യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിപ്രാപിക്കുന്നു
Mail This Article
ദുബായ് ∙ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തിപ്രാപിക്കുന്നു. രാജ്യത്തുടനീളം അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. അബുദാബിയിലെ മുസഫ ഷാബിയ, ദുബായിലെ ഇൻവെസ്റ്റ്‌മെന്‍റ് പാർക്ക്, ജുമൈറ, അൽ ഖൂസ്, ബർ ദുബായ്, ഊദ് മേത്ത, അൽ നഹ്ദ, ഷെയ്ഖ് സായിദ് റോഡ്, കരാമ, ബർഷ എന്നിവിടങ്ങളിലും ഷാർജയിലെ സജ, മുവൈല, ഖാസിമിയ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളായ റാസൽഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, അജ്മാൻ എന്നിവിടങ്ങളിലും മഴ പെയ്യുന്നു. ചില സ്ഥലങ്ങളിൽ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിലും ഇതുവരെ ഗതാഗത തടസ്സങ്ങളോ മറ്റ് പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മിക്കയിടത്തും വാഹന സഞ്ചാരം സാധാരണ നിലയിൽ തുടരുകയാണ്.
എന്നാൽ മഴയെ തുടർന്ന് എമിറേറ്റ്സ് വിമാന കമ്പനി ചില യാത്രകൾ റദ്ദാക്കിയിട്ടുണ്ട്. ഒമാനിലെ മസ്കത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനം അബുദാബിയിലേക്ക് തിരിച്ചു വിട്ടതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യാത്രയ്ക്കിറങ്ങുന്നവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് കാലാവസ്ഥ അപ്‌ഡേറ്റുകൾ പരിശോധിക്കുകയും വെള്ളം കെട്ടി നിൽക്കുന്ന റോഡുകളിലൂടെ യാത്ര ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു.
ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകള്‍ക്ക് തടസ്സമുണ്ടോയെന്ന കാര്യം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ യാത്ര തടസ്സമില്ലെന്ന് ഉറപ്പാക്കാൻ യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാന ഓഫിസുമായോ ഏജൻസിയുമായോ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഷാർജയിൽ ഈ പ്രാവശ്യം വൻ മുൻകരുതലുകളാണ് എടുത്തിട്ടുള്ളത്. റോഡരികിലെ ഓവുചാലുകൾ അറ്റകുറ്റപ്പണികൾ നടത്തി വെള്ളം കൃത്യമായി ഒഴുകി പോകാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം അധികൃതർ ജനങ്ങളോട് സുരക്ഷയ്ക്കായി വീടുകളിൽ തന്നെ തുടരാൻ നിർദേശിക്കുന്നു. അത്യാവശ്യ സാഹചര്യങ്ങളിലെ മാത്രമേ പുറത്തിറങ്ങാവൂ എന്നും അധികൃതർ നിർദേശിച്ചു. ഇന്ന് (വ്യാഴം) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇന്നും, നാളെയും സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളായിരിക്കും ഉണ്ടായിരിക്കുക. സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പിന്തുടരും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇ അസ്ഥിര കാലാവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. കാലാവസ്ഥ പ്രവചനം അനുസരിച്ച് ഇന്നും നാളെയും ഇടിമിന്നലോടും കാറ്റോടും കൂടി മഴ പെയ്യുമെന്നാണ് പ്രവചനം. ഏപ്രിൽ 16 ന് പെയ്ത മഴ പോലെ ശക്തമാകില്ലെന്നാണ് കരുതുന്നത്. രാജ്യം മുഴുവൻ സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. പാർക്കുകളും ബീച്ചുകളും അടച്ചു. വിമാനത്താവളങ്ങളും എയർലൈനുകളും ഷെഡ്യൂൾ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) ഇന്നലെ (ചൊവ്വാഴ്ച) അർധരാത്രി മുതൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ദുബായിൽ പുലർച്ചെ 2.35 ന് തന്നെ മഴയും മിന്നലും ആരംഭിച്ചു.
∙ 'റോഡിൽ വാഹനങ്ങളുടെ വേഗം കുറച്ചു'
യുഎഇയിലെ വിവിധ റോഡുകളിൽ വാഹനങ്ങളുടെ വേഗം മണിക്കൂറിൽ 100 കിലോ മീറ്ററിൽ താഴെയായി കുറച്ചു. അവ ഏതൊക്കെയാണെന്നറിയാം:
∙ മക്തൂം ബിൻ റാഷിദ് റോഡ് (അബുദാബി-ദുബായ്)
∙ അൽ ഐൻ-ദുബായ് റോഡ്
∙ മക്തൂം ബിൻ റാഷിദ് റോഡ്
∙ അബുദാബി-ദുബായ് (അൽ മഫ്‌റഖ് - റൗദത്ത് അൽ റീഫ്)
∙ അബുദാബി - അൽ ഐൻ റോഡ് (അൽ മഹാവി - അൽ സാദ്)
∙ ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് റോഡ് (അൽ സജ - മസാകിൻ)
∙ അബുദാബി - അൽ ഐൻ റോഡ് (സമുച്ചയ പാലങ്ങൾ - അൽ വത്ബ) ഷെയ്ഖ് സായിദ് ബിൻ
∙ സുൽത്താൻ റോഡ് ( ഷെയ്ഖ് സായിദ് പാലം - അൽ ബഹ്യ)
∙ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ് (യാസ് - അൽ സാദിയാത്ത്)
∙ അൽ ഖലീജ് അൽ അറബി റോഡ് (മുസഫ പാലം - അബുദാബി)
∙ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ റോഡ്
∙ അബുദാബി - അൽ ഖായ്ഫാത്ത് (അൽ നോഫ് പാലം- അൽ ഖായ്ഫത്ത്).