ആഴ്‌ചയില്‍ രണ്ട് ദിവസം വര്‍ക്ഔട്ട് ചെയ്താല്‍ ഭാരം കുറയുമോ?
Mail This Article
ശരീരം ഫിറ്റായിരിക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ, ഇതിനു വേണ്ടി എല്ലാ ദിവസവും എഴുന്നേറ്റ് നടക്കാനോ വ്യായാമം ചെയ്യാനോ ഒന്നും കഴിയില്ല. ഇത്തരത്തില്‍ ചിന്തിക്കുന്ന ഒരാളാണോ നിങ്ങള്‍? എന്നാല്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത. ആഴ്‌ചയില്‍ രണ്ട് ദിവസം മാത്രം മെനക്കെട്ടാല്‍ ശരീരഭാരം കുറയ്‌ക്കാനും ഫിറ്റ്‌നസോടെ ഇരിക്കാനും സാധിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തി.
ആഴ്‌ചയില്‍ രണ്ട് ദിവസമെങ്കിലും വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍ക്ക് വ്യായാമമേ ചെയ്യാത്തവരെ അപേക്ഷിച്ച് ഹൃദയാഘാതവും പക്ഷാഘാതവും ഹൃദയസ്‌തംഭനവുമൊക്കെ വരാനുള്ള സാധ്യത കുറവാണെന്ന് 2023ല്‍ നടന്ന ഒരു പഠനം പറയുന്നു. 90,000 പേരാണ് ഈ പഠനത്തില്‍ പങ്കെടുത്തത്. അതേ സമയം ആഴ്‌ചയില്‍ രണ്ട് ദിവസം വ്യായാമം ചെയ്യുന്നവരും മൂന്നിലധികം ദിവസങ്ങള്‍ വ്യായാമം ചെയ്യുന്നവരും തമ്മില്‍ അകാല മരണ സാധ്യതയുടെ കാര്യത്തില്‍ വ്യത്യാസമില്ലെന്ന് 3,51,000 മുതിര്‍ന്നവരെ പങ്കെടുപ്പിച്ച് മറ്റൊരു പഠനവും കണ്ടെത്തി.
ഈ പഠനങ്ങളുടെ ചുവട് പിടിച്ച് ബീജിങ് ഫുവായ് ഹോസ്‌പിറ്റലിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയോവാസ്‌കുലര്‍ ഡിസീസസിലെ ഗവേഷകരാണ് പുതിയ ഗവേഷണം നടത്തിയത്. ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ശരീരത്തിന്റെ വിന്യാസവും കൊഴുപ്പിന്റെ അളവും ഡ്യുവല്‍ എനര്‍ജി എക്‌സ്‌റോ അബ്‌സോര്‍പ്‌ടിയോമെട്രി(ഡിഎക്‌സ്‌എ സ്‌കാന്‍) ഉപയോഗിച്ചാണ് അളന്നത്. 9600 പേരുടെ വിവരങ്ങള്‍ വിലയിരുത്തി.
ഇതില്‍ 4000 പേര്‍ ആഴ്‌ചയില്‍ കുറഞ്ഞത് 150 മിനിട്ട് വ്യായാമം ചെയ്യുന്നവരും ഇത് മൂന്നോ അതിലധികം ദിവസങ്ങളോ കൊണ്ട് പൂര്‍ത്തിയാക്കുന്നവരുമാണ്. അതേ സമയം ഇവരില്‍ 772 പേരാകട്ടെ ഒന്ന് രണ്ട് ദിവസം കൊണ്ട് ആഴ്‌ചയിലെ നിര്‍ദ്ദിഷ്ട വ്യായാമ സമയം പൂര്‍ത്തിയാക്കുന്നവരാണ്. രണ്ട് സംഘത്തില്‍പ്പെട്ടവര്‍ക്കും വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് അരവയറിന് വണ്ണവും ബോഡി മാസ് ഇന്‍ഡെക്‌സും ശരീരത്തിലെ കൊഴുപ്പിന്റെ തോതും കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. വ്യായാമത്തിന്റെ ആവൃത്തിയില്‍ വ്യത്യാസമുണ്ടായിട്ടും രണ്ട് സംഘത്തില്‍പ്പെട്ടവര്‍ക്കും ഫിറ്റ്‌നസിന്റെ അളവുകള്‍ ഏതാണ്ട് ഒരേ പോലെയാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
രാവിലെ ഊർജസ്വലതയോടെ എഴുന്നേൽക്കാൻ ബെഡ് സ്ട്രെച്ചസ്: വിഡിയോ