക്ഷണയിലാണ് പാൻഡോ. അതിനാൽ മരങ്ങൾ വെട്ടുന്നതുമൂലം ഇതു നശിപ്പിക്കപ്പെടാനുള്ള സാധ്യത വളരെ വിരളമാണ്. എന്നാൽ മറ്റുചില ഭീഷണികൾ പാൻഡോ നേരിടുന്നു.

Read Also: 20 ലക്ഷം വർഷംമുൻപ് മറഞ്ഞ വൃക്ഷം, ഒടുവിൽ തിരിച്ചുകിട്ടി; ഇപ്പോൾ വളർത്തുന്നത് രഹസ്യസങ്കേതങ്ങളിൽ

മാനുകളും മറ്റു മൃഗങ്ങളും ഇവിടെ വലിയ തോതിൽ മേയുന്നുണ്ട്. പുല്ലു തേടാനിറങ്ങുന്ന ഈ മൃഗങ്ങൾ പുതുതായുണ്ടാകുന്ന പാൻഡോ മരങ്ങളെയും തൈകളെയും ആഹാരമാക്കുന്നു. മുൻപ് ഇവയുടെ എണ്ണം നിയന്ത്രിക്കാൻ ധാരാളം ചെന്നായ്ക്കളും മറ്റു വേട്ടജീവികളുമൊക്കെ ഇവിടുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തായി വേട്ടജീവികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഇതുകാരണം മാനുകളുടെയും മറ്റും എണ്ണം വലിയതോതിൽ വർധിച്ചു.

 (Photo: X/@claire_goodell)
(Photo: X/@claire_goodell)

പാൻഡോ മരങ്ങളെ പല രോഗങ്ങളും ബാധിക്കുന്നുണ്ട്. ഇതിനെല്ലാമുപരി കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പരിസ്ഥിതി സാഹചര്യങ്ങളും പാൻഡോയുടെ നിലനിൽപ് അവതാളത്തിലാക്കുന്നു. ഭൂമിയിൽ മറ്റെങ്ങുമില്ലാത്ത ഈ ജൈവഘടന സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യം യുഎസിലെ പരിസ്ഥിതി സംഘടനകൾ ഉയർത്തുന്നുണ്ട്.

English Summary:

Discover Pando: Unveiling the World's Largest Living Organism Nestled in the US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com